Sunday , May   26, 2019
Sunday , May   26, 2019

ഹറമൈൻ റെയിൽവേ: ചരിത്രത്തിലേക്കൊരു ചൂളംവിളി

ദമാസ്‌കസിൽനിന്ന് തുടങ്ങി മദീന വഴി മക്ക ലക്ഷ്യമിട്ട് 1908 ൽ ഓട്ടോമൻ റെയിൽവേ ആരംഭിച്ച ഹിജാസ് റെയിൽവേ പദ്ധതി ഒന്നാം ലോക മഹായുദ്ധത്തെത്തുടർന്ന് പൂർത്തീകരിക്കപ്പെടാതെ തകർന്നു പോവുകയായിരുന്നു. 1300 കിലോമീറ്റർ ദൈർഘ്യത്തിൽ മദീന വരെയാണ് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞത്. യുദ്ധം അതിനെ ചരിത്ര സ്മാരകമാക്കി മാറ്റി. വർഷങ്ങൾക്കു ശേഷം അന്ന് പൂർത്തിയാക്കാൻ കഴിയാതെ പോയ ഭാഗങ്ങളെ കൂട്ടിയിണക്കി ഹറമൈൻ റെയിൽവേ പദ്ധതി യാഥാർഥ്യമാവുമ്പോൾ അതു ചരിത്രം കൂടിയാവുകയാണ്. 

സൗദി അറേബ്യ ചരിത്ര നിമിഷത്തിലേക്ക് നടന്നു കയറാൻ ഇനി മൂന്നു ദിനങ്ങൾ മാത്രം. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹിജാസ് റെയിൽവേയെ ഓർമപ്പെടുത്തി ഇരു ഹറമുകളെയും ബന്ധിപ്പിച്ചുള്ള തീവണ്ടി കൂകിപ്പായാൻ തുടങ്ങുമ്പോൾ ലോകമെമ്പാടുമുള്ള തീർത്ഥാടക ലക്ഷങ്ങളുടെ മനസ്സകങ്ങളിലും ചൂളം വിളി ഉയരും. റോഡ് മാർഗമുള്ള മക്ക-മദീന യാത്ര തീർഥാടകരുടെ പേടിസ്വപ്‌നമായിരുന്നു. 450 കിലോമീറ്റർ ദൈർഘ്യം വരുന്ന മണിക്കൂറുകൾ നീണ്ട ഈ യാത്രയിൽ എപ്പോഴും അപകടം പതിയിരുന്നു. ബസ് യാത്രക്കിടെയുണ്ടാക്കുന്ന അപകടങ്ങളിൽ ഒട്ടേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനു പേരെ രോഗികളാക്കിയിട്ടുണ്ട്. അവരുടെയെല്ലാം ആഗ്രഹമായിരുന്നു എളുപ്പത്തിലും സുഗമമായും യാത്ര ചെയ്യാനുള്ള ട്രെയിൻ സൗകര്യം. സ്വദേശികളെപ്പോലെ തന്നെ സൗദിയുടെ വികസനത്തിൽ പങ്കാളികളായിട്ടുള്ള ലക്ഷക്കണക്കായ പ്രവാസികളുടെയും മോഹമായിരുന്നു ഇരു ഹറമുകളുമായി ബന്ധിപ്പിച്ചുള്ള ട്രെയിൻ യാത്ര. അവരുടെയെല്ലാം സ്വപ്‌നമാണിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. സൗദി അറേബ്യയുടെ എൺപത്തിയെട്ടാമത് ദേശീയ ദിനാഘോഷങ്ങൾക്ക് നിറം പകർന്ന് തൊട്ടടുത്ത ദിവസം മുതൽ ഹറമൈൻ അതിവേഗ തീവണ്ടി ചീറിപ്പായാൻ തുടങ്ങുമ്പോൾ അത് സൗദിയുടെ സാമ്പത്തിക, സാമൂഹിക വളർച്ചാ നിരക്ക് ഉയർത്താനും നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്താനും കയറ്റുമതി ഉൽപന്നങ്ങളുടെ മത്സര ക്ഷമത വർധിപ്പിക്കാനും സഹായിക്കും. സൗദിയിൽ അതിവേഗ തീവണ്ടി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന കാലഘട്ടത്തിന്റെ നാന്ദി കൂടിയാണിത്. ഇതിനു പുറമെ മക്ക, ജിദ്ദ, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിലെ തിരക്കും വാഹനങ്ങളുടെ പുക മൂലമുള്ള പരിസ്ഥിതി മലിനീകരണം  കുറയ്ക്കുതിനും ഇതുപകരിക്കും. നൂറുകണക്കിന് സ്വദേശി യുവാക്കൾക്ക് പുതിയ തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്നതിനും പദ്ധതി വഴിയൊരുക്കും. 


അൽശുഅ്‌ല ഹോൾഡിംഗ് ഗ്രൂപ്പും 14 സ്പാനിഷ് കമ്പനികളും ചേർന്നുള്ള അൽശുഅ്‌ല കൺസോർഷ്യത്തിനായിരുന്നു 2009 ൽ തുടക്കമിട്ട 6700 കോടി റിയാൽ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല. സ്ഥലം ഏറ്റെടുക്കൽ, പാലം നിർമാണം  തുടങ്ങിയ ചെലവുകൾക്കു പുറമേയാണിത്. സിവിൽ ജോലികളുടെ ചുമതല അൽറാജ്ഹി കൺസോർഷ്യത്തിനായിരുന്നു. 678.5 കോടി റിയാലിന്റേതായിരുന്നു കരാർ. ഇത്രയും ഭീമമായ തുക ചെലവഴിക്കുമ്പോൾ അതിനു പിന്നിൽ ലക്ഷ്യമിടുന്നത് വിഷൻ 2030 വികസന പദ്ധതികളാണ്. 2030 ഓടെ   ഉംറ തീർഥാടകരുടെ എണ്ണം പ്രതിവർഷം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം 50 ലക്ഷമായും ഉയർത്തുതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷം 70 ലക്ഷത്തോളം ഉംറ തീർഥാടകരും 18 ലക്ഷം ഹജ് തീർഥാടകരുമാണ് വിദേശങ്ങളിൽ നിന്നെത്തിയത്. വർഷം തോറും വർധിച്ചുവരുന്ന തീർഥാടകർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യമാണ് പദ്ധതി പൂർത്തീകരണത്തിലൂടെ യാഥാർഥ്യമായിട്ടുള്ളത്.
പ്രതിവർഷം ആറു കോടി പേർക്ക് യാത്ര ചെയ്യാനാവും വിധമാണ് പദ്ധതിയുടെ രൂപകൽപന. 450 കിലോമീറ്റർ രണ്ട് മണിക്കൂർ കൊണ്ട് താണ്ടാനാവും വിധം മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗതയുള്ള 35 ട്രെയിനുകളാണ് പദ്ധതിയിൽ സർവീസിന് ഉപയോഗിക്കുക. തുടക്കത്തിൽ എട്ട് സർവീസുകളാണുണ്ടാവുക. അടുത്ത വർഷം ആദ്യം അത് 12 ആക്കും. പിന്നീട് ഘട്ടം ഘട്ടമായി സർവീസുകളുടെ എണ്ണം കൂട്ടും. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ട് ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാൻട്രി കാറുമടങ്ങുന്ന ഓരോ ട്രെയിനുകളിലും 417 സീറ്റുകൾ വീതമാണുള്ളത്. ഒരു വർഷത്തിലേറെ കാലം പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് സർവീസിനൊരുങ്ങിയിട്ടുള്ളത്.  
മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലായി അഞ്ച് സ്‌റ്റേഷനുകൾ. ജിദ്ദയിൽ സുലൈമാനിയയിലെ പ്രധാന റെയിൽവേ സ്‌റ്റേഷന് പുറമെ പുതിയ വിമാനത്താവളത്തിലും  സ്‌റ്റേഷനുണ്ടാകും. റെയിൽവേ സ്‌റ്റേഷനുകളിൽ ഹെലിപാട് അടക്കം അതിവിപുലമായ സൗകര്യമാണൊരുക്കിയിരിക്കുന്നത്. ജിദ്ദ സ്‌റ്റേഷനിൽ എട്ടും മക്കയിൽ പത്തും ഫഌറ്റ്‌ഫോമുകളുണ്ട്. ജിദ്ദയിൽ 6000 കാറുകൾക്കും മക്കയിൽ 5000 കാറുകൾക്കും പാർക്ക് ചെയ്യാം. മക്കയിൽ നാലു കിലോമീറ്റർ അകലെ റുസൈഫയിലുള്ള സ്‌റ്റേഷനുമായി ബന്ധിപ്പിച്ച് ഹറമിലേക്ക് താമസിയാതെ മെട്രോ സർവീസുകളും ആരംഭിക്കും. ഓരോ റെയിൽവേ സ്റ്റേഷനുകളും വ്യാപാര സമുച്ചയം കൂടിയാണ്. സ്വകാര്യ പങ്കാളിത്തത്തോടെ 100 ലേറെ വ്യാപാര സ്ഥാപനങ്ങൾ സ്റ്റേഷനുകളിലുണ്ടാവും. 
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ടിക്കറ്റ് നിരക്കാണ് ഇതിലെ മറ്റൊരു ആകർഷണീയ ഘടകം. മക്ക-മദീന ഇക്കണോമി ക്ലാസിന് 75 റിയാലും ബിസിനസ് ക്ലാസിന് 95 റിയാലുമാണ് നിരക്ക്. ഇത് പിന്നീട് വർധിച്ചേക്കും. എങ്കിലും സാധാരണക്കാരെ കൂടി മുന്നിൽ കണ്ടുള്ള നിരക്കായിരിക്കും നടപ്പാക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ എട്ടിനും പത്തിനും ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് അഞ്ചു മണിക്കുമായി ദിനേന നാലു സർവീസുകൾ. പിന്നീട് സർവീസുകളുടെ എണ്ണം വർധിപ്പിക്കും.  ദമാസ്‌കസിൽനിന്ന് തുടങ്ങി മദീന വഴി മക്ക ലക്ഷ്യമിട്ട് 1908 ൽ ഓട്ടോമൻ റെയിൽവേ ആരംഭിച്ച ഹിജാസ് റെയിൽവേ പദ്ധതി ഒന്നാം ലോക മഹായുദ്ധത്തെത്തുടർന്ന് പൂർത്തീകരിക്കപ്പെടാതെ തകർന്നു പോവുകയായിരുന്നു. 1300 കിലോമീറ്റർ ദൈർഘ്യത്തിൽ മദീന വരെയാണ് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞത്. യുദ്ധം അതിനെ ചരിത്ര സ്മാരകമാക്കി മാറ്റി. വർഷങ്ങൾക്കു ശേഷം അന്ന് പൂർത്തിയാക്കാൻ കഴിയാതെ പോയ ഭാഗങ്ങളെ കൂട്ടിയിണക്കി ഹറമൈൻ റെയിൽവേ പദ്ധതി യാഥാർഥ്യമാവുമ്പോൾ അതു ചരിത്രം കൂടിയാവുകയാണ്. 

Latest News