Tuesday , May   21, 2019
Tuesday , May   21, 2019

പൗരാവകാശ നിയമങ്ങൾ: നൈതികതയും ദാർശനികതയും

സ്വവർഗ രതിയെ കുറിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച പുതിയ വിധി, നിയമങ്ങളുടെ ആവശ്യകതയെക്കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചുമുള്ള പുതിയ ചിന്തകളുടെ വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ്.  പൗരസ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് രാജ്യം നൂറ്റമ്പതിലധികം വർഷം സാമൂഹ്യ തിന്മയായും പ്രകൃതി വിരുദ്ധമായും കണ്ടുവന്നിരുന്ന മാനസിക ശാരീരിക വൈകൃതത്തിനു നിയമപരമായ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്.  നിയമങ്ങൾ എന്തിനു വേണ്ടിയാണ് ആവിഷ്‌കരിക്കുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാവുകയാണ്.  മനുഷ്യരിൽ അച്ചടക്കമുണ്ടാക്കുന്നതിനും ക്രമസമാധാനം പാലിക്കപ്പെടുന്നതിനും വേണ്ടിയാണ് പ്രധാനമായും നിയമങ്ങൾ ആവശ്യമായി വരുന്നത്. വ്യക്തികളുടെ സ്വാതന്ത്ര്യം പ്രധാനമാണെങ്കിലും സമൂഹത്തിന്റെ സുരക്ഷയും വ്യക്തികൾക്കിടയിലുള്ള ബന്ധങ്ങളുടെ പവിത്രതയും അതിലേറെ പ്രധാനമാണ്.  അവയെ പരിഗണിക്കാതെ വ്യക്തികളുടെ അഭീഷ്ടങ്ങൾ മാത്രം പരിഗണിച്ചുകൊണ്ട് നിർമ്മിക്കപ്പെടുന്ന നിയമങ്ങൾ ആത്മാവും ചൈതന്യവുമില്ലാത്ത കേവലം ജഡങ്ങൾ മാത്രമായിരിക്കും. അവക്ക് നിർമ്മാണാത്മകമായി യാതൊന്നും രാജ്യത്തിനോ സമൂഹത്തിനോ നൽകാൻ സാധിക്കില്ലെന്ന് മാത്രമല്ല, അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. ധാർമികതയെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു നിയമ രൂപീകരണം ഗുണപ്രദമാവില്ല. കാരണം മനുഷ്യ മനസ്സ് തേടിക്കൊണ്ടിരിക്കുന്നത്  യുക്തിഭദ്രവും നൈതികവുമായ തീരുമാനങ്ങളെയാണ്.  
ആധുനിക ഇന്ത്യയിലെ ശിക്ഷാനിയമങ്ങൾ (ഇന്ത്യൻ പീനൽ കോഡ്) 1860 ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് രൂപപ്പെട്ടത്.  അതിനു മുമ്പ് ഇന്ത്യയിൽ ഏകീകൃതമായ ഒരു ശിക്ഷാനിയമം ഉണ്ടായിരുന്നില്ല.   ദൽഹിയിലുള്ള നിയമമായിരുന്നില്ല ബോംബെയിൽ ഉണ്ടായിരുന്നത്.  മദ്രാസിലും ബംഗാളിലും ഒരേ കുറ്റത്തിന് വ്യത്യസ്ത ശിക്ഷാവിധികളായിരുന്നു നടപ്പാക്കിയിരുന്നത്. അതി പുരാതന ഇന്ത്യയിൽ മനു അടക്കമുള്ള സ്മൃതികാരന്മാരുടെ ദണ്ഡവിധികളാണ് ശിക്ഷാനിയമങ്ങളായി ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.   പക്ഷേ വർണാശ്രമം അടക്കിവാണിരുന്ന ജാതീയമായ  കാഴ്ചപ്പാടുകളിൽ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഒരേ കുറ്റകൃത്യത്തിന് തന്നെ വ്യത്യസ്ത ശിക്ഷാവിധികളായിരുന്നു ഉണ്ടായിരുന്നത്. ക്ഷത്രിയൻ കൊല ചെയ്താൽ പിഴശിക്ഷയും വൈശ്യനാണെങ്കിൽ തടവുശിക്ഷയും ശൂദ്രനാണെങ്കിൽ വധശിക്ഷയും എന്നായിരുന്നു ക്രമം. ബ്രാഹ്മണൻ ആണെങ്കിൽ ഒരു ശിക്ഷയും ഇല്ല. വരേണ്യർ അടക്കിവാണിരുന്ന പൗരോഹിത്യ നിയമ വ്യവസ്ഥക്ക് കീഴിൽ ലൈംഗിക ചൂഷണങ്ങളും പീഡനങ്ങളും  അനവധിയായിരുന്നുവെങ്കിലും ലൈംഗിക വൈകൃതങ്ങളെ ഹൈന്ദവ പ്രമാണങ്ങൾ അംഗീകരിച്ചിരുന്നില്ല.  
ഹൈന്ദവ സമൂഹത്തിൽ സ്വവർഗരതി ഉണ്ടായിരുന്നതായി ചരിത്രം എവിടെയും രേഖപ്പെടുത്തുന്നില്ല. മൃഗങ്ങളുമായുള്ള ലൈംഗിക ബന്ധങ്ങൾ വരെ പ്രദർശിപ്പിക്കുന്ന ശിൽപങ്ങൾ കാണപ്പെടുന്നതുകൊണ്ട് അതും നാളെ നിയമ വിധേയമാക്കണമെന്ന ആവശ്യത്തെ പൗരസ്വാതന്ത്ര്യത്തിന്റെ പേരിൽ അനുവദിക്കാൻ സാധിക്കുമോ? ഹൈന്ദവ മതപ്രമാണങ്ങൾ ഇത്തരത്തിലുള്ള ലൈംഗിക വൈകൃതങ്ങൾക്കെതിരെയാണ് സംസാരിച്ചിട്ടുള്ളത്.   
സ്വവർഗ ഭോഗത്തിലേർപ്പെടുന്ന കന്യകകളായ സ്ത്രീകൾക്ക് ഇരുനൂറ് പണം പിഴയായി വിധിക്കണമെന്നും പത്ത് ചാട്ടവാറടി നൽകുകയും ചെയ്യണമെന്നും വിവാഹിതയായ സ്ത്രീ ആണെങ്കിൽ അവരുടെ രണ്ടു വിരലുകൾ മുറിക്കണമെന്നും തലമൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി പരസ്യമായി  നടത്തണമെന്നും മനുസ്മൃതി നിർദ്ദേശിക്കുന്നു. (മനുസ്മൃതി 8:369,370).  പുരുഷന്മാരാണ് സ്വവർഗഭോഗത്തിലേർപ്പെടുന്നതെങ്കിൽ  അവരെ ജാതിഭ്രഷ്ടരായി കണക്കാക്കണമെന്നാണ് മനുസ്മൃതി വ്യക്തമാക്കുന്നത്. (11:68)
ക്രൈസ്തവ വേദപുസ്തകങ്ങളിലും സ്വവർഗരതിയെ  പാപമായി വിശദീകരിക്കുന്നത് കാണാം. ''അനീതി പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ! നിങ്ങൾ വഞ്ചിതരാകരുത്. അസന്മാർഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവർഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവർച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളിൽ ചിലർ ഇത്തരക്കാരായിരുന്നു. (കൊരിന്ത്യർ 6:9-10 ).
വിശുദ്ധ ഖുർആൻ ആകട്ടെ, പ്രവാചകൻ ലൂത്തിന്റെ ജനതയെ കുറിച്ച് വിശദീകരിച്ചുകൊണ്ട് അവർക്കിടയിൽ നിലനിന്നിരുന്ന സ്വവർഗരതിയെ അതിശക്തമായി വിമർശിക്കുന്നത് കാണാം. അതിക്രമം, അവിവേകം, അതിരുവിടൽ തുടങ്ങിയ പ്രയോഗങ്ങളാണ് ഖുർആൻ ഉപയോഗിച്ചിട്ടുള്ളത്. 'നിങ്ങൾ ലോകരിൽ നിന്ന് ആണുങ്ങളുടെ അടുക്കൽ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങൾ അതിക്രമകാരികളായ ഒരു ജനത തന്നെ.'' (ഖുർആൻ 26:165,166.)  
ഇങ്ങനെ സകല വേദഗ്രന്ഥങ്ങളും അതിശക്തമായി പാപമെന്നു വിശേഷിപ്പിച്ചതു കൊണ്ടാണ് ഇന്ത്യൻ ജനത ഈ നീചവൃത്തിയെ ഒരു പാപമായും പ്രകൃതിവിരുദ്ധമായും കൊണ്ടുനടന്നത്. എതിർലിംഗത്തോട് വിമുഖതയുള്ളതുകൊണ്ടാണ് സ്വവർഗത്തിൽ പെട്ടവരോട് ലൈംഗിക ആഭിമുഖ്യമുണ്ടാവുന്നതെന്ന ന്യായത്തെ അംഗീകരിക്കുക വഴി ഒരു തലമുറയോട് നാം ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും അത്. സ്വവർഗത്തിൽ പെട്ടവരെ ഇണകളായി സ്വീകരിക്കുമ്പോൾ അവിടെ പ്രത്യുത്പാദനമോ പ്രജനനമോ ഉണ്ടാവുന്നില്ലെന്നത് നാം അനുഭവിച്ചറിഞ്ഞ യുക്തിഭദ്രമായ ശാസ്ത്രമാണ്. 
സ്വവർഗത്തിൽ പെട്ടവരെ വിവാഹം ചെയ്യുകയോ അവരുമായി ലൈംഗിക ബന്ധം പുലർത്തുകയോ ചെയ്യുന്നവർക്ക് ഒരു ഭാവി തലമുറ ഉണ്ടാവുന്നില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ അശാസ്ത്രീയവും യുക്തിരഹിതവുമായ വിവാഹങ്ങൾക്കും ലൈംഗിക ബന്ധങ്ങൾക്കും അനുമതി നൽകുന്നത് സ്വവർഗാനുരാഗികളോട് ചെയ്യുന്ന ക്രൂരതയാണ്.  പൗരന്മാരുടെ മനോനില നോക്കിയല്ല, അവരുടെ ഭാവിയും സുരക്ഷിതത്വവും സമൂഹത്തിൽ അവർക്ക് ലഭിക്കുന്ന അംഗീകാരവുമെല്ലാം പരിഗണിച്ചുകൊണ്ടായിരിക്കണം നിയമങ്ങൾ ആവിഷ്‌കരിക്കേണ്ടത്. സമൂഹത്തിൽ ആരും അറിയാതെ ഇങ്ങനെയുള്ള വൈകൃതങ്ങൾ നടക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്. അവയിൽ വളരെ കുറഞ്ഞ കേസുകൾ മാത്രമേ നിയമത്തിന്റെ മുമ്പിൽ വരുന്നുള്ളൂ. അതുകൊണ്ട് സാമൂഹികമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാതെ വളരെ രഹസ്യമായ സ്വവർഗ ബന്ധങ്ങൾ പുലർത്തുന്നതിനെ തെറ്റായി കാണേണ്ടതില്ല എന്നതാണ് കോടതി ചർച്ചകളിൽ പോലും വന്നിട്ടുള്ളത്.  ഇവിടെ, സമൂഹത്തിൽ നടക്കുന്ന വൈകൃതങ്ങൾ പിടിക്കപ്പെടുന്നുണ്ടോ, കോടതി മുമ്പാകെ വരുന്നുണ്ടോ എന്നതല്ല കാതലായ പ്രശ്‌നം.  സമൂഹത്തിന്റെ ബോധമണ്ഡലങ്ങളിൽ ഇതൊരു തിന്മയായിട്ടു തന്നെയാണ് നിലനിൽക്കുന്നത്. ആ ബോധമണ്ഡലങ്ങൾക്ക് ഇളക്കം തട്ടിക്കുന്നതിലൂടെ രാജ്യത്തിന്റെ മൗലിക ഭാവമാണ് നഷ്ടപ്പെടുക.   
നിയമങ്ങളെ കേവലം അവകാശങ്ങളിലും സ്വാതന്ത്ര്യങ്ങളിലും തളച്ചിടുന്നതിനു പകരം അവയിലെ നൈതികവും ദാർശനികവുമായ തലങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി അച്ചടക്കമുള്ള ഒരു ജനതയുടെ നിർമ്മിതിയായിരിക്കണം നിയമ നിർമ്മാണങ്ങളുടെ ലക്ഷ്യം എന്ന തിരിച്ചറിവ് ഭരണകൂടത്തിനും നിയമ നിർമ്മാണ സഭകൾക്കും നീതിന്യായ വ്യവസ്ഥക്കും സർവ്വോപരി പൊതുസമൂഹത്തിനും ഉണ്ടായെങ്കിൽ മാത്രമേ രാജ്യം രക്ഷപ്പെടുകയുള്ളൂ.
 

Latest News