Sunday , June   16, 2019
Sunday , June   16, 2019

മുഖാമുഖം മോഡി

ഇക്കഴിഞ്ഞ സെപ്തംബർ മൂന്ന് വ്യക്തിപരമായി എനിക്ക് ഏറെ വിശേഷപ്പെട്ട ഒരു ദിവസമായിരുന്നു. അന്ന് ഞാൻ പ്രധാനമന്ത്രിയെ നേരിൽച്ചെന്ന് കണ്ടു. ദൽഹിയിൽ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായിരുന്നു സന്ദർശനം. രാവിലെ 11 ന് ഏകദേശം അര മണിക്കൂർ അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരവും ലഭിച്ചു. ആ ദിവസം എന്റെ സിനിമാ പ്രവേശത്തിന്റെ 41 ാം വർഷവുമായിരുന്നു. അന്ന് അഷ്ടമി രോഹിണിയുമായിരുന്നു.
നേരത്തേ അപേക്ഷിച്ചതിനുസരിച്ചാണ് എനിക്ക് പ്രധാനമന്ത്രിയെ കാണാൻ അനുവാദം ലഭിച്ചത്. അത്ഭുതകരമായി അദ്ദേഹം തന്നെ എന്നെ വന്ന് സ്വീകരിച്ചു. 'മോഹൻലാൽ ജീ' എന്ന് വിളിച്ച് എന്നെ കെട്ടിപ്പിടിച്ച്, മൂന്ന് തവണ അദ്ദേഹം എന്റെ തോളിൽ തട്ടി. എന്നെ അദ്ദേഹത്തിന് അറിയുമായിരുന്നു. 
വിശദമായിട്ടല്ലെങ്കിലും നേരിയ തോതിൽ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു. നാൽപത് വർഷമായി ഞാൻ സിനിമയിൽ അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോൾ നിഷ്ങ്കളങ്കമായി അദ്ദേഹം വിസ്മയിച്ചു. 'കർണ്ണഭാരം' എന്ന സംസ്‌കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ആദരവോടെ ആ ഭാഷയെ വണങ്ങി. അതേക്കുറിച്ച് സംസാരിച്ചു. ഞാൻ 'ടെറിട്ടോറിയൽ ആർമി'യിൽ 'ലഫ്റ്റനന്റ് കേണൽ' ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഏറെ താൽവര്യത്തോടെ അതേക്കുറിച്ച് കേട്ടു.
എന്റെ അച്ഛൻ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും പേരിൽ ആരംഭിച്ച മനുഷ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന 'വിശ്വശാന്തി' ട്രസ്റ്റിനെക്കുറിച്ച് ചുരുക്കിപ്പറഞ്ഞതിനു ശേഷം പ്രധാനമായും നാല് കാര്യങ്ങളാണ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചത്.
ആദ്യത്തേത്, കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഞങ്ങൾ നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച്. രണ്ടാമത്തേത്, ഞങ്ങൾ ആരംഭിക്കാനുദ്ദേശിക്കുന്ന കാൻസർ കെയർ സെന്ററിനെക്കുറിച്ച്. മൂന്നാമത്തേത്, ദൽഹിയിൽ വെച്ച് ഞങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന ഗ്ലോബൽ മലയാളി റൗണ്ട് ടേബിൾ കോൺഫറൻസിനെക്കുറിച്ച്. കേരളത്തിന്റെ എല്ലാവിധത്തിലുമുള്ള പുനർനിർമാണത്തിനും വികസനത്തിനും ലോകമെങ്ങുമുള്ള പ്രതിഭാ ശാലികളായ മലയാളികളുടെ സേവനം എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിനെക്കുറിച്ച് ആലോചിക്കാനാണ് ഈ റൗണ്ട് ടേബിൾ കോൺഫറൻസ്. നാലാമത്തേത്, ഞങ്ങളുടെ ഭാവി പദ്ധതിയിലൊന്നായ  യോഗ റീഹാബിലിറ്റേഷൻ സെന്ററിനെക്കുറിച്ച്. കേരളത്തിൽ ഞങ്ങൾ ചെയ്ത പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും ഞാൻ അദ്ദേഹത്തിന് ചുരുക്കി വിവരിച്ചുകൊടുത്തു. 
ഞാൻ ജീവിതത്തിൽ പരിചയപ്പെട്ട ഏറ്റവും നല്ല 'പേഷ്യന്റ് ലിസണ'റായിരുന്നു അദ്ദേഹം. ഞാൻ പറയുന്നതെല്ലാം അദ്ദേഹം നിറഞ്ഞ മൗനത്തോടെ കേട്ടിരുന്നു. അതിനു ശേഷം ഈ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും സർവ പിന്തുണയും നൽകുകയും ചെയ്തു. വിശ്വശാന്തിയുടെ പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പറ്റുമെങ്കിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ചപ്പോൾ ഇവിടെയുണ്ടെങ്കിൽ നിശ്ചയമായും പങ്കെടുക്കാമെന്നും വാക്ക് തന്നു. യോഗയെക്കുറിച്ച് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആവേശത്തോടെ സംസാരിച്ചത്. എന്റെ ചെറിയ ജീവിതത്തിലെ ഒരു വലിയ സ്വപ്‌നത്തിന് ഇന്ത്യയെന്ന മഹാരാജ്യത്തിലെ പ്രധാനമന്ത്രി നൽകിയ ആത്മാർഥമായ പിന്തുണ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു. അത് എന്റെ മഹത്വം കൊണ്ടാവില്ല. എന്നെ വിട്ടുപിരിഞ്ഞ അച്ഛന്റെയും ഇപ്പോഴും സ്‌നേഹത്തോടെ എന്റെ കൂടെയുള്ള അമ്മയുടെയും അനുഗ്രഹമാകാം. അവരുടെ ഈശ്വര പ്രാർഥനകളുടെ ഫലമാകാം. 
നരേന്ദ്ര മോഡിയെ ഞാൻ സന്ദർശിച്ചതിനെ തുടർന്ന് പല ഊഹാപോഹങ്ങളോടെയും വാർത്തകൾ പ്രചരിച്ചു. അത് സ്വാഭാവികമാണ്, അതുകൊണ്ട് ഞാൻ അതിനൊന്നും മറുപടി പറഞ്ഞില്ല. ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ അനുവാദമുണ്ടെങ്കിൽ എനിക്കെപ്പോഴും പ്രധാനമന്ത്രിയെ കാണാം. അത്ഭുതകരമായ കാര്യം, പ്രധാനമന്ത്രി എന്നോട് ഒരു വാക്കു പോലും രാഷ്ട്രീയം പറഞ്ഞില്ല എന്നതാണ്. ഞാൻ തിരിച്ച് ചോദിച്ചതുമില്ല. പക്ഷേ, വിശ്വശാന്തിയെക്കുറിച്ചുള്ള സംസാരത്തിനു ശേഷം രാജ്യത്തെക്കുറിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു. രാഷ്ട്രീയവും രാഷ്ട്രനിർമാണവും വെവ്വേറെയാണല്ലോ. അതദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ പ്രളയത്തെക്കുറിച്ച്, ഇവിടുത്തെ ഡാമുകളെക്കുറിച്ച്, എടുക്കേണ്ട കരുതലുകളെക്കുറിച്ച് എല്ലാം അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ വാക്കുകളിൽ, കേരളത്തിന്റെ ചെറിയ കാര്യങ്ങൾ പോലും അദ്ദേഹം മനസ്സിലാക്കിവെച്ചിരിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. 
രാഷ്ട്രീയത്തിനതീതമായി കേരളത്തിന് എല്ലാവിധ പിന്തുണയും എപ്പോഴും നൽകാൻ സന്നദ്ധനാണ് എന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഒരു കാര്യത്തിലും അദ്ദേഹം അവകാശവാദം ഉന്നയിച്ചില്ല. കുറേക്കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന ഒരു പൗരന്റെ ഭാവത്തിലായിരുന്നു സംസാരം. അത് ആകർഷണീയമായിരുന്നു.

കൂടിക്കാഴ്ച അവസാനിപ്പിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ അദ്ദേഹം എന്റെ കരം ചേർത്ത് പറഞ്ഞു, 'എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് എന്നെ വന്ന് കാണാം.' ആ പറച്ചിൽ, വിടപറയുമ്പോഴുള്ള വെറും ഉപചാരവാക്കല്ലായിരുന്നു. അതിന്റെ ആത്മാർഥത ഞാൻ അനുഭവിച്ചതാണ്. ഒരുപക്ഷേ തന്റെ ആത്മാർഥത പകുത്തുനൽകുന്നതിലൂടെ ഞങ്ങൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം ലഭിക്കട്ടെ എന്ന് അദ്ദേഹം കരുതിക്കാണും. അദ്ദേഹം അങ്ങനെ കരുതിയാലും ഇല്ലെങ്കിലും ഞങ്ങൾക്ക് ആ ഊർജം ലഭിച്ചു എന്നതാണ് സത്യം. 
ഗുരുവായൂരിലെ മരപ്രഭുവിന്റെ ശിൽരപ്പം അദ്ദേഹത്തിന് ഉപഹാരമായി നൽകി. അത് ഞാൻ തന്നെ അദ്ദേഹത്തിന്റെ കൈയിൽനിന്ന് വാങ്ങി മേശപ്പുറത്ത് മാറ്റിവെച്ചു. ആ ശിൽപത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിന്റെ പുനർനിർമാണത്തിനും എല്ലാവിധത്തിലുള്ള വികസനത്തിനും ലോകമെങ്ങുമുള്ള മിടുക്കരും മിടുക്കികളുമായ മലയാളികളുടെ പ്രതിഭയെ ഉപയോഗിക്കുക എന്നത് ഒരു റൗണ്ട് ടേബിൾ കോൺഫറസൻസിനപ്പുറം നമ്മൾ ഗൗരവമായി ചർച്ച ചെയ്യേണ്ടതാണ്. 
പ്രവാസി മലയാളികളുടെ സാമ്പത്തക പിന്തുണയുടെ ബലത്തെക്കുറിച്ചേ നാം പലപ്പോഴും പറയാറുള്ളൂ. എന്നാൽ അവരുടെ പ്രതിഭയേയും പ്രതിബദ്ധതയേയും സേവന മനോഭാവത്തേയും ഇതേവരെ നാം വേണ്ടവിധത്തിൽ ഗൗരവത്തോടെ 'ടാപ്' ചെയ്തിട്ടില്ല. എത്രയെത്ര മേഖലകളിൽ, എത്രയെത്ര പ്രതിഭകളാണ് മലയാളികളായി ലോകമെങ്ങും ചിതറിക്കിടക്കുന്നത്. അവരുടെ ബുദ്ധിയുടെയും പ്രയത്‌നത്തിന്റെയും നൂറിലൊരംശം ഓരോരുത്തരും മാറ്റിവെച്ചാൽ മതി, കേരള്വത്ത മാറ്റിമറിക്കാൻ. കേരളംപോലുള്ള ഒരു ചെറിയ നാടിന് ഇത് സാധ്യമെങ്കിൽ ഇന്ത്യയെന്ന മഹാരാജ്യത്തിന് എല്ലാ മേഖലയിലും ഒരു വൻ വിപ്ലവം തന്നെ ഈ വഴി സാധ്യമാകും. 
ഏത് വലിയ വ്യക്തിത്വങ്ങളുടെ അടുത്ത് നിൽക്കുമ്പോഴും അവരോട് വിടപറയുമ്പോഴും അതിസൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഒരു പോസിറ്റീവ് തരംഗം നമ്മിൽ ഉണ്ടാവും. എനിക്കത് അനുഭവപ്പെടാറുണ്ട്. നരേന്ദ്ര മോഡിയെക്കണ്ട് പോരുമ്പോഴും എനിക്ക് അതനുഭവപ്പെട്ടു. പോസിറ്റീവ് എനർജിക്ക് പാർട്ടി ഭേദമോ മതഭേദമോ ഒന്നും ഇല്ലല്ലോ. അത് മനുഷ്യന്റെ ആത്മാർഥതയിൽനിന്നും ഉണർന്ന് ഒഴുകുന്നതാണ്. മനസ്സു തുറന്ന് ആത്മാർഥമായി അടുത്ത് നിന്നാൽ ആർക്കും അത് തിരിച്ചറിയാം. ഞങ്ങളുടെ സമാഗമം കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞിട്ടും എന്നിൽ ആ തരംഗങ്ങൾ ഉണ്ട്. അത് എന്റെ വ്യക്തിജീവിതത്തിലും ഞങ്ങളുടെ വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലും സർഗാത്മകമായും പ്രചോദനാത്മകമായും തുടരട്ടെ എന്നാണ് പ്രാർഥന. 

(മോഹൻ ലാൽ, ദ കംപ്ലീറ്റ് ആക്ടർ എന്ന ബ്‌ളോഗിൽ എഴുതിയത്)


 

Latest News