Tuesday , May   21, 2019
Tuesday , May   21, 2019

കാണാതെ പോകരുത്,  കർഷകന്റെ കണ്ണുനീർ

പ്രളയത്തെ തുടർന്ന് കാർഷിക മേഖലയിലുണ്ടായ തിരിച്ചടി കേരളത്തിന്റെ കാർഷിക ഉൽപാദനം കുറക്കാൻ പോലും ഇടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. വലിയ നഷ്ടത്തിൽ നിന്ന് കരകയറാനാകാത്ത കർഷകർ അടുത്ത വിളകളിലേക്ക് പ്രവേശിക്കണോ എന്നു പോലുമുള്ള ആശങ്കയിലാണ്. കാലാവസ്ഥയുടെ പ്രവചനാതീതമായ സ്വഭാവവും കർഷകരെ ത്രിശങ്കുവിലാക്കിയിട്ടുണ്ട്. പ്രതിസന്ധികളിൽ കർഷകർക്ക് ആശ്വാസം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.

പ്രളയാനന്തര കേരളത്തിന്റെ ശ്ലഥചിത്രങ്ങൾ ഏറെയും വേദനിപ്പിക്കുന്നതാണ്. സംസ്ഥാനത്തിന്റെ മഹാഭൂരിഭാഗം പ്രദേശങ്ങളെയും തകർത്തെറിഞ്ഞ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രതിസന്ധി നേരിടുന്ന ഒരു സമൂഹത്തെയാണ് പ്രളയം ബാക്കിവെച്ചത്. വീടുകൾ തകർന്നവർ, ഭാഗികമായി നശിച്ചവർ, വ്യാപാര സ്ഥാപനങ്ങൾ വെള്ളം കയറി നശിച്ചവർ, പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾ, കൃഷി നശിച്ച കർഷകർ..അങ്ങനെ പ്രതിസന്ധിയുടെ നാളുകളെ ഇപ്പോഴും തരണം ചെയ്യാനാകാത്ത ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെയുള്ളത്. സർക്കാരിന്റെയും സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇവരുടെ പ്രതിസന്ധിക്ക് പുറം ചികിൽസ മാത്രമേ ആകുന്നുള്ളൂ. കേരളത്തിന്റെ കാർഷിക മേഖലയിലെ ദുരിതക്കാഴ്ചകൾ ഇപ്പോഴും വേദനാ ജനകമായി തുടരുകയാണ്.
പ്രളയം മൂലം ലക്ഷങ്ങളുടെ കൃഷിനാശം സംഭവിച്ച കർഷകരാണ് ഇന്ന് കേരളത്തിലെ ഗ്രാമങ്ങളിലുള്ളത്. കാർഷിക വൃത്തിയെ പ്രധാന വരുമാനമായി കണ്ട ഒരു ജനവിഭാഗം വെള്ളത്തിൽ നശിച്ചു പോയ വിളകളെ കുറിച്ചോർത്ത് നെടിവീർപ്പിടുകയാണ്. അവരുടെ നഷ്ടങ്ങൾ നികത്തുന്നതിനോ കണ്ണീരൊപ്പുന്നതിനോ ഒരു സർക്കാർ പദ്ധതിക്കും കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. 
സംസ്ഥാനത്തെ കാർഷിക പ്രധാന മേഖലകളായ കുട്ടനാട്, പാലക്കാട് എന്നിവിടങ്ങൾ പൂർണമായും വെള്ളം കയറി നശിച്ചിരുന്നു. നെൽകർഷകരാണ് ഈ പ്രളയത്തിൽ ഏറ്റവുമധികം നഷ്ടം നേരിട്ടത്. നെൽപാടങ്ങൾ വിളഞ്ഞു നിൽക്കുന്ന സമയത്താണ് വെള്ളപ്പൊക്കമുണ്ടായത്. പ്രളയത്തിന് ശേഷമുള്ള വയൽകാഴ്ചകൾ ഹൃദയഭേദകമായിരുന്നു. വെള്ളത്തിനടിയിൽ മുങ്ങിപ്പോയ വയലുകളിൽ നിന്ന് കർഷകർക്ക് ലഭിച്ചത് ചെളിയിൽ പുതഞ്ഞ് കറുത്ത് നശിച്ച നെൽമണികളായിരുന്നു. കൊയ്‌തെടുക്കാൻ പോലും വിഷമകരമായ അവസ്ഥ. കൃഷിയിൽ നിന്നുള്ള വരുമാനത്തിന്റെ പ്രധാന ഭാഗമായ വൈക്കോൽ ഏറെക്കുറെ പൂർണമായും നശിച്ചു. കൊയ്‌തെടുത്ത നെല്ല് സംഭരിക്കാൻ സംവിധാനമില്ലാത്തതാണ് കർഷകരുടെ ഇപ്പോഴത്തെ പ്രതിസന്ധി. മിക്കവാറും എല്ലാ കർഷകരുടെയും വീടുകളിൽ നെല്ല് ചാക്കുകളിലാക്കി കൂട്ടിയിട്ടിരിക്കുകയാണ്. ഉപയോഗ യോഗ്യമല്ലെന്ന് പറഞ്ഞ് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ ഉൾപ്പെടെയുള്ള സംഭരണ ഏജൻസികൾ നെല്ല് വാങ്ങാതായതോടെ കർഷകർ നിസ്സഹായരായി.
സംസ്ഥാനത്തെ നെൽകർഷകരിൽ വലിയൊരു വിഭാഗം ബാങ്ക് വായ്പയെടുത്ത് കൃഷി നടത്തുന്നവരാണ്. മൂന്നോ നാലോ മാസത്തെ കാലാവധിയിൽ ലോണെടുത്ത് നെല്ല് വിൽക്കുമ്പോൾ അവ തിരിച്ചടയ്ക്കുന്നതാണ് സാധാരണ രീതി. വൻതോതിൽ കൃഷി നടത്തുന്നവർക്ക് ലക്ഷങ്ങളുടെ വായ്പ എടുക്കേണ്ടി വരും. പാട്ടക്കൃഷി നടത്തുന്നവരും കടുത്ത വായ്പാ ബാധ്യതകളുള്ളവരാണ്. ഇത്തവണ നെല്ല് സംഭരണം നടക്കാതിരുന്നതോടെ വായ്പാ തിരിച്ചടവിന് വഴി കാണാതെ ആശങ്കയിലാണിവർ. കർഷകരുടെ സഹായത്തിനെത്തേണ്ട സിവിൽ സപ്ലൈസ് കോർപറേഷനും കൈമലർത്തുകയാണ്. സ്വകാര്യ ഏജൻസികൾ കുറഞ്ഞ വിലക്ക് പോലും നെല്ല് സംഭരിക്കാൻ തയ്യാറാകുന്നില്ല. തുലാമാസത്തിൽ വീണ്ടും മഴയെത്തിയാൽ കൊയ്‌തെടുത്ത് ചാക്കുകളിലാക്കിയ നെല്ല് കൂടുതൽ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. കേടാകാതെ സൂക്ഷിക്കാനുള്ള സ്ഥലം പോലും പലർക്കുമില്ല.
പ്രളയത്തിന് ശേഷമുള്ള കാലാവസ്ഥാ വ്യതിയാനം റബ്ബർ മേഖലയെയും തളർത്തിയിരിക്കുന്നു. പ്രളയ കാലത്ത് ഉരുൾപൊട്ടലിൽ തോട്ടങ്ങൾ തകർന്നതിന് പിന്നാലെ കാലം തെറ്റിയുള്ള ഇല കൊഴിച്ചിൽ റബ്ബർ പാൽ ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചു. നല്ല രിതീയിൽ പാൽ ലഭിക്കുന്ന സമയത്താണ് ഇല കൊഴിച്ചിലിൽ മരങ്ങൾ തളർന്നു പോയത്. റബ്ബർ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മലയോര മേഖലയിലുള്ളവരെയും മരങ്ങൾ പാട്ടത്തിനെടുത്ത കർഷകരെയും ജോലിക്കാരെയും ഈ കാലാവസ്ഥാ പ്രതിഭാസം പ്രതികൂലമായി ബാധിച്ചു. കനത്ത മഴ മൂലം തേങ്ങയുടെ ഉൽപാദനം കുറഞ്ഞതും കമുങ്ങുകളിൽ മഹാളി രോഗം പടർന്നതും കർഷകരെ തളർത്തിയിരിക്കുകയാണ്.
കാർഷിക മേഖലയിലെ പ്രതിസന്ധി ഇപ്പോഴും സർക്കാർ ഗൗരവമായി എടുത്തിട്ടില്ല. കൃഷി നാശത്തിനിരകളായ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചോ അവരുടെ വായ്പാ ഭാരം ലഘൂകരിക്കുന്നതിനോ കാര്യമായ നടപടികളൊന്നുമില്ല. ബാങ്കുകളും ഇക്കാര്യത്തിൽ വിമുഖത കാണിക്കുകയാണ്. കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിനെ കുറിച്ചോ കാലാവധി നീട്ടി നൽകുന്നതിനെ കുറിച്ചോ കാര്യമായ ചർച്ചകൾ പോലും നടക്കുന്നില്ല.
പ്രളയത്തെ തുടർന്ന് കാർഷിക മേഖലയിലുണ്ടായ തിരിച്ചടി കേരളത്തിന്റെ കാർഷിക ഉൽപാദനം കുറക്കാൻ പോലും ഇടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. വലിയ നഷ്ടത്തിൽ നിന്ന് കരകയറാനാകാത്ത കർഷകർ അടുത്ത വിളകളിലേക്ക് പ്രവേശിക്കണോ എന്നു പോലുമുള്ള ആശങ്കയിലാണ്. കാലാവസ്ഥയുടെ പ്രവചനാതീതമായ സ്വഭാവവും കർഷകരെ ത്രിശങ്കുവിലാക്കിയിട്ടുണ്ട്. പ്രതിസന്ധികളിൽ കർഷകർക്ക് ആശ്വാസം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. 

Latest News