Sunday , June   16, 2019
Sunday , June   16, 2019

എന്തുകൊണ്ടാണ് ഇന്ത്യക്ക് വിദേശത്ത് ജയിക്കാനാവാതെ പോകുന്നത്?

ഏഷ്യക്കും വെസ്റ്റിൻഡീസിനും പുറത്ത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നേരിടുന്ന വരൾച്ച അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരുന്നു ഇംഗ്ലണ്ട് പര്യടനം. രണ്ട് മികച്ച പെയ്‌സ്ബൗളർമാരും ജോ റൂട്ടുമൊഴിച്ചാൽ ലോകോത്തര കളിക്കാരൊന്നും ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്നില്ല. പതിവിന് വിരുദ്ധമായി ഇന്ത്യയുടെ കരുത്ത് ബൗളിംഗിലായിരുന്നു. 20 വിക്കറ്റെടുക്കുക എന്നതായിരുന്നു മുൻകാലത്ത് പലപ്പോഴും ഇന്ത്യയുടെ പ്രശ്‌നം. വിദേശത്ത് സ്ഥിരമായി ജയിക്കാനുള്ള പുറപ്പാടിലാണ് ഇന്ത്യ എന്ന് കോച്ച് രവിശാസ്ത്രി പ്രഖ്യാപിച്ചപ്പോൾ അധികമാരും നെറ്റി ചുളിച്ചില്ല. എന്നിട്ടും എന്തുകൊണ്ടാണ് ടീം 1-4 ന്റെ കനത്ത തോൽവി വാങ്ങിയത്. 
പന്ത് നന്നായി ചലിക്കുന്ന പിച്ചിൽ ബാറ്റ് ചെയ്യാൻ കഴിവുള്ള ബാറ്റ്‌സ്മാന്മാർ ടീമിലുണ്ടായിരുന്നില്ല എന്നതാണ് തോൽവിയുടെ പ്രധാന കാരണം. ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റെടുത്ത ബൗളറെയും ബാറ്റ്‌സ്മാനെയും ടീമിലെടുക്കാൻ സെലക്ടർമാരുടെ ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ച്‌രേക്കർ ചൂണ്ടിക്കാട്ടുന്നു. അതിന് ഒരു കംപ്യൂട്ടർ മതി. വിദേശത്ത് കളിക്കാൻ സാങ്കേതികമായി ശേഷിയുള്ള കളിക്കാരെ കണ്ടെത്തുകയാണ് സെലക്ടർമാരുടെ ജോലി. അതായിരുന്നു മാനദണ്ഡമെങ്കിൽ ശിഖർ ധവാൻ ടീമിലുണ്ടാവുമായിരുന്നില്ല. ചേതേശ്വർ പൂജാരയെ ആദ്യ ടെസ്റ്റിൽ പുറത്തിരുത്തുമായിരുന്നില്ല. വിദേശത്ത് കളിക്കാൻ കെൽപുള്ള മുൻനിര ബാറ്റ്‌സ്മാന്മാർക്കായി സെലക്ടർമാർ സജീവമായ അന്വേഷണം തുടങ്ങേണ്ട സമയമായി. പൂജാരയുടെയും അജിൻക്യ രഹാനെയുടെയും കെ.എൽ രാഹുലിന്റെയുമൊക്കെ ബാറ്റിംഗ് ദൗർബല്യങ്ങൾ ഈ പരമ്പര പുറത്തു കൊണ്ടു. മുരളി വിജയ്‌യും ദിനേക് കാർത്തിക്കും രണ്ട് ടെസ്റ്റിനു ശേഷം ടീമിൽ നിന്ന് പുറത്തായി. 
സന്നാഹ മത്സരങ്ങളെ ഗൗരവമായി സമീപിച്ചില്ലെന്നതാണ് മറ്റൊരു വലിയ ന്യൂനത. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സന്നാഹ മത്സരങ്ങളെ ഗൗരവത്തോടെ സമീപിക്കാതിരുന്നത് ഇന്ത്യയുടെ ബാറ്റിംഗിൽ പ്രതിഫലിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ആ തെറ്റ് ആവർത്തിച്ചു. 
സെലക്ടർമാരും ടീം മാനേജ്‌മെന്റും തമ്മിലുള്ള ധാരണപ്പിശകും പര്യടനത്തിൽ പ്രകടമായി. കരുൺ നായരെ മധ്യനിര ബാറ്റ്‌സ്മാനായി സെലക്ടർമാർ ഉൾപെടുത്തി. ടീം മാനേജ്‌മെന്റ് കരുണിനെ പൂർണമായി അവഗണിച്ചു. പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നത് പിച്ചും സാഹചര്യങ്ങളും പരിഗണിച്ചാണ്. ഇന്ത്യൻ ടീം മാനേജ്‌മെന്റിന് ഇക്കാര്യത്തിലും പല തവണ വീഴ്ച പറ്റി. ലോഡ്‌സ് ടെസ്റ്റിൽ കുൽദീപ് യാദവിനെ കളിപ്പിച്ചത് വെറുതെയായി. ഏകദിന പരമ്പരയിൽ കുൽദീപ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിച്ചിരുന്നു. പക്ഷെ ടെസ്റ്റിൽ കുൽദീപിന്റെ തന്ത്രങ്ങൾ അവർ തിരിച്ചറിഞ്ഞു. ആർ. അശ്വിന് പോലും വിക്കറ്റ് കിട്ടാത്ത പിച്ചിലാണ് രണ്ടാം സ്പിന്നറായി കുൽദീപിനെ ഇന്ത്യ കളിപ്പിച്ചത്. നാലാം ടെസ്റ്റിൽ പരിക്കുമായാണ് ആർ.അശ്വിനെ ഇറക്കിയത്. ആ ടെസ്റ്റിൽ രണ്ട് സ്പിന്നർമാരുമായാണ് ഇംഗ്ലണ്ട് കളിച്ചത്. അതിന്റെ ഗുണം അവർക്കു കിട്ടി. ഇന്ത്യയാവട്ടെ രവീന്ദ്ര ജദേജയെ പുറത്തിരുത്തി ഹാർദിക് പാണ്ഡ്യയെ കളിപ്പിച്ചു. ഏഴ് റൺസെന്ന നിരക്കിലാണ് ആദ്യ ഇന്നിംഗ്‌സിൽ ഹാർദിക് റൺ വഴങ്ങിയത്. പരിക്കുമായി കളിച്ച അശ്വിന് മത്സരത്തിൽ ഒരു സ്വാധീനവും ചെലുത്താനായില്ല.  
ടോസ് കിട്ടുന്നതും കിട്ടാതിരിക്കുന്നതും ഭാഗ്യം മാത്രമല്ല. ടോസ് ശരിയായി വിളിക്കുന്നതിന് ചില ടെക്‌നിക്കുകളുണ്ടെന്ന് സുനിൽ ഗവാസ്‌കർ പറയുന്നു. വിരാട് കോഹ്‌ലിക്ക് അഞ്ച് ടെസ്റ്റിലും ടോസ് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ടോസ് കിട്ടിയാലും കോഹ്‌ലി ശരിയായ തീരുമാനമെടുക്കുമോയെന്നത് മറ്റൊരു ചോദ്യം. ലോഡ്‌സിൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ താൻ ബാറ്റിംഗ് തെരഞ്ഞെടുത്തേനേ എന്ന് കോഹ്‌ലി പറഞ്ഞത് ഏവരെയും ഞെട്ടിച്ചു.
പരമ്പരയിൽ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും സ്ലിപ് ഫീൽഡർമാർ ക്യാച്ച് പാഴാക്കാൻ മത്സരിക്കുകയായിരുന്നു. രാഹുൽ ഒഴികെ ഇന്ത്യൻ സ്ലിപ് ഫീൽഡർമാരെല്ലാം ഒന്നിലേറെ ക്യാച്ച് വിട്ടു. നല്ല സ്ലിപ് ഫീൽഡർമാരെ ഇന്ത്യ വളർത്തിയെടുക്കേണ്ടതുണ്ട്. ടെസ്റ്റിൽ വിക്കറ്റ് കീപ്പറാവാൻ ആവേശം മാത്രം പോരാ. റിഷഭ് പന്ത് വഴങ്ങിയത് റെക്കോർഡായ 76 ബൈ റൺസാണ്. ബാറ്റിംഗ് കരുത്ത് നോക്കി മാത്രം കീപ്പർമാരെ ടീമിലെടുക്കുമ്പോൾ സംഭവിക്കുന്ന ദുരന്തമാണ് ഇത്. ഇംഗ്ലണ്ടിൽ പോലും സ്പിന്നിന് മര്യാദക്ക് കീപ്പ് ചെയ്യാൻ സാധിക്കാത്ത റിഷഭിന് ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ അതിജീവിക്കാനാവുമോയെന്ന് പലരും നെറ്റി ചുളിച്ചു. 
ഇന്ത്യൻ വാലറ്റം ക്രീസ് സന്ദർശിച്ചു മടങ്ങാൻ മാത്രമുള്ളതായിരുന്നു. രവീന്ദ്ര ജദേജയൊഴികെ ആരും കാര്യമായി സംഭാവന ചെയ്തില്ല. വിക്കറ്റിന് വിലയുണ്ടെന്ന് വാലറ്റത്തെ ബോധ്യപ്പെടുത്താൻ സമയമായി. സ്വിംഗ് ബൗളിംഗും സ്പിൻ ബൗളിംഗും നേരിടുന്നതിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ ദൗർബല്യം പ്രകടമായി. വിരാട് കോഹ്‌ലി മാത്രമാണ് തലയുയർത്തി മടങ്ങുന്നത്. 
ഓൾ റൗണ്ടർ: ഹാർദിക് പാണ്ഡ്യ ടെസ്റ്റ് ഓൾറൗണ്ടറല്ല എന്ന് മൈക്കിൾ ഹോൾഡിംഗ് അഭിപ്രായപ്പെട്ടപ്പോൾ എല്ലാവരും രോഷം കൊണ്ടു. പരമ്പര ഹോൾഡിംഗിന്റെ വാദം ശരിയാണെന്ന് തെളിയിച്ചു. 
കോഹ്‌ലിയുടെ ഫീൽഡ് പ്ലെയ്‌സ്‌മെന്റ് പലപ്പോഴും അനായാസം സ്‌കോർ ചെയ്യാൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ സഹായിച്ചു. വൻ തകർച്ചയിൽ നിന്ന് പല തവണ അവർ കരകയറി.
 

Latest News