ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച അഫ്ഗാനിസ്ഥാന് സൂപ്പര്‍ ഫോറില്‍ അവരെ വിറപ്പിച്ചു വിട്ട ശേഷം മൂന്ന് റണ്‍സിന് കീഴടങ്ങി. ആവേശകരമായ പോരാട്ടത്തില്‍ അവസാന ഓവറില്‍ എട്ട് റണ്‍സ് മതിയായിരുന്നു അഫ്ഗാനിസ്ഥാന് ജയിക്കാന്‍. എന്നാല്‍ മുസ്തഫിസുറഹ്മാന് മൂന്നു റണ്‍സേ വഴങ്ങിയുള്ളൂ. വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ ശേഷം മഹ്മൂദുല്ലയുടെയും (81 പന്തില്‍ 74) ഇംറുല്‍ ഖൈസിന്റെയും (89 പന്തില്‍ 72 നോട്ടൗട്ട്) അര്‍ധ സെഞ്ചുറികളില്‍ ഏഴിന് 249 ലെത്തിയ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ഏഴിന് 246 റണ്‍സെടുത്തു. ഓപണര്‍ മുഹമ്മദ് ശഹ്സാദിന്റെയും (81 പന്തില്‍ 53) ഹശ്മതുല്ല ശാഹിദിയുടെയും (99 പന്തില്‍ 71) അര്‍ധ സെഞ്ചുറികളാണ് പരാജയം സമ്മതിച്ചുവെന്ന് തോന്നിയ അഫ്ഗാനിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചത്. ബംഗ്ലാദേശ് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഇന്ത്യക്ക് നാല് പോയന്റുണ്ട്. ബംഗ്ലാദേശിനും പാക്കിസ്ഥാനും രണ്ട് പോയന്റ് വീതവും. അഫ്ഗാനിസ്ഥാന് പോയന്റില്ല.
ശെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ അഞ്ചിന് 87 ലേക്ക് തകര്‍ന്ന ബംഗ്ലാദേശിനെ മഹ്മൂദുല്ലയും ഖൈസുമാണ് കരകയറ്റിയത്. ആറാം വിക്കറ്റില്‍ ഇരുവരും 128 റണ്‍സ് ചേര്‍ത്തു. മുന്‍നിരയില്‍ ഓപണര്‍ ലിറ്റന്‍ ദാസ് (41), മുശ്ഫിഖുറഹീം (33) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. ശാഖിബുല്‍ ഹസന് അക്കൗണ്ട് തുറക്കും മുമ്പെ റണ്ണൗട്ടായിരുന്നു.