Sunday , June   16, 2019
Sunday , June   16, 2019

രാജ്യം കൈവരിച്ച നേട്ടങ്ങളിൽ ഏറെ അഭിമാനം- കിരീടാവകാശി

  • ഭീകരതയോട് സന്ധിയില്ല 

റിയാദ്- സൗദി അറേബ്യയുടെ 88ാം ദേശീയദിനാഘോഷ വേളയിൽ രാജ്യം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് കീഴിൽ കൈവരിച്ച നേട്ടങ്ങളിലും പുരോഗതിയിലും ഏറെ അഭിമാനിക്കുന്നതായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രസ്താവിച്ചു. മഹത്തായ ഈ വേളയിൽ ആധുനിക സൗദി അറേബ്യ കെട്ടിപ്പടുത്ത അബ്ദുൽ അസീസ് രാജാവിനെയും രാജപദവി അലങ്കരിച്ച പിൻഗാമികളായ മക്കളെയും അനുസ്മരിക്കുന്നു. ഉത്കൃഷ്ടമായ സത്തയുടെ അടിസ്ഥാനത്തിൽ രാജ്യം വളർച്ചയുടെ പാതയിൽ ഏറെ മുന്നേറിയിട്ടുണ്ട്. രാജ്യത്തിനുള്ള അന്തർദേശീയ പ്രാധാന്യവും ഇസ്‌ലാമിക, അറബ്  മേഖലകളിലുള്ള ഉന്നത സ്ഥാനവും അഭിമാനജനകമാണ്. പ്രാദേശിക, ആഗോള തലങ്ങളിൽ സമാധാനവും സുരക്ഷിതത്വവും സാധ്യമാക്കുന്നതിന് സൗദി അറേബ്യ നിർണായക പങ്കാണ് നിർവഹിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. ദേശീയ സാമ്പത്തിക വളർച്ചയും സാമൂഹിക സുരക്ഷിതത്വവും ലക്ഷ്യമാക്കി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വഴി രാജ്യം സാമ്പത്തിക നേട്ടം കൈവരിച്ചിട്ടുണ്ട്. മുഴുവൻ സർക്കാർ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും നിർലോഭമായ പിന്തുണയും സഹകരണവും കൊണ്ടാണ് ഇത് സാധ്യമായത്. ബന്ധപ്പെട്ട വകുപ്പിന് കൂടുതൽ അധികാരം നൽകി സുതാര്യവും നീതിയുക്തവുമായ നടപടികൾ വഴി അഴിമതി വിരുദ്ധ പോരാട്ടം ശക്തമാക്കി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ പിന്തുണയാൽ രാജ്യം, ദേശീയ വരുമാനം വൈവിധ്യവൽക്കരിക്കുന്നതിന് ആവിഷ്‌കരിച്ച 'വിഷൻ 2030' സാക്ഷാത്കൃതമാക്കുന്നതിനുള്ള പുറപ്പാടിലാണെന്നും കിരീടാവകാശി പറഞ്ഞു.

ഹജ്, ഉംറ തീർഥാടകരെയും ഇരുഹറമുകളിലെത്തുന്ന സന്ദർശകരെയും സ്വീകരിക്കുന്നതിനും പരിചരിക്കുന്നതിനും ഭാഗ്യം ലഭിച്ചതിൽ ദൈവത്തിന് സ്തുതി പറയുകയാണ്. ഈ വർഷം സമാപിച്ച ഹജ് വൻവിജയമായി പര്യവസാനിച്ചതിലും ഏറെ സന്തോഷമുണ്ട്. ഗവൺമെന്റ് വകുപ്പുകളുടെ അത്യധ്വാനത്തിന് പുറമെ, സൗദി ജനതയുടെ ആതിഥേയത്വത്തിന്റെ വിജയം കൂടിയാണ് ഈ വർഷത്തെ ഹജ്. പുണ്യസ്ഥലങ്ങളുടെ വികസനത്തിനും സേവനത്തിനും സൗദി ഭരണനേതൃത്വം അതീവ തൽപരരുമാണ്. 
പ്രവാചകത്വലബ്ധിക്ക് സാക്ഷ്യംവഹിച്ച, ഇസ്‌ലാം ആവിർഭവിച്ച അന്ന് മുതൽ രാജ്യം യഥാർഥ ഇസ്‌ലാമിക പ്രമാണങ്ങൾ മുറുകെ പിടിച്ച്, മധ്യമ നിലയിൽ മുന്നോട്ടു പോകുകയാണ്. തീവ്രവാദത്തോടും ഭീകരവാദത്തോടും രാജ്യം വിട്ടുവീഴ്ചയില്ലാതെ പോരാടുക തന്നെ ചെയ്യും. സഹിഷ്ണുതയുടെ മതമായ ഇസ്‌ലാമിനെ വികലമാക്കുന്ന തീവ്രവാദിയക്ക് തങ്ങൾക്കിടയിൽ യാതൊരു സ്ഥാനവുമില്ലെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അസന്ദിഗ്ധമായി പ്രസ്താവിച്ചതാണെന്നും കിരീടാവകാശി വ്യക്തമാക്കി. ഭരണനേതൃത്വത്തിനോടുള്ള ധിക്കാരവും പൊതുസുരക്ഷക്ക് വിഘാതം സൃഷ്ടിക്കുന്നതും ഒരു നിലക്കും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ ദേശീയദിനാഘോഷ വേളയിൽ രാജ്യത്തിന്റെ ധീരഭടന്മാരുടെ സേവനം എടുത്തുപറയേണ്ടതാണ്. ദേശവും മതവും സംരക്ഷിക്കുന്നതിന് സർവം ത്യജിക്കാൻ സന്നദ്ധരായ ഭടന്മാരെ അഭിവാദ്യം ചെയ്യുന്നതായും കിരീടാവകാശി പറഞ്ഞു. രണഭൂമിയിൽ രക്തസാക്ഷിത്വം വരിച്ചവർക്ക് ദൈവീക കാരുണ്യത്തിനും മോക്ഷത്തിനും പരിക്കേറ്റവർക്ക് ഉടൻ സൗഖ്യം ലഭിക്കുന്നതിനും പ്രാർഥിക്കുന്നതായും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൂട്ടിച്ചേർത്തു. 

Latest News