Monday , December   10, 2018
Monday , December   10, 2018

റോസ്മലയിലെ കാഴ്ചകൾ

കൊല്ലം ജില്ലയിലെ പുനലൂരിൽനിന്ന് 35 കിലോമീറ്റർ യാത്ര ചെയ്ത് ആര്യങ്കാവ് വഴി റോസ്മലയിലെത്താം. ആര്യങ്കാവിൽനിന്നും ഒൻപത് കിലോമീറ്ററോളം ഉൾവനത്തിലൂടെയാണ് യാത്ര. തുടക്കത്തിൽ മാത്രമാണ് കുറച്ച് വീടുകളുള്ളത്. പിന്നീട് വിജനമായ കാനന പാത.
ഇവിടേക്ക് സഞ്ചാരികൾ അറിഞ്ഞുകേട്ട് വരാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. അതിനാൽ മനുഷ്യനുപേക്ഷിക്കുന്ന മാലിന്യം പൊതുവെ കുറവാണ്. ആന, പുലി, മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങൾ യഥേഷ്ടമുള്ള കാടാണങ്കിലും പോകുന്ന വഴിക്ക് സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. 
റോസ്മലയിലേക്കുള്ള റോഡ് വളരെ മോശമവസ്ഥയിലാണ്. അതിനാൽ ബൈക്കുകളിൽ യുവാക്കൾ മാത്രമാണ് ഇവിടേക്കെത്തുന്നത്. റോഡിന്റെ കയറ്റം അവസാനിക്കുന്നത് ശെന്തുരുണി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന്റെ അടുത്താണ്. കയറിവരുന്ന വാഹനത്തിന്റെയും സഞ്ചാരിയുടെയും വിവരങ്ങൾ ഇവിടെ രേഖപ്പെടുത്തണം. തുടർന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ റോസ്മല ഗ്രാമത്തിലെത്താം.
റോസ്മല ഗ്രാമത്തിലെത്തുന്ന സഞ്ചാരികളെ ആദ്യം വരവേൽക്കുന്നത് നോക്കാത്ത ദൂരത്ത് കൃഷിചെയ്തിരിക്കുന്ന കോലിഞ്ചിയാണ്. മൂന്ന് വർഷത്തിലൊരിക്കലാണ് കോലിഞ്ചി വിളവെടുക്കുന്നത്. പല വീടുകളിലും സഞ്ചാരികൾക്ക് വിൽക്കാനായി നാടൻ തേനും വെച്ചിട്ടുണ്ട്. ഇവിടുത്തെ പ്രധാന തൊഴിൽ കൃഷി തന്നെയാണ്. ആദ്യ കാലത്ത് കുരുമുളക്, ഇഞ്ചി, ഗ്രാമ്പു തുടങ്ങിയവ യഥേഷ്ടം കൃഷി ചെയ്തിരുന്നു.  എന്നാൽ വന്യമൃഗ ശല്യം കൂടിയതോടെ റബർ കൃഷിയിലേക്ക് വഴിമാറിത്തുടങ്ങിയിട്ടുണ്ട്. 
ഗ്രാമത്തോട് ചേർന്നു തന്നെയാണ് ശെന്തുരുണി ഇക്കോടൂറിസത്തിന്റെ വ്യൂ പോയന്റും. ഇവിടേക്കുള്ള പ്രവേശനത്തിന് ഒരാൾക്ക് 25 രൂപയാണ്. ടിക്കറ്റ് എടുത്ത് ഇരുനൂറു മീറ്ററോളം നടന്നാൽ വ്യൂ പോയന്റിൽ എത്താം. പരപ്പാർ ഡാമിന്റെ വൃഷ്ടിപ്രദേശമാണ് കാഴ്ചകൾ. ഡാമിലേക്ക് ഒഴുകിയെത്തുന്ന ശെന്തുരുണിയാറും ഉമയാറും ഇവിടെ പതിനഞ്ചോളം ചെറുദ്വീപുകൾ രൂപപ്പെടുത്തിയിരിക്കുന്നു. ഇവിടെ അധികം മനുഷ്യ സ്പർശം ഏറ്റിട്ടില്ല.
ഒരു സമയത്ത് ഇവിടുത്തുകാർ നടന്നും ചെറുവാഹനങ്ങളിലും എത്തിയിരുന്ന റോഡ് ഈ റോസ്മലയാറ്റിൽ മുങ്ങിക്കിടപ്പുണ്ട്. ഡാം ഉയർന്ന് വെള്ളം പൊങ്ങിയതോടെയാണ് റോഡ് വെള്ളത്തിനടിയിലായത്. തുടർന്നാണ് ഇവിടുത്തുകാർ ഒറ്റപ്പെട്ടതും ആര്യങ്കാവ് വഴി അധിക യാത്ര ചെയ്യേണ്ടിവന്നതും. ഇത്തരത്തിൽ 24 കിലോമീറ്ററാണ് ഉമയാറും റോസ്മലയാറും ശെന്തുരുണിയാറുമായി നീണ്ടുകിടക്കുന്നത്.
വേനൽ കനക്കുമ്പോൾ ആറിലെ വെള്ളത്തിന്റെ അളവ് താഴുകയും ചെയ്യും. അതോടു കൂടി ദാഹജലത്തിനായി ആനയും കാട്ടുപോത്തും ആറ്റിലേക്കുത്തുന്ന വിദൂര കാഴ്ചയും സഞ്ചാരികൾക്ക് ആസ്വദിക്കാം. 
വ്യൂ പോയന്റിന്റെ ഭാഗത്ത് മുൻപ് കയറാൻ അനുവാദമുണ്ടായിരുന്ന വ്യൂ ടവറിൽ വയർലസ് ലൈൻ സ്ഥാപിച്ചിരിക്കുന്നതിനാൽ സഞ്ചാരികൾക്ക് പ്രവേശനമില്ല. അതുകൂടി ഉണ്ടായിരുന്നുവെങ്കിൽ റോസ്മലയെ കുറച്ചുകൂടി ഉയരത്തിൽനിന്ന് ആസ്വദിക്കാൻ കഴിഞ്ഞേനേ. 
സഞ്ചാരികൾക്ക് പുതിയ വ്യൂ ടവറും ദൂരകാഴ്ചക്കായി ബൈനാക്കുലർ സംവിധാനവും ഏർപ്പെടുത്തുകയും ചെയ്താൽ അധിക സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്ന പ്രതീക്ഷയുണ്ട്. ഇത് ടൂറിസത്തിന് മറ്റൊരു വരുമാന മാർഗവുമാകും. 
അതിനോടൊപ്പം റോസ്മല ഗ്രാമത്തിലേക്ക് ടൂറിസമെത്തിയപ്പോൾ നൂറുകണക്കിന് വാഹനങ്ങളും സഞ്ചാരികളും ദിനംപ്രതി ഇവിടേക്ക് കടന്നുവരുന്നു. അതിനാൽ തന്നെ സംരക്ഷിത പ്രദേശമായി നിലനിർത്തേണ്ട ഗ്രാമത്തിനു മാറ്റം വരാതെ നോക്കേണ്ടത് വരുംകാലത്തിന്റെ ആവശ്യമാണ്.    

Latest News