Thursday , October   18, 2018
Thursday , October   18, 2018

വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം: ടി.വി നടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം

ജയ്പൂര്‍- മുംബൈക്കാരിയായ ടി.വി നടി രാജസ്ഥാനിലെ ഹോട്ടലില്‍ ബലാത്സംഗത്തിനിരയായെന്ന് പരാതി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി 25 കാരന്‍ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. രാജസ്ഥാനിലെ നീംറാന പോലീസാണ് കേസെടുത്തിരിക്കുന്നത്.
പ്രതിക്ക് സമന്‍സ് അയച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി സംഭവം നടന്ന നീംറാനയിലെത്താന്‍ ഇരക്കും പോലീസ് നിര്‍ദേശം നല്‍കി. സോഷ്യല്‍ മീഡിയ വഴിയാണ് കാണ്‍പൂര്‍ സ്വദേശിയായ യുവാവുമായി നടി അടുത്തത്. ഫെയ്‌സ്ബുക്കിലൂടെ നമ്പര്‍ പരസ്പരം കൈമാറിയ ഇവര്‍ സ്ഥിരമായി വീഡിയോ കോള്‍ നടത്തുമായിരുന്നു.
മണിക്കൂറുകളോളം ഫോണിലൂടെ ചാറ്റുകയും വീഡിയോ കോള്‍ നടത്തുകയും ചെയ്ത ഇവര്‍ വിവാഹിതരാവാനും തീരുമാനിച്ചത്രെ. എന്നാല്‍ അതിന് മുമ്പായി നേരില്‍ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇരുവരും ലഖ്‌നൗ, ദല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ ടൂര്‍ പോകാന്‍ തീരുമാനിച്ചു.
ഇരയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു. ടൂറിനിടെ ഇരുവരും ഒന്നിച്ചു താമസിച്ചു. കാണ്‍പൂരിലെ മാതാപിതാക്കളെ തനിക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഇതെല്ലാമായപ്പോള്‍ യുവാവില്‍ പൂര്‍ണവിശ്വാസം വന്ന യുവതി ശാരീരികമായി വഴങ്ങുകയും ചെയ്തു.
എന്നാല്‍ മുംബൈയില്‍ തിരിച്ചെത്തിയതോടെ യുവാവിന്റെ സ്വഭാവം മാറി. വിവാഹം കഴിക്കാന്‍ ഇയാള്‍ വിസമ്മതിച്ചതോടെയാണ് യുവതി പരാതിയുമായെത്തിയത്.

 

Latest News