Sunday , June   16, 2019
Sunday , June   16, 2019

സ്‌നേഹ മഞ്ഞ് പെയ്യുന്ന കുന്നിൻമുകളിൽ 

ആശ്രമത്തിൽനിന്നുള്ള ദൃശ്യം.
ധ്യാന കേന്ദ്രം
ആശ്രമത്തിൽനിന്നുള്ള ദൃശ്യം.
ഗുരു നിത്യചൈതന്യയതി സമാധി
ഗുരു നിത്യചൈതന്യയതി
ആശ്രമം റിസപ്ഷൻ
  • ഊട്ടിയിൽ ഗുരു നിത്യചൈതന്യ യതിയുടെ ഫേൺഹിൽ  നാരായണ ഗുരുകുലത്തിലേക്ക് നടത്തിയ യാത്രയുടെ അനുഭവം

നീലഗിരിക്കുന്നുകൾക്കിടയിലെ ഫേൺഹിൽ  (Fern Hill)   നാരായണ ഗുരുകുലത്തിന് അടുത്തെത്തിയപ്പോൾ ഞങ്ങളുടെ വണ്ടിയുടെ ഓട്ടം നിലച്ചു. പാതയോരത്തുനിന്ന് അൽപം മാറി പുല്ലുപുതച്ചു നിൽക്കുന്ന കുന്നിൻ ചെരിവിലേക്ക് കയറി ഞങ്ങളിരുന്നു. ഞങ്ങൾക്ക് പരസ്പരം ചില കാര്യങ്ങൾ ബോധ്യപ്പെടുത്തണം. തണുപ്പു പുരണ്ട് ഉഴറി നടക്കുന്ന കാറ്റിന്റെ തലോടലേറ്റ് മധ്യാഹ്ന സൂര്യന്റെ ചോട്ടിൽ വട്ടത്തിലിരുന്ന് ഞങ്ങൾ സംസാരിച്ചു. 

കേറിച്ചെല്ലുന്നത് നാരായണ ഗുരുകുലത്തിലേക്കാണ്. ഗുരു നിത്യചൈതന്യ യതിയുടെ സ്മൃതികൾ നിറഞ്ഞുകിടക്കുന്ന ഗുരുകുലത്തിലേക്ക്. കിലോമീറ്ററുകൾ താണ്ടി ഗുരുവില്ലാത്ത ഗുരുകുലത്തിലേക്ക് എന്തിനു പോന്നു? 


ഗുരുകുലത്തിലേക്കുള്ള പ്രഥമ യാത്രയിൽ, അബദ്ധത്തിൽ ഗുരുകുലത്തിലേക്കുള്ള വഴി ചോദിച്ചത് ഗുരുവിനോടു തന്നെയായിരുന്നല്ലോയെന്ന് സുഹൃത്തുക്കൾ ഓർമിപ്പിച്ചു. അന്ന് കമ്പിളി വസ്ത്രത്തിൽ മൂടിയ ഗുരുവിനെ തിരിച്ചറിയാനായില്ല. ഗുരുവിനെയറിയാൻ അല്ലെങ്കിലും വൈകിയിരുന്നുവെന്ന് ഇടക്കൊക്കെ തോന്നിയിരുന്നു. 
കാറ്റാടി മരങ്ങൾക്കിടയിലൂടെ ഗുരുകുലം കണ്ടു. ഗെയിറ്റ് ചാരിയിട്ടിരുന്നു. ഓരോ വരവിലും വല്ലാത്തൊരു പരിചയവും അടുപ്പവും തോന്നിപ്പോകുന്നു. തണുത്ത അന്തരീക്ഷത്തിലേക്ക് ഊഷ്മളമായ സ്വീകരണമായി ചുടുചായയെത്തി. രാത്രി അഞ്ചാറു പേർക്കിവിടെ തങ്ങാൻ ബുദ്ധിമുട്ടാണെന്ന വിവരവുമുണ്ട് കൂടെ. ഞങ്ങൾക്കു പരിചയമുള്ള ആരും അവിടെയില്ല. അതുകൊണ്ടു തന്നെ ഞങ്ങൾ തികച്ചും അപരിചിതർ! എങ്കിലും പോകുന്നതിനു മുമ്പേ ഗുരുകുലമൊന്ന് ചുറ്റിക്കാണണം. 


ഗുരു സമാധിക്കു ചുറ്റും നിറയെ വർണപ്പൂക്കൾ. ലോകമാകെ ജ്വലിച്ചുയർന്ന ഒരു സ്‌നേഹ ഗോപുരമാണവിടെ നിദ്ര കൊള്ളുന്നത്. സ്പന്ദിക്കുന്ന ഹൃദയം ഗുരുവിന്റെ വാക്കുകളെ മനസ്സിലേക്ക് കൊണ്ടുവന്നു: 'ഞാൻ പലപ്പോഴും ഇവിടെയല്ല. ലോകം മുഴുവൻ പോകാൻ എനിക്ക് കണ്ണടച്ചിരുന്നാൽ മതി. വ്യവസ്ഥയില്ലാത്ത രീതിയിൽ ഏതെങ്കിലും ദേശത്തിലോ ആരുടെയെങ്കിലും ഓർമയിലോ പൊട്ടിച്ചിരിയിലോ വിതുമ്പലിലോ കവിതയൂറുന്ന പേനയുടെ തുമ്പിലോ ഇടക്കിടക്ക് കണ്ണീരൊപ്പിക്കൊണ്ട് അടക്കിപ്പറയുന്ന വാക്കുകളുടെ രഹസ്യത്തിന്റെ അറ്റത്തോ മറ്റോ ആണ് ഞാൻ.....!''
അതെ! ഫേൺഹില്ലിലെ ഈ മണ്ണിലല്ല, അദ്ദേഹം പതിനായിരക്കണക്കിനാളുകളുടെ ഹൃദയങ്ങളിലാണ് നിത്യമായി ജീവിക്കുന്നത്. 
ലൈബ്രറിക്കകത്തിരുന്ന് എഴുതുന്നതാരെന്നറിയാനായി എത്തിനോക്കിയതാണ്. മുമ്പൊരിക്കൽ കണ്ട പരിചയം കാണിച്ച് പുഞ്ചിരിയോടെ അയാൾ ഇറങ്ങിവന്നു- ഷൗക്കത്ത്! ഗുരുവിന്റെ സഹചാരിയായിരുന്ന ശിഷ്യൻ. ഈ ശിഷ്യന്റെ മടിയിൽ കിടന്നായിരുന്നു ഗുരുവിന്റെ അന്ത്യയാത്രയെന്ന് വായിച്ചിരുന്നു. ഷൗക്കത്ത് പറഞ്ഞു: ''ഉള്ള സൗകര്യത്തിൽ ഇവിടെ കൂടാം. നമുക്ക് മനസ്സു തുറുന്ന് സംസാരിക്കാൻ.. ഡോ. തമ്പാൻ രാത്രി വരും''. സന്തോഷമായി! ബാഗുകൾ അതിഥിമുറിയിൽ വെച്ചു. ഗുരുകുലത്തിനു മുമ്പിലൂടെ പോകുന്ന നിരത്തിലൂടെ ഞങ്ങൾ നടക്കാനിറങ്ങി. ഷൗക്കത്ത് തെളിഞ്ഞ മനസ്സോടെ സംവാദങ്ങൾക്ക് തുടക്കമിട്ടു. 


ഞങ്ങൾ നടക്കുന്ന ആ പാതയെക്കുറിച്ച് ഒരിക്കൽ ഗുരു എഴുതിയിട്ടുണ്ട്. പകർച്ചവ്യാധി പോലെ നന്മയും പടർന്നുപിടിക്കണമെന്ന് പറഞ്ഞപ്പോൾ... നോക്കിനിൽക്കുന്നവർ അറിയാതെ പകർത്തിപ്പോകുന്ന നന്മ! ഗ്രാമീണർ വിസർജിച്ചുപോകുന്ന വഴിയോരത്തെ മാലിന്യങ്ങൾ അടിച്ചുവാരി വൃത്തിയാക്കുന്ന ഗുരു. അതുകണ്ട് കൂടെക്കൂടുന്ന ഗ്രാമീണർ. നാം ബോധവത്കരണം ചെയ്യേണ്ടത് തന്നത്താൻ ചെയ്താണ്. ഒച്ചപ്പാടുണ്ടാക്കിയും മറ്റുള്ളവരുടെ കുറ്റം കൊട്ടിഘോഷിച്ചുമല്ല. നാം ഒരു മാഗ്നറ്റ് ആയാൽ മതി. അത് ആകർഷിച്ചുകൊള്ളും. അതുകൊണ്ട് പ്രവർത്തിച്ചുകൊള്ളുക. ആശയങ്ങൾക്ക് ഇന്ന് പഞ്ഞമില്ലല്ലോ. ആശയങ്ങളിൽ ജീവിക്കുന്നവർക്കാണ് പഞ്ഞം. ഗുരുവിന്റെ ദർശനങ്ങൾ നൽകിയ വെളിച്ചത്തിന്റെ തെളിമയിൽ ഷൗക്കത്ത് സൂചിപ്പിക്കുന്നു. 
ഗുരു പതിവായി ശിഷ്യരൊത്ത് പ്രഭാതത്തിലും സായാഹ്നത്തിലും നടന്നിരുന്ന വഴിയിലൂടെ നടക്കുമ്പോൾ ഗുരുവും ഞങ്ങളോടൊപ്പമുള്ളതു പോലെ.... 
ഗുരുകുലം പ്രാർഥനക്കായി ഒരുങ്ങി. ഈ പ്രാർഥന പതിവുള്ളതാണ്. ഗുരുക്കന്മാരുടെ ഛായാപടങ്ങൾക്കും ഗണപതിയുടെയും നന്തിയുടെയും ചില ജാപ്പനീസ് രൂപങ്ങളുടെയും മുമ്പിൽ ഗുരുകുല വാസികൾ പ്രാർഥനാനിർഭരമായ മനസ്സോടെ ഇരുന്നു. ഞങ്ങളത് കേട്ടിരുന്നു.
''ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കോ
രാവിവൻ തോണി നിൻ പദം...!''
നേർത്ത ശബ്ദത്തിൽ നാരായണ ഗുരുവിന്റെ ദൈവ ദശകത്തിലെ വരികൾ ഒഴുകിയെത്തി. പിന്നെ ബൈബിൾ സങ്കീർത്തനങ്ങൾ, ഒടുവിൽ ഖുർആനിൽനിന്ന് സൂറത്ത് ഫാത്തിഹായും.
ഈശ്വരീയതയെ സങ്കൽപിക്കാൻ തനിക്ക് സഹായകമായി വരുന്നത് കാവ്യാത്മകമായ കൽപനകളാണ് എന്ന് ഗുരു പറയാറുണ്ടല്ലോ. പ്രഭ ചൊരിയുന്ന നിലവിളക്കിനു മുമ്പിലെ ഗണപതി രൂപം വെറും ചെമ്പുതകിടാണെന്ന് അദ്ദേഹം പറഞ്ഞ സന്ദർഭവും ഓർമയിലെത്തി. 


പാചകശാലയിൽ അത്താഴക്കഞ്ഞിയുടെ തയാറെടുപ്പ്. ഗുരുവിന്റെ തലോടലിൽ വളർന്ന 'സുന്ദരിപ്പൂച്ച' ദേഹത്തു മുട്ടിയുരുമ്മിക്കൊണ്ട് നടക്കുന്നു. ഗുരു അതിനു നൽകിയിരുന്ന സ്‌നേഹം ഞങ്ങളോട് ചോദിച്ചുവാങ്ങുകയാണോ? തേങ്ങയാണ് സുന്ദരിയുടെ ഇഷ്ട ഭക്ഷണം. കാഴ്ചക്ക് ആളൊരു സുന്ദരി തന്നെ. 
ഈ പാചക ശാലയിൽ വെച്ചായിരുന്നോ ഗുരു നടരാജ ഗുരുവിന് ശിഷ്യപ്പെട്ടത്? ഗുരു ഫേൺഹില്ലിൽ ആദ്യമായി വരുമ്പോൾ നടരാജഗുരു പാചക ശാലയിൽ ചായ തയാറാക്കുകയായിരുന്നുവത്രേ! നടരാജഗുരുവിന്റെ കാൽക്കൽ വീണ് തന്നെ സ്വയം സമർപ്പിച്ചു അദ്ദേഹം. 
അയൽപക്കത്തെ ദരിദ്ര ബാലനെ തീന്മേശയിൽ കയറ്റിയിരുത്തി കഞ്ഞിയും ചമ്മന്തിയും വിളമ്പിക്കൊടുക്കാറുണ്ടായിരുന്നു ഗുരു. അതേ തീന്മേശയിൽ ഇരുന്ന് ഞങ്ങളെല്ലാവരും കഞ്ഞിയും ചമ്മന്തിയും കഴിക്കുകയാണ്. 
ഗുരുവിന്റെ ശേഖരത്തിൽ മികച്ച ക്ലാസിക് സിനിമകളുണ്ട്. അതുപോലെ തന്നെ സംഗീത ശേഖരവും. ബിഥോവനും മൊസാർട്ടും പാശ്ചാത്യരും ഹിന്ദുസ്ഥാനിയും കർണാട്ടിക്കും വൈവിധ്യങ്ങളുടെ മേളനം. 
വെളുപ്പിന് അഞ്ചു മണിക്കുണർന്നു. ഫേൺഹില്ലിൽ പ്രഭാതത്തിന് തണുപ്പിന്റെ കനം. ഗുരുകുലം ഉണർന്നു തുടങ്ങിയിട്ടേയുള്ളൂ. വെളുപ്പിന് നാലു മണിക്ക് ഉണരുന്നതായിരുന്നു ഗുരുവിന്റെ ദിനചര്യ. പ്രഭാത കൃത്യങ്ങൾ കഴിഞ്ഞാൽ സവാരിയുണ്ട്, പഠനമുണ്ട്. 


പക്ഷപാതമില്ലാത്തതാണ് തന്റെ വായനയെന്ന് ഗുരു എഴുതിയിട്ടുണ്ട്. പ്രഭാതത്തിൽ ടി.എസ്. എലിയറ്റ് ആണ് മനസ്സിൽ വരുന്നതെങ്കിൽ അതിൽനിന്നു ഇഷ്ടവരികൾ എഴുതിവെക്കും. പിന്നെ എലിയറ്റിനോടുള്ള തന്റെ പ്രതികരണങ്ങൾ, ആസ്വാദനം എല്ലാം മുറക്കെഴുതും. അന്നത്തെ ഏതാനും മണിക്കൂറുകൾ എലിയറ്റിനോടൊപ്പം -ഗുരുവിന്റെ പഠന രീതി ഷൗക്കത്ത് വിവരിച്ചുതന്നു. 
ഗുരുകുലത്തിൽ കള്ളിച്ചെടികളുടെ അപൂർവ ശേഖരമുണ്ട്. ഗുരുവിന്റെ താൽപര്യങ്ങളിൽ ഒന്നായിരുന്നു അത്. ലോകത്തിലുള്ള വ്യത്യസ്തമായ കള്ളിച്ചെടികൾ ഗ്രീൻ ഹൗസിനുള്ളിൽ ശാസ്ത്രീയമായി ക്രമീകരിച്ചിരിക്കുന്നു. ഗുരുവിന്റെ ഒരെഴുത്തിൽ വായിച്ച ഓർമയുണ്ട്. 'കള്ളിമുൾച്ചെടിയിൽ അതിമനോഹരമായ പൂവ് വിടർന്നിരിക്കുന്നു. മുള്ളിനടിയിലാണ് ജനനമെങ്കിലും സാരള്യത്തിന് ഒരു കുറവും ഇല്ല.' എല്ലാറ്റിനും സാരള്യവും സൗന്ദര്യവും കണ്ടെത്താൻ കഴിഞ്ഞ ഒരു മനസ്സിന്റെ ഉടമയായതിനാൽ എല്ലാറ്റിനെയും ഒരുപോലെ സ്‌നേഹിക്കാൻ കഴിഞ്ഞു അദ്ദേഹത്തിന്. 
നടരാജഗുരുവിന്റെ പേരിൽ ഉണ്ടാക്കിയ ലൈബ്രറി മന്ദിരത്തിലേക്ക് ഞങ്ങൾ നടന്നു ചെന്നത് വിസ്മയത്തിന്റെ കണ്ണുകളുമായാണ്. വ്യത്യസ്തമായ വിഷയങ്ങൾ, വൈവിധ്യമാർന്ന പുസ്തകങ്ങൾ!
മതവും തത്വചിന്തയും യുക്തിവാദവും വേദാന്തവും പ്രണയ കാവ്യവും ശാസ്ത്രവും രാഷ്ട്രീയവും മനഃശാസ്ത്രവും കലയും... അങ്ങനെയെല്ലാം പരസ്പരം കലഹിക്കാതെ എത്ര ശാന്തരായാണ് ഈ അലമാരകളിൽ! ഓരോ അലമാരകളുടെയും മുകളിൽ ചുമരുകളിൽ തന്റെ ഹൃദയത്തിന്റെ ആരാധനാ സൗഭഗങ്ങളായ മഹാരഥന്മാരുടെ ഛായാചിത്രങ്ങൾ!
ഗുരു എഴുതിവെച്ച കുറിപ്പുകളെയും ശാസ്ത്രീയമായി ഫയൽ ചെയ്തിട്ടുണ്ടവിടെ. വൈവിധ്യമാർന്ന വിഷയങ്ങളിൽ അദ്ദേഹം എഴുതിയ കുറിപ്പുകൾ നൂറുകണക്കിന് പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാൻ കിടക്കുകയാണ്. സമാധിയിൽ ഉറങ്ങുമ്പോഴും ഇവിടെ വാക്കുകൾ ഉറങ്ങാതിരിക്കുന്നു! അദ്ദേഹത്തിന്റെ കയ്യെഴുത്ത് പ്രതികളിലൂടെ കണ്ണോടിക്കുമ്പോൾ കേൾക്കാത്ത ഗാനത്തിന്റെ മാധുര്യത്തെക്കുറിച്ചാണ് ഓർത്തത്. 
ചെമ്പുകമ്പി കൊണ്ട് തന്റെ കുഴിമാടത്തെയും പഠന മുറിയുടെ ജനാലയെയും ബന്ധിപ്പിക്കണമെന്ന് ഗുരുകുല വാസികളോട് തമാശ രൂപത്തിൽ അദ്ദേഹം പറിഞ്ഞിരുന്നല്ലോ. അത്ര മാത്രം പ്രിയങ്കരമായിരുന്നു ഗുരുവിന് അക്ഷരങ്ങൾ. ലൈബ്രറിയിൽ ഇരുന്ന് ഷൗക്കത്തും ഞങ്ങളും മണിക്കൂറികളോളം സംസാരിച്ചു. ഗുരുവും ഗുരുകുലവും സെൻമൊഴികളും സൂഫിക്കഥകളും സമ്പന്നമാക്കിയ സംഭാഷണം. ഖുർആനെക്കുറിച്ചുള്ള ചർച്ചാവേളയിൽ മരുഭൂമിയുടെ സംഗീതത്തിന്റെ താളാത്മകത അതിലെ വചനങ്ങൾക്കുണ്ടെന്ന് ഷൗക്കത്ത് സൂചിപ്പിച്ചു. മന്ത്രമധുരമായി അദ്ദേഹം സൂറത്ത് ഫാത്തിഹ ഓതി. 


പ്രിയപ്പെട്ട ഗുരുവിന്റെ അസാന്നിധ്യം ഞങ്ങളെ അലട്ടാതിരിക്കാനെന്നവണ്ണം ഗരിമയും തെളിമയും പ്രതിഫലിച്ച കാവ്യാത്മക സംവാദത്തിൽ മുഴുകി നേരം ഉച്ചയായത് ഞങ്ങൾ അറിഞ്ഞതേയില്ല. ഞങ്ങൾക്കീ ഗിരിനിരകളിറങ്ങാൻ നേരമായി. 
യാത്ര പറയാൻ നേരം ഗുരുവിന്റെ സ്വകാര്യ മുറിയിൽ ചെന്നു. അദ്ദേഹം എഴുതാനും വായിക്കാനും ഉപയോഗിച്ചിരുന്ന ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്നു. അതാരുമിപ്പോൾ ഉപയോഗിക്കാറില്ല. ആ ഇരിപ്പിടത്തിൽ, ചുമലിൽ സുന്ദരിപ്പൂച്ചയെയും വെച്ചു നിൽക്കുന്ന ഗുരുവിന്റെ ഒരു ചിത്രം ചാരിവെച്ചിരിക്കുന്നു. 
ഗുരുവില്ലാത്ത ഗുരുകുലം ഞങ്ങളിൽ ശൂന്യത നിറച്ചില്ല. ഇവിടുത്തെ ഓരോ കോണിലും ഗുരുവിന്റെ നിറഞ്ഞ സാന്നിധ്യമാണ്. 
അതിലുമേറെ ഗുരുവിനെ ഉൾക്കൊണ്ടവരിലൂടെ അവരുടെ വാക്കുകളിൽ ഗുരു ഇപ്പോഴും ജീവിക്കുന്നു. തീരാത്ത സുഗന്ധം പോലെ അത് പരക്കുന്നു. 


 

Latest News