Sunday , June   16, 2019
Sunday , June   16, 2019

നൊവോമിയുടെ നിർഭാഗ്യം

തന്റെ രണ്ടാമത്തെ കിരീടം തന്നെ ഗ്രാന്റ്സ്ലാം ട്രോഫിയാക്കുക, ഗ്രാന്റ്സ്ലാം ചാമ്പ്യനാവുന്ന പ്രഥമ ജപ്പാൻ താരമാവുക, തന്റെ ഇഷ്ടതാരം സെറീന വില്യംസിനെതിരായ ഫൈനലിൽ പൂർണ ആധിപത്യം പുലർത്തുക... ഇരുപതുകാരി നൊവോമി ഒസാക്ക കഴിഞ്ഞ വാരം ലോക ടെന്നിസിന്റെ ഓമനയാവേണ്ടതായിരുന്നു. പകരം ഫൈനലിലെ സെറീന വില്യംസിന്റെ രോഷപ്രകടനമാണ് ചർച്ചയായത്. അതിന്റെ അലയൊലികൾ ഒരാഴ്ച പിന്നിട്ടിട്ടും അടങ്ങിയിട്ടില്ല. ജപ്പാനിൽ മാത്രമാണ് നൊവോമി നിറഞ്ഞു നിന്നത്. 
ജപ്പാൻ 2020 ൽ ടോക്കിയൊ ഒളിംപിക്‌സിന് വേദിയൊരുക്കാനിരിക്കെ നൊവോമിയുടെ നേട്ടത്തിന് വലിയ പ്രാധാന്യമുണ്ട്. അടുത്ത വർഷവും ഫോം നിലനിർത്താനായാൽ ഒളിംപിക്‌സിന്റെ മുഖമായി മാറും നൊവോമി. ഏഷ്യൻ ഗെയിംസിൽ ആറ് സ്വർണവും രണ്ട് വെള്ളിയും നേടിയ നീന്തൽ താരം റികാകൊ ഇകീയും ഒളിംപിക്‌സിൽ ജപ്പാന്റെ ചിരിക്കുന്ന മുഖമായി മാറും. ടോക്കിയൊ ഒളിംപിക്‌സ് ഈ രണ്ട് പെൺകുട്ടികളുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കുന്നതോടെ കോടികളുടെ കരാറാണ് നൊവോമിയെ തേടിയെത്തുക. 
ഇരുപതാം സീഡായാണ് നൊവോമി യു.എസ് ഓപണിനെത്തുന്നത്. കരിയറിൽ ഇതിനു മുമ്പ് നേടിയത് ഒരു കിരീടം മാത്രം. ഒരിക്കലും ഗ്രാന്റ്സ്ലാമുകളിൽ നാലാം റൗണ്ടിനപ്പുറം പോയിട്ടില്ല. ഗ്രാന്റ്സ്ലാമുകളിൽ നാലാം റൗണ്ടിലെത്തിയ റെക്കോർഡുമായാണ് വിരമിക്കുന്നതെങ്കിൽ വലിയ നിരാശയായിരിക്കും തനിക്കെന്ന് ആദ്യ റൗണ്ട് വിജയത്തിനു ശേഷം നൊവോമി പറഞ്ഞു. 
ഒരാഴ്ചക്കു ശേഷം നൊവോമി ഗ്രാന്റ്സ്ലാം കിരീടമുയർത്തുന്ന പ്രഥമ ജപ്പാൻ താരമായി. കിരീടം നേടിയതിനെക്കാൾ, അലങ്കോലമായ ഫൈനലിൽ, ഗാലറിയുടെ നിരന്തരമായ കൂവിവിളികൾക്കിടയിൽ നൊവോമി സംയമനം പാലിച്ചതാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നെറ്റിനപ്പുറത്ത് കൊടുങ്കാറ്റ് വീശുമ്പോഴും നൊവോമിക്ക് സന്യാസി തുല്യമായ ശാന്തതയായിരുന്നു. 
ഹെയ്ത്തിക്കാരനായ പിതാവിന് ജപ്പാൻകാരിയിലാണ് നൊവോമി ജനിച്ചത്. ജപ്പാനിലെ ഒസാക്കയിലായിരുന്നു ജനനം. അതാണ് നൊവോമി ഒസാക്ക എന്ന പേരിനു കാരണം. മൂന്നാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബം ഇപ്പോൾ ഫ്‌ളോറിഡയിലാണ് താമസിക്കുന്നത്. നൊവോമിയുടെ അമ്മ തമാകി ജപ്പാനിലെ കുടുംബവുമായി ബന്ധമൊന്നും പുലർത്തുന്നില്ലെന്നാണ് റിപ്പോർട്ട്. എങ്കിലും ജപ്പാനിലെ ഹൊക്കയ്ദയിലുള്ള നൊവോമിയുടെ മുത്തച്ഛന്റെ കുടുംബം ആഹ്ലാദത്തിലാണ്. ഈയാഴ്ച ജപ്പാൻ ഓപൺ കളിക്കാൻ നൊവോമി വരുമ്പോൾ അവളെ കാണാനുള്ള ഒരുക്കത്തിലാണ് മുത്തച്ഛൻ ടെട്‌സുവൊ ഒസാക്ക. നൊവോമിയെ നേരിട്ടു കിട്ടാത്ത ജപ്പാനിലെ മാധ്യമങ്ങളെല്ലാം എഴുപത്തിമൂന്നുകാരന്റെ പിന്നാലെയാണ്.
വളർന്നതും കളി അഭ്യസിച്ചതുമൊക്കെ അമേരിക്കയിലാണെങ്കിലും ജപ്പാന്റെ പല ശീലങ്ങളും നൊവോമി കാത്തുസൂക്ഷിക്കുന്നുണ്ട്. ഫൈനലിൽ വിജയിച്ചപ്പോൾ സെറീനയെ വണങ്ങിയതും ക്ഷമ ചോദിച്ചതും വഴി നൊവോമി പലരുടെയും ഹൃദയം കീഴടക്കി. ജപ്പാന്റെ വിനയമാണ് ഇത്. പത്രസമ്മേളനത്തിലുടനീളം പുഞ്ചിരി തൂകുന്നതും അഹങ്കാരം പ്രകടിപ്പിക്കാതെ വിനയത്തോടെ, അൽപം ലജ്ജയോടെ മറുപടി പറയുന്നതും ജപ്പാന്റെ ശീലങ്ങളായാണ് വാഴ്ത്തപ്പെട്ടത്. നൊവോമിയുടെ അഭിമുഖങ്ങളൊക്കെ രസകരമായിരുന്നു. പ്രത്യേകിച്ചും ജപ്പാനിലെ മാധ്യമങ്ങളുമായി. മുറിഞ്ഞു മുറിഞ്ഞ ജപ്പാനീസ് ഭാഷയിലാണ് താരത്തിന്റെ സംഭാഷണം. പല വിഷയങ്ങളും സംസാരിക്കുമ്പോൾ വ്യക്തമായ ജപ്പാനീസിൽ വാക്കുകൾ കിട്ടാതെ നൊവോമി ചിരിച്ചു നിന്നത് താരപ്രഭ കൂട്ടുകയാണ് ചെയ്തത്. ഓരോ തവണ വാക്കുകൾ കിട്ടാതിരുന്നപ്പോഴും നൊവോമി ക്ഷമ ചോദിച്ചു കൊണ്ടിരുന്നു. 
നൊവോമിയുടെ ഇരുണ്ട നിറം പലപ്പോഴും അവൾ യഥാർഥ ജപ്പാൻകാരിയാണോയെന്ന ചോദ്യമുയർത്തിയിരുന്നു. താൽക്കാലികമായാണെങ്കിലും ജപ്പാനിലെ മാധ്യമങ്ങൾ തങ്ങളിലൊരാളായി നൊവോമിയെ സ്വീകരിച്ചു കഴിഞ്ഞു. ലോകകപ്പ് ഫുട്‌ബോൾ കിരീടം നേടിയ ഫ്രഞ്ച് ടീമുമായാണ് നൊവോമിയുടെ നേട്ടം താരതമ്യം ചെയ്യപ്പെടുന്നത്. ഫ്രഞ്ച് ടീമിലും നിരവധി കറുത്ത വർഗക്കാരുണ്ടായിരുന്നു. 

Latest News