Sunday , June   16, 2019
Sunday , June   16, 2019

കിനാവു പോലൊരു യാത്ര 

ജൂലൈ എട്ടിലെ തണുത്തുറഞ്ഞൊരു പ്രഭാതം. ചൈനാ രാജ്യത്തോടു തൊട്ടു ചേർന്ന് മഞ്ഞു മലകൾക്കു ചാരെ... ചിത്ഗുൽ ഗ്രാമത്തിലെ ബാസ്പാ നദിക്കരയിൽ നാട്ടിയ കൂടാരത്തിലെ സുഖനിദ്രയിൽനിന്നു കണ്ണു തുറന്നു...
ഇന്ത്യയുടെ അവസാന ഗ്രാമത്തിലെ സൂര്യോദയം കാണാനായി തണുത്തു മരവിച്ച കൈകളാൽ ടെന്റ് തുറന്ന ഞാൻ ഞെട്ടി. നേരം പുലർന്നിരിക്കുന്നു. എന്തുറക്കമാണ് ഞാനുറങ്ങിയത്. റെക്കോങ് പിയോയിലേക്കുള്ള ബസ് പോയിക്കാണുമല്ലോ. ഞെട്ടിപ്പിടഞ്ഞു മൊബൈലെടുത്തു നോക്കിയപ്പോൾ സമയം അഞ്ചു മണിയേ ആയിട്ടുള്ളൂ. സംശയം തോന്നി വാച്ചിൽ നോക്കിയപ്പോൾ അതിലും അഞ്ചു തന്നെ. വിശ്വസിക്കാനാവുന്നില്ല. എന്നാലും ഇതെങ്ങനെ?
എന്റെ സംശയങ്ങൾക്ക് ഉത്തരമെന്നോണം, പാതി തുറന്ന വാതിലിലൂടെ ബാസ്പാ നദി പതഞ്ഞൊഴുകുന്നതു വ്യക്തമായി കാണാം. അതിനപ്പുറം ഇന്നലെ ഞങ്ങൾ നടന്ന പാലവും പച്ചപ്പു നിറഞ്ഞ മരക്കൂട്ടങ്ങളും. അതേ..! സമയം അഞ്ചായപ്പോഴേക്കും അന്തരീക്ഷം നന്നായി തെളിഞ്ഞിരിക്കുന്നു.
ടെന്റിൽ നിന്നു പുറത്തേക്കിറങ്ങാൻ കാൽപാദം വെച്ചത് രാത്രിമഞ്ഞിനാൽ നനഞ്ഞു കിടക്കുന്ന പുൽത്തകിടിയിലേക്കാണ്. ഐസ് പോലെ തണുത്ത ഭൂമിയിൽ ഉള്ളംകാലു പതിഞ്ഞതും ശരീരമാസകലം ഒരു കോരിത്തരിപ്പ്. അതോടെ ഉറക്ക ക്ഷീണവും മാറി.
പുലർമഞ്ഞു പെയ്യുന്ന പ്രഭാതത്തിൽ മഞ്ഞുമലകളും കണ്ടു  നിൽക്കാൻ എന്തു രസം. ഏതോ സ്വപ്‌നലോകത്തെന്ന പോലെയൊരു പ്രഭാതം. ഈ ഗ്രാമത്തിന് കവചമായി നിൽക്കുന്ന പർവതങ്ങളുടെ ചുവടുഭാഗം മൂടൽമഞ്ഞിനാൽ മറഞ്ഞു കിടക്കുന്നു. ബാസ്പാ നദിക്കപ്പുറമുള്ള മരങ്ങൾ കോടയാൽ കുളിച്ചു നിൽക്കുന്ന കാഴ്ച കണ്ണിന് കുളിർമ്മ തന്നെ.


വീട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയായി, ഈ ഹിമാലയൻ ഗ്രാമത്തിൽ ഞാനിങ്ങനെ നിൽക്കുകയാണ്. തണുത്തിട്ട് കൈകൾ മരവിച്ചിരിക്കുന്നു. ഓരോ നിശ്വാസത്തിലും പുക പോലെ മഞ്ഞിന്റെ നിർഗമനം..
പ്രഭാതത്തിൽ ചിത്ഗുൽ ഗ്രാമം കൂടുതൽ സുന്ദരിയായിരിക്കുന്നു. മരങ്ങൾക്കു നിറം വർധിച്ചതു പോലെ. നീലാകാശത്തെ പകുത്തു നിൽക്കുന്ന ഹിമാലയൻ നിരകൾ വശ്യമായ ചാരുതയോടെ നിൽക്കുന്നു. 
ഇതൊക്കെ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം തന്നെ. ഒരു പ്രതീക്ഷയുമില്ലാതെ പുറപ്പെട്ട യാത്രയിൽ വഴിത്തിരിവായത് റെക്കോങ് പിയോ ബസ് സ്റ്റാന്റിൽ കണ്ടൊരു ബോർഡാണ്. അങ്ങനെ ആ ബസു പിടിച്ച് ഞാനിവിടെയെത്തി..
ഭാഷയറിയാതെ, ദേശം പിടിയില്ലാതെ, കണ്ണിൽ കാണുന്ന കാഴ്ചകളിൽ മുഴുകി, മനസ്സിന്റെ പ്രതീക്ഷയിൽ വിശ്വാസമർപ്പിച്ച് എവിടെ എത്തുമെന്നറിയാത്ത ഈ യാത്ര..!
ലക്ഷ്യത്തിലേക്കുള്ള വഴികൾ മാറിയിരിക്കുന്നു, ചുരങ്ങൾ പലതും താണ്ടിയിരിക്കുന്നു. മനസ്സിന്റെ ഇഷ്ടം പിന്തുടർന്നാണ് ഞാനിപ്പോൾ ചിത്ഗുൽ ഗ്രാമത്തിൽ നിൽക്കുന്നത്. എങ്ങനെയോ ഇവിടെ എത്തിപ്പെട്ടു. ഇന്ത്യാ രാജ്യത്തിന്റെ അറ്റത്തായി, ചൈനാ അതിർത്തിയിൽ.
ഇപ്പോഴിങ്ങനെ ഓർക്കുമ്പോ വല്ലാത്തൊരു പേടി പോലെ. ഇത്ര ദൂരം ആദ്യമായിട്ട് യാത്ര ചെയ്യുന്നതു കൊണ്ടാണോ? അറിയില്ല.. ചെറിയൊരു ടെൻഷൻ ഫീൽ ചെയ്യുന്നു. മൊബൈലിന് റേഞ്ചു പോയിട്ട് 24 മണിക്കൂർ ആവാൻ പോകുന്നു. ഇനി അതാണോ കാരണം. അറിയില്ല.
എത്രയും പെട്ടെന്ന് ആ ബസ് പിടിക്കണം. റെക്കോങ് പിയോയിൽ ചെല്ലണം. സ്പിതി വാലിയിലേക്ക് പോകാൻ വണ്ടി കിട്ടുമോ ? അറിയില്ല. എങ്ങനേലും എനിക്ക് അവിടെയെത്തണം. വേഗം രഘുവിനേയും വിളിച്ചുണർത്തി, തണുത്തു മരവിച്ച കൈകളാൽ എങ്ങനെയോ ടെന്റ് മടക്കി ബാഗിലാക്കി ഈ യാത്ര തുടരുകയാണ്.
ഒരായുസ്സു മുഴുവൻ ഓർക്കാൻ സുന്ദരമായ ഓർമ്മകൾ തന്ന ഈ ഗ്രാമത്തിലേക്ക് അവസാനമായി ഒന്നുകൂടി കണ്ണോടിച്ചു. എന്തു രസമായിരുന്നു ഇന്നലെ അനുഭവിച്ച നിമിഷങ്ങൾ. കിനാവിൽ ഞാൻ കണ്ട ആഗ്രഹങ്ങൾ പുലരുന്ന യാത്രയിലെ അപ്രതീക്ഷിത തീരുമാനം എന്നെയീ ഗ്രാമത്തിലെത്തിച്ചു. കൂട്ടിന് രഘുവിനെ കിട്ടി, ഞങ്ങളൊരുമിച്ചു ബാസ്പാ നദിക്കരയിൽ കൂടാരം കെട്ടി.
ബാസ്പാ നദിയും കടന്ന്, ചിത്ഗുൽ ഗ്രാമത്തിന്റെ കാണാക്കാഴ്ചകൾ തേടി നടന്നു. അവസാനം ഒരു മാന്ത്രിക നിമിഷത്തിൽ കണ്ട ചന്ദ്രോദയവും മഞ്ഞുമലയുടെ പ്രതിഫലനവും ഇപ്പോഴും മനസ്സിൽ തെളിയുന്നു.

സമയം 06:30
'ചിത്ഗുൽ ഗ്രാമത്തിൽനിന്നു ഒരു പറ്റം ഗ്രാമവാസികളെയും ഞങ്ങളെയും വഹിച്ചുകൊണ്ട് റെക്കോങ് പിയോയിലേക്കുള്ള കുഞ്ഞു ബസ് നിരങ്ങി തുടങ്ങി...'
ബസിൽ നിറയെ ഗ്രാമവാസികളാണ്. ചുവപ്പും പച്ചയും നിറമുള്ള കിന്നോരി തൊപ്പി ധരിച്ച ഗ്രാമീണർ. സാങ്‌ല വാലിയിലെ കൃഷിയിടങ്ങളിലേക്കു പോകുകയാണിവർ. പൊന്നുവിളയുന്ന വസന്ത കാലത്ത് എല്ലു മുറിയെ പണിയെടുക്കണം. എങ്കിലേ ശൈത്യകാലം തരണം ചെയ്യാനുള്ള ധാന്യങ്ങളും മറ്റു ഭക്ഷണ സാധനങ്ങളും തരപ്പെടൂ. പ്രായമായവരുടെ മുഖത്ത് ചുളിവിന്റെ പാടുകൾ കാണാമെങ്കിലും ജ്വലിക്കുന്ന കണ്ണുകളിൽ പതിന്മടങ്ങ് ഊർജസ്വലത.
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ സൗഭാഗ്യങ്ങൾ തിരിച്ചറിയുന്നത്. അനുഗൃഹീതമായൊരു ജീവിതം ലഭിച്ചിട്ടും, ചെറിയ കുറ്റവും കുറവും ചികഞ്ഞു പിടിച്ചു ജീവിതത്തെ പഴിക്കുന്നവർ ഇവിടേക്കൊന്നു വരണം. വർഷത്തിൽ ആറു മാസവും മഞ്ഞിനടിയിലാവുന്ന ഗ്രാമത്തിലെ ആളുകളെ കാണണം. അവരുടെ ജീവിതം അടുത്തറിയണം. നെഞ്ചിൽ കൈവെച്ചു പറയാൻ കഴിയും, നമ്മളൊക്കെ എന്തു മാത്രം ഭാഗ്യം ചെയ്തവരാണെന്ന്..
വിരസമായ പകലുകളിൽ ഞാൻ കണ്ടിരുന്ന കിനാവുകളിൽ ഇങ്ങനൊരു യാത്രയുണ്ടായിരുന്നു. നൂലു പൊട്ടിയ പട്ടം പോലൊരു യാത്ര.. പരിമിതികളില്ലാത്ത യാത്ര.. എങ്ങോട്ടാണോ മനസ്സു പറയുന്നത്, അവിടം നേരിൽ കാണാനായി ഒരു യാത്ര..
അന്നൊക്കെ എനിക്കതെല്ലാം നടക്കാത്ത സ്വപ്‌നങ്ങളായിരുന്നെങ്കിൽ, ഇന്നിപ്പോൾ അതെല്ലാം യാഥാർഥ്യമാവുകയാണ്. സ്വപ്‌നവും സത്യവും തിരിച്ചറിയാനാവാത്ത അനുഭൂതിയിൽ കർച്ചം പാസ്സിന്റെ ഭീതിപ്പെടുത്തുന്ന ഓരോ വളവുകളും വിടർന്ന കണ്ണുകളോടെ അനുഭവിക്കുകയാണ്. വലതു വശത്ത് തൂവെള്ള നിറമുള്ള പാറക്കെട്ടുകൾ, ഇടതു ഭാഗത്തേക്ക് നോക്കിയാൽ ചെങ്കുത്തായ താഴ്ചയും താഴെ അരഞ്ഞാണം പോലെ ബാസ്പാ നദിയും.
െ്രെഡവറിപ്പോൾ നല്ലൊരു നാടൻ പാട്ട് വെച്ചിരിക്കുന്നു. ഈ യാത്രക്ക് പറ്റിയ പാട്ടു തന്നെ. വണ്ടി ഓരോ കുഴികളിൽ ചാടുമ്പോൾ യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും ആടുന്നത് പോലും ഈ പാട്ടിന്റെ താളത്തിന് ചേർന്നത് പോലെ. അപകടകരമായ വഴിയും ഈ പഴയ ബസും െ്രെഡവറുടെ ചാരെ എരിയുന്ന ചന്ദനത്തിരിയുടെ ഗന്ധവും നാടൻ പാട്ടിന്റെ ഈണവും ഈ ഗ്രാമീണരുടെ സംസാരവും ചിരിയും തമാശകളും, എല്ലാം കൂടെ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയിലേക്ക് ഈ യാത്രയെത്തിരിക്കുന്നു...
ബസിന്റെ ജനലിലൂടെ തലയിട്ടു താഴേക്ക് നോക്കുമ്പോൾ ടയറിന്റെ നേരെ താഴെയായി നേർത്ത വര പോലെ ബാസ്പാ നദി കാണാം. വണ്ടിയുടെ നിയന്ത്രണം തെറ്റിയാൽ വേറെ എവിടെയും തട്ടാതെ നേരെ നദിയിൽ പോയി പതിക്കും. പേടിയോടെയാണെങ്കിലും യാത്ര ആസ്വദിച്ചു തന്നെ ഇരിക്കുകയാണ്. പതുക്കെ കൈ പുറത്തേക്കിട്ടപ്പോൾ സൂചി കുത്തുന്ന പോലെ സ്പർശിക്കുന്ന തണുത്ത നൂൽമഴ..
കൈയിൽ മുത്തുന്ന ഓരോ തുള്ളിയും സിരകളിലൂടെ പടർന്ന് നെഞ്ചിൽ പതിക്കുന്ന പോലെ. നിമിഷങ്ങളെ വിലപ്പെട്ടതാക്കുന്ന, പ്രണയാർദ്രമായ ഓർമ്മകൾ.. അവയിലൂടെ ഞാനിങ്ങനെ നീങ്ങുകയാണ്...
മനോഹരമായ വഴിയോരങ്ങളിൽ ഇടതൂർന്നു നിൽക്കുന്ന ആപ്രിക്കോട്ട് മരങ്ങൾക്കിടയിലൂടെ ഒരു ഗസലിന്റെ താളത്തിൽ ആടിയാടി വരുന്നൊരു ബസ്. അതിൽ ഗ്രാമവാസികളോടൊപ്പം, കിന്നോരി തൊപ്പിയും വെച്ചു രണ്ട് ഇണ കുരുവികൾ.. അവർക്ക് താളം പിടിച്ചു കൊണ്ട് കയ്യിൽ ദഫും കൊട്ടിക്കൊണ്ടൊരു സൂഫി ഗായകൻ..
'മുഹബ്ബത്ത് മുഹബ്ബത്ത്...
ക്യാഹേ മുഹബ്ബത്ത്...
ജുനൂൻ ഹൈ യദാലത്ത്..
ക്യാഹേ മുഹബ്ബത്ത്...'
അനുഭവിക്കുന്ന നിമിഷങ്ങളും ചിന്തകളിൽ വിരിഞ്ഞ കാര്യങ്ങളും ഒന്നായപ്പോൾ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന മായികമായ അനുഭൂതിയിലേക്ക് അറിയാതെ മയങ്ങി വീഴുകയായിരുന്നു..
മനോഹരമായ ചിന്തകളിലൂടെ, സുന്ദരമായ കാഴ്ചകളിലൂടെ, കിനാവിലേക്കുള്ള യാത്ര തുടരുകയാണ്. ഇന്നിനി റെക്കോങ് പിയോയിൽ ചെന്ന് അവിടെ സമയം ചെലവഴിക്കണം. നാളെ രാവിലെ കാസയിലേക്കുള്ള ബസ് പിടിക്കണം. കഴിയുമെങ്കിൽ നാക്കോ ഗ്രാമത്തിൽ ഒരു രാത്രി താമസിക്കണം. ശേഷം സ്പിതി വാലിയിലെത്തണം, അവിടുന്ന് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ് കണ്ടുപിടിക്കണം.
സാങ്‌ല വാലിയും പാറമലകൾ തുരന്നുണ്ടാക്കിയ അപകടകരമായ കർച്ചം പാസം കടന്ന് പത്തു മണിയോടെ ബസ് റെക്കോങ് പിയോ ടൗണിൽ എത്തുവോളം ചിന്തകൾ ഇതൊക്കെയായിരുന്നു. രഘു വിളിച്ചപ്പോഴാണ് ഇറങ്ങാനുള്ള സ്ഥലമെത്തിയെന്ന് മനസ്സിലായത്. അങ്ങനെ പിയോ ബസ് സ്റ്റാന്റിന് മുൻപായി ഞങ്ങളിറങ്ങി, അടുത്തു കണ്ടൊരു ഹോട്ടലിൽ കയറി ആലു പൊറാത്ത കഴിച്ചു വിശപ്പടക്കി. ഇനിയെങ്ങോട്ട്? അറിയില്ല....!
രഘുവിന് ഇന്ന് വൈകിട്ടു തന്നെ ഷിംലയ്ക്ക് തിരിച്ചു പോകണം. ഞാനെന്തായാലും കിട്ടിയ സമയം കൊണ്ട് ഗൂഗിളിൽ ഒന്ന് പരത്തിയപ്പോൾ ഇവിടുന്ന് 15 കിലോമീറ്റർ അകലെയായി കൽപ എന്നൊരു ഗ്രാമം കണ്ടു. ശേഷം അവിടുന്ന് അഞ്ചു കിലോമീറ്റർ ദൂരത്തിൽ റോഘി ഗ്രാമവും. അവിടേക്കുള്ള റോഡിന്റെ ഫോട്ടോ കണ്ടപ്പോൾ വല്ലാതെ ഇഷ്ടമായി. എന്തായാലും രഘുവിനെ കാണിച്ചപ്പോൾ അവനും റെഡി. അങ്ങനെ ഞങ്ങൾ രണ്ടും റെക്കോങ് പിയോ ടൗണിൽനിന്നും കൽപയിലേക്കുള്ള ബസിൽ കയറി.
ഒരു പ്രതീക്ഷയും വെക്കാതെ തുടങ്ങിയ യാത്രയിൽ വീണ്ടും ഒരോ വഴിത്തിരിവുകൾ. ഇപ്പൊൾ ഞങ്ങളൊരു മിനി ബസിലാണ്. ഇതിലും നിറയെ കിന്നോരി തൊപ്പി വച്ച ഗ്രാമീണർ. ബസ് നീങ്ങി അൽപം കഴിഞ്ഞതും ഇടതു വശത്തായി കിന്നർ കൈലാസ മലനിരകളുടെ മോഹിപ്പിക്കുന്ന ദൃശ്യം കാണാൻ തുടങ്ങി.

തെളിഞ്ഞ നീലാകാശത്തിൽ തല ഉയർത്തി നിൽക്കുന്ന ഭീമാകാരമായ പർവ്വതനിരകൾ. അധികം ദൂരെയല്ലാതെ നിലകൊള്ളുന്ന ആ മലനിരകളോട് സമമായി, ഇപ്പുറത്തുള്ള വേറൊരു മലയിലുടെയാണ് ഞങ്ങളുടെ യാത്ര. വളഞ്ഞു പുളഞ്ഞു കയറിപ്പോകുന്ന വഴിയിൽ ഇരുവശവും ആപ്പിൾ മരങ്ങൾ കാണാം. സുന്ദരമായ പൂച്ചെടികൾ, ആപ്രിക്കോട്ട് മരങ്ങൾ, മഞ്ഞ നിറത്തിലുള്ള ഇലകൾ നിറഞ്ഞ കുഞ്ഞു ചെടികൾ, ദേവദാരു മരങ്ങൾ.. അങ്ങനെ എല്ലാം കൂടെയായപ്പോൾ എന്താ രസം..
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരം കാഴ്ചകളൊക്കെ കാണുന്നത്. പരിമിതികളിൽ പരിഭവപ്പെട്ട് വീട്ടിൽ ഇരുന്നെങ്കിൽ ഞാനൊരിക്കലും ഇവിടെ എത്തില്ലായിരുന്നു. അതുപോലെ ഒരു യാത്രയിൽ ഏറ്റവും വേണ്ട ഒരു കാര്യം, മനസ്സിന്റെ ഇഷ്ടത്തിനനുസരിച്ച് തീരുമാനങ്ങൾ എടുക്കുക എന്നതാണ്. ഇന്നലെ ചിത്ഗുൽ ഗ്രാമത്തിലേക്ക് പോയില്ലായിരുന്നെങ്കിൽ, ഇന്നീ കാഴ്ചകളൊക്കെ എനിക്കു നഷ്ടമാകുമായിരുന്നു..
ഇന്നിപ്പോൾ ഇതു വരെ കണ്ടതിൽ നിന്നും വളരെ വ്യത്യസ്തമായി തോന്നിയ ഭൂപ്രദേശത്തിലൂടെ ഈ യാത്ര തുടരുകയാണ്. ഇടയ്ക്കിടെ ഓരോ സ്‌റ്റോപ്പിൽ നിർത്തുന്നു. ആളുകൾ കയറുന്നു, ഇറങ്ങുന്നു. അങ്ങനെ മനോഹരമായ പാതകൾ താണ്ടി, ഏകദേശം മുപ്പതു മിനിറ്റ് കൊണ്ട് ഞങ്ങൾ കൽപയിൽ ബസിറങ്ങി..
ബസ് തിരിക്കാൻ കഴിയുന്ന ചെറിയൊരു സ്ഥലം, ഒരു കടയും മാത്രം. മറ്റൊന്നും ഇവിടെ കാണുന്നില്ല. മരങ്ങൾക്കിടയിലൂടെ തെളിഞ്ഞ മലനിരകൾ എന്നിൽ പ്രതീക്ഷ നൽകിയെങ്കിലും രഘു ആകെപ്പാടെ സംശയിച്ചു നിൽക്കുകയാണ്. എന്തായാലും ബസിൽ നിന്നിറങ്ങിയ ഒരു പയ്യനോട് ഇവിടെ കാണാൻ എന്താണുള്ളതെന്ന് ചോദിച്ചപ്പോൾ അവൻ ഇവിടെ പ്രത്യേകിച്ചൊന്നും ഇല്ല. ഇന്ത്യയിലെ ആദ്യത്തെ വോട്ടറുടെ വീടുണ്ട്. അത്ര മാത്രം..
റോഘി ഗ്രാമത്തെ കുറിച്ചു ചോദിച്ചപ്പോൾ, അങ്ങോട്ട് പോകൽ വലിയ പാടാണ്. ഇപ്പോഴൊന്നും ബസില്ല, പിന്നെ അഞ്ചു കി.മീ. നടക്കേണ്ടി വരും. പോകുന്ന വഴി മനോഹരമാണെന്നും പറഞ്ഞു. ഇതു കേട്ടതും രഘു, വന്ന ബസിൽ തന്നെ തിരിച്ചു പിയോയിലേക്ക് പോകുകയാണെന്നു പറഞ്ഞു. ഞാനാകെ സംശയത്തിലായി. ഇവിടം വരെ വന്നിട്ടിനി തിരിച്ചു പോകണോ ?
എന്തായാലും ഇന്ന് സമയമുണ്ട്. എങ്കിൽ ഇന്ത്യയിലെ ആദ്യത്തെ വോട്ടറുടെ വീട്ടിൽ കയറി അദ്ദേഹത്തെ കണ്ട ശേഷം പിയോയിലേക്കു മടങ്ങാമെന്നു കരുതി, രഘുവിനോട് യാത്ര പറഞ്ഞ ശേഷം ആ പയ്യൻ കാണിച്ചു തന്ന കരിങ്കല്ലു പാകിയ ഇടവഴിയിലൂടെ മുകളിലേക്കു നടപ്പു തുടങ്ങി..
അങ്ങനെ നടന്നു നടന്ന് റോഡവസാനിച്ചിരിക്കുന്നു. ഇതാണ് റോഘി. അധികം വീടുകളില്ലാത്തൊരു കുഞ്ഞു ഗ്രാമം. ആപ്പിൾ കൃഷിയാണ് ഗ്രാമവാസികളുടെ പ്രധാന ജീവിത മാർഗം. പരമ്പരാഗതമായ വിശ്വാസങ്ങൾ കൈവെടിയാതെ ലളിതമായ ജീവിതം നയിക്കുന്ന ഒരു പറ്റം മനുഷ്യരുള്ള ഗ്രാമത്തിലൂടെ അൽപം മുന്നോട്ടു നടന്നു.
കിന്നോരി മാതൃകയിലുള്ള വീടുകൾക്കിടയിലൂടെ, നടന്നു നടന്ന് മനോഹരമായൊരു കാഴ്ചയുള്ള ഭാഗത്തിരുന്നു കയ്യിൽ കരുതിയിരുന്ന ബിസ്‌കറ്റ് കഴിച്ചു, അൽപം വെള്ളവും കുടിച്ച ശേഷം വീണ്ടും കുറെ ചുറ്റി നടന്നു.. കിന്നോരി ഭാഷയിൽ സംസാരിക്കുന്ന, വ്യത്യസ്തമായ ജീവിത ശൈലികൾ പുലർത്തുന്ന ഗ്രാമവാസികൾക്കിടയിലൂടെ റോഘി ഗ്രാമം കണ്ടു.


 

Latest News