Thursday , October   18, 2018
Thursday , October   18, 2018

അരിമ്പൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍- അരിമ്പൂര്‍ കായല്‍ റോഡിലെ നാല് സെന്റ് കോളനിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അക്രമാസക്തനായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പിടികൂടി. നാല് സെന്റ് കോളനിയിലെ കെട്ടിട നിര്‍മാണ തൊഴിലാളിയായ കരിയാറ്റില്‍ വീട്ടില്‍ കുട്ടന്റെ മകന്‍ കലേഷിനെ(35)യാണ് വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലു സെന്റ് കോളനിയിലെ ഓട്ടോ ഡ്രൈവറായ മുറ്റിച്ചൂര്‍ വീട്ടില്‍ രതീഷിനെ (33) അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. രതീഷിന്റെ ഭാര്യ ജ്യോതി, പിതാവ് കൊച്ചുമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച അര്‍ധരാത്രി പന്ത്രണ്ടോടെയാണ് കൊലപാതകം നടന്നത്.
കലേഷിന്റെ വീടിനകത്തു കയറി വാളു വീശി ഭീഷണിപ്പെടുത്തിയ രതീഷിനെ കലേഷ് ചോദ്യം ചെയ്തപ്പോഴാണ് കലേഷിനെ നീളമുള്ള വാളു കൊണ്ട് വെട്ടിയത്. വെട്ടേറ്റ കലേഷ് വീട്ടുമുറ്റത്ത് നിന്ന് ഇറങ്ങി ഓടുന്നതിനിടെ കോളനി റോഡിലെ കടയുടെ മുന്നില്‍ വീഴുകയായിരുന്നുവെന്ന് കോളനിക്കാര്‍ പറഞ്ഞു. പിന്നാലെയെത്തിയ രതീഷ് കഴുത്തില്‍ ആഞ്ഞ് വെട്ടുകയായിരുന്നു. തടയാന്‍ ചെന്ന കോളനിക്കാരെ ഇയാള്‍ വാള്‍ വീശി ഭീഷണിപ്പെടുത്തി അകറ്റി. കലേഷിന്റെ കഴുത്തിലും തലയിലും നിരവധി തവണ ആഞ്ഞു വെട്ടിയത്രെ. അന്തിക്കാട് പോലീസ് വരുന്നത് വരെ ഇയാള്‍ വാള്‍ വീശി വെല്ലുവിളി മുഴക്കിക്കൊണ്ടിരുന്നു. പോലീസിനെ കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കോളനിയില്‍ നിന്ന് കുറച്ചകലെയുള്ള ബന്ധുവീട്ടില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘവും യുവാക്കളും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ വീട് വളഞ്ഞു. അപ്പോഴും വീട്ടിലെ സ്റ്റെയര്‍ കെയ്‌സില്‍ നിന്ന് വാള്‍ വീശി ഇയാള്‍ ഭീഷണി മുഴക്കി കൊണ്ടിരുന്നു. പോലീസ് തോക്ക് ഉപയോഗിച്ച് കീഴ്‌പ്പെടുത്തുന്ന ഘട്ടമെത്തിയപ്പോള്‍ നാട്ടുകാരിലൊരാള്‍ രതീഷിനെ അനുനയിപ്പിക്കുകയായിരുന്നു. ഈ തക്കത്തില്‍ രതീഷിനെ പോലീസ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശൂരില്‍ ഓട്ടോ ഡ്രൈവറായ രതീഷ് തിങ്കളാഴ്ച രാത്രി വീട്ടില്‍ വഴക്കിട്ട് ഭാര്യ ജ്യോതിയെ വാളുകൊണ്ട് വെട്ടിയപ്പോള്‍ തടയാന്‍ ചെന്ന പിതാവ് കൊച്ചുമോനെയും മര്‍ദിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരായ യുവാക്കള്‍ ഓടിയെത്തി ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ ജ്യോതി വീട്ടില്‍ നിന്ന് പ്രാണരക്ഷാര്‍ഥം ഓടി. പിന്നിട് ഭാര്യയെ തേടി കോളനിയിലെ വീടുകളില്‍ കയറി വാളുവീശി ഭീഷണി മുഴക്കുന്നതിനിടെയാണ് കലേഷിനെ വെട്ടിയത്.  തങ്കയാണ് കലേഷിന്റെ അമ്മ. സഹോദരങ്ങള്‍: കണ്ണന്‍, കാഞ്ചന.

 

Latest News