ദുബായ്- പാക്കിസ്ഥാനില്‍ അണക്കെട്ട് നിര്‍മിക്കാന്‍ യു.എ.ഇയിലെ പാക് ബിസിനസുകാരുടെ കൂട്ടായ്മ. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് ഈയിടെ നടത്തിയ യു.എ.ഇ സന്ദര്‍ശനത്തിനിടെ നടത്തിയ അഭ്യര്‍ഥനയുടെ പ്രതികരണമായാണ് പാക് ബിസിനസുകാര്‍ ഒത്തുചേര്‍ന്നത്. ദിയാമര്‍ ഭാഷ അണക്കെട്ട് നിര്‍മിക്കുന്നതിനായി ഇവര്‍ ഒരു ദശലക്ഷം ഡോളര്‍ വാഗ്്ദാനം ചെയ്തു.
ദുബായ് ബിസിനസുകാരായ മുംതാസ് മുസ്്ലിം, അംജദ് അലി ഖാന് എന്നിവരാണ് യോഗം വിളിച്ചുചേര്‍ത്തത്. പാക് സെനറ്റര്‍ ഫൈസല്‍ ജാവേദും സംബന്ധിച്ചു. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ തന്നെ 756000 ഡോളറിന്റെ സഹായ വാഗ്ദാനമുണ്ടായി. ബാക്കി ഏതാനും ദിവസത്തിനുള്ളില്‍ ശേഖരിക്കും.
ഇപ്പോള്‍ അണക്കെട്ട് നിര്‍മിച്ചില്ലെങ്കില്‍ 2025 ആകുമ്പോഴേക്കും രാജ്യം ഗുരുതരമായ വരള്‍ച്ച നേരിടുമെന്ന് ഇംറാന്‍ ഖാന് രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനായി ലോകമെങ്ങുമുള്ള പാക് പ്രവാസികളുടെ സഹായം അദ്ദേഹം തേടുകയായിരുന്നു. 90 ലക്ഷത്തോളം പാക്കിസ്ഥാനികളാണ് വിദേശങ്ങളില്‍ ജീവിക്കുന്നത്.