Sunday , May   26, 2019
Sunday , May   26, 2019

കുളം കലക്കി മീൻ പിടിക്കുന്ന ആർ.എസ്.എസ്


ആർ എസ് എസ് രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ത്രിദിന സമ്മേളനം സംബന്ധിച്ച് നിരവധി വ്യാഖ്യാനങ്ങൾ ഇതിനകം പുറത്തുവന്നു. രാജ്യത്തെ മതേതര ജനാധിപത്യ പാർട്ടികളിൽ പ്രവർത്തിക്കുന്ന നേതാക്കളെ കെണിയൊരുക്കി തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്നതാണ് ആർ എസ് എസ് മുഖ്യൻ മോഹൻ ഭാഗവത് ലക്ഷ്യമിട്ടത്. പ്രതീക്ഷക്ക് വിപരീതമായി, അറിയപ്പെടുന്ന കോർപ്പറേറ്റ് ദല്ലാൾ അമർസിംഗ്, ജെ ഡി യു നേതാവ് കെ സി ത്യാഗി എന്നിവർ മാത്രമാണ് ത്രിദിന സമ്മേളനത്തിൽ പങ്കെടുത്തത്.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. തങ്ങളുടെ വിദൂര നിയന്ത്രണത്തിലുള്ള മോഡി സർക്കാരിന്റെ മുഖം മിനുക്കാനാണ് മോഹൻ ഭാഗവത് നേരിട്ടിറങ്ങിയത്. പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘ്പരിവാർ നേരത്തെ നടത്തിയ പല ശ്രമങ്ങളും പൂർണ പരാജയമായിരുന്നു. സാമൂഹിക ധ്രുവീകരണ പ്രവർത്തനങ്ങളാണ് തങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിയതെന്ന് സംഘ്പരിവാർ നേതൃത്വത്തിന് വ്യക്തമായ ബോധ്യമുണ്ട്.
2019 ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഇപ്പോഴുള്ള പ്രതിച്ഛായ മെച്ചപ്പെടുത്തൽ വ്യായാമമെന്ന് ഏതൊരു കൊച്ചുകുട്ടിക്കും ബോധ്യമുള്ളതാണ്. കൂടാതെ തെരഞ്ഞെടുപ്പിന്‌ശേഷം അധികാരത്തിലെത്താൻ മറ്റ് പാർട്ടികളുമായി തട്ടിക്കൂട്ട് സഖ്യമുണ്ടാക്കുകയെന്ന തന്ത്രവും ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ട്. ഈ ശ്രമങ്ങളിലും സംഘ്പരിവാർ പരാജയപ്പെടുമെന്നുറപ്പ്. മോഡി സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കുകയെന്ന കാര്യത്തിൽ രാജ്യത്തെ ജനങ്ങൾ ദൃഢ നിശ്ചയം എടുത്തുകഴിഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ മുഖച്ഛായ മെച്ചപ്പെടുത്തുന്നതിന് സംഘ്പരിവാർ നടത്തിയ ശ്രമങ്ങളുടെ ഫലങ്ങളും സമാനമാണെന്ന് വ്യക്തം. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാടിൽ സംഘ്പരിവാർ നേതൃത്വം മാപ്പെഴുതി നൽകിയെന്ന് മാത്രമല്ല പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുന്നോട്ടുവെച്ച ഇരുപതിന പരിപാടിയെ അംഗീകരിക്കുകയും ചെയ്തു. 
ജയപ്രകാശ് നാരായൺ നേതൃത്വം നൽകിയ പ്രസ്ഥാനത്തിൽ നിന്നും തങ്ങൾ പിൻവാങ്ങിയെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ സംഘപരിവാർ മുഖ്യനായിരുന്ന ബാലാസാഹിബ് ദേവറസ് യർവാദാ ജയിലിൽ നിന്നും ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകൾ മഹാരാഷ്ട്ര നിയമസഭാ രേഖകളിലുണ്ട്.
സ്വതന്ത്ര്യം ലഭിച്ചതു മുതൽ അവർ സമാന നിലപാടുകളാണ് പിന്തുടർന്നു പോന്നിട്ടുള്ളത്. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വധത്തിനുശേഷം അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന സർദാർ പട്ടേൽ ആർഎസ്എസിനെ നിരോധിച്ചു. എഴുതി തയ്യാറാക്കിയ ഒരു ഭരണഘടന പ്രസിദ്ധീകരിക്കണം, സാംസ്‌കാരികമായ കാര്യങ്ങളിൽ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തണം, അക്രമം, ഗൂഢാലോചന തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക, ദേശീയ പതാകയോടും ഭരണഘടനയോടും വിശ്വസ്തത പുലർത്തുക തുടങ്ങിയ നിബന്ധനകളാണ് സർദാർ പട്ടേൽ നിരോധനം നീക്കുന്നതിനായി മുന്നോട്ടുവച്ചത്. അന്നത്തെ ആർ എസ് എസ് അധ്യക്ഷനായിരുന്ന ഗോൾവാൾക്കർ സർദാർ പട്ടേൽ മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിച്ചതിന് ശേഷമാണ് നിരോധനം നീക്കിയത്. ഭരണഘടന തയ്യാറാക്കുക, പ്രവർത്തനങ്ങൾ സാംസ്‌കാരിക മേഖലയിലായി ചുരുക്കുക തുടങ്ങിയ വ്യവസ്ഥകൾ ഇനിയും സംഘ്പരിവാർ അംഗീകരിച്ചിട്ടില്ല.
വർത്തമാനകാല സാഹചര്യത്തിലും പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുള്ള വിഫലമായ ശ്രമങ്ങൾ അവർ തുടരുന്നു. ആർ എസ് എസ് നിയന്ത്രണത്തിലുള്ള മോഡി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുന്നു. തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് അവർക്ക് പകൽപോലെ ബോധ്യമുണ്ട്. മോഡി സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് രൂക്ഷമായ കഷ്ടപ്പാടുകളാണ് സമ്മാനിക്കുന്നത്. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ തീരുമാനങ്ങൾ ജനജീവിതം ദുരിതത്തിലാക്കി. ഭരണഘടന, ജനാധിപത്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊക്കെ തകർക്കുന്നു. ബാങ്കിങ്ങ്, ധനകാര്യ മേഖലകൾ താറുമാറായി. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതും മോഡി സർക്കാറിന്റെ മുഖമുദ്രയായി. എല്ലാ രംഗങ്ങളും കാവിവൽക്കരിക്കുകയെന്ന മോഡി സർക്കാരിന്റെ ഗൂഢ അജണ്ടയാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഇതും പുതിയൊരു പ്രതിച്ഛായാ നിർമാണത്തിന് സംഘപരിവാറിനെ പ്രേരിപ്പിക്കുന്നു. നോട്ട് നിരോധിക്കൽ നടപടിയിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം ഒരുക്കി. നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും തിരികെയെത്തിയെന്ന ആർബിഐ റിപ്പോർട്ട് വന്നതോടെ ഇക്കാര്യം എല്ലാവർക്കും ബോധ്യപ്പെട്ടു. നോട്ട് നിരോധനം നടപ്പാക്കിയതിലൂടെ നിരവധി വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമാക്കി. മറ്റൊരു വിജയഗാഥയായി മോഡി സർക്കാർ പ്രഖ്യാപിച്ച ജിഎസ്ടി സംസ്ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി.
കച്ചവടക്കാരും ചെറുകിട ഇടത്തരം സംരംഭകരും തകർന്നടിഞ്ഞു. പാവപ്പെട്ടവരുടെ ജീവിതം കൂടുതൽ ദുസ്സഹമായി. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ താനും അധികാരത്തിൽ നിന്നും തൂത്തെറിയെപ്പെടുമെന്ന് സംഘ്പരിവാറിനെപോലെ നരേന്ദ്ര മോഡിക്കും ബോധ്യപ്പെട്ടു.
ഈ സന്ദർഭത്തിലാണ് മോഡി സർക്കാർ രണ്ടാംഘട്ട ബാങ്ക് ലയനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കുറി ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയെ ലയിപ്പിക്കാനാണ് തീരുമാനം. എസ്ബിഐയിൽ അനുബന്ധ ബാങ്കുകൾ ലയിപ്പിച്ചതോടെ നിരവധി ശാഖകൾ അടച്ചുപൂട്ടി, കിട്ടാക്കടം വർധിച്ചു, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു, ഇടപാടുകൾ കുറഞ്ഞു. കഴിഞ്ഞ 200 വർഷത്തിനിടെ ആദ്യമായി എസ്ബിഐ നഷ്ടത്തിലായി. ബാങ്കുകൾ ലയിപ്പിക്കാനുള്ള വിഫലമായ നടപടികൾക്കു പകരം വർധിച്ചുവരുന്ന കിട്ടാക്കടം പരിഹരിക്കാനുള്ള ക്രിയാത്മക നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. 2014 ൽ മൂന്ന് ലക്ഷം കോടി രൂപ ആയിരുന്ന നിഷ്‌ക്രിയ ആസ്തി ഇപ്പോൾ പത്ത് ലക്ഷം കോടിയിലധികമായി വളർന്നു.
ഈ സാഹചര്യത്തിലാണ് പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന വൃഥാവ്യായാമങ്ങളുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്തെത്തിയിരിക്കുന്നത്. 
 

Latest News