Sunday , November   18, 2018
Sunday , November   18, 2018

പാസ്‌പോര്‍ട്ടിന്റെ ശക്തിയില്‍ അറബ് രാജ്യത്ത് യു.എ.ഇ ഒന്നാമത്

അബുദാബി- അറബ് രാജ്യങ്ങളിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് യു.എ.ഇയുടേതാണെന്ന് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക സ്ഥാപനമായ ആര്‍ടന്‍ ക്യാപിറ്റല്‍ പ്രസിദ്ധീകരിച്ച സൂചികയില്‍ യു.എ.ഇക്ക് ലോകത്തെ പ്രബലമായ പാസ്‌പോര്‍ട്ടുകളില്‍ ഒന്‍പതാം സ്ഥാനവും നല്‍കുന്നു. ലോകത്ത് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് സിംഗപ്പൂരിന്റെ പാസ്‌പോര്‍ട്ടാണ്.

മുന്‍കൂര്‍ വിസയില്ലാതെ ലോകമെമ്പാടുമുള്ള 157 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ യു.എ.ഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്കാവുന്നു. 2016 ഓഗസ്റ്റ് വരെ വിസയില്ലാതെ യു.എ.ഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് സന്ദര്‍ശനാനുമതി ലഭിച്ചിരുന്നത് 91 രാജ്യങ്ങളില്‍ മാത്രമായിരുന്നു. രണ്ടു വര്‍ഷത്തിനകമാണ് 157 രാജ്യങ്ങളില്‍ ഈ സൗകര്യം ലഭിച്ചത്. യു.എ.ഇ പാസ്‌പോര്‍ട്ടിന്റെ പ്രഭാവം വളരെ പെട്ടെന്നാണ് ലോക രാജ്യങ്ങള്‍ അംഗീകരിച്ചത്.

യു.എ.ഇ ഭരണ നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയ സമീപനങ്ങളുടെയും കാഴ്ചപ്പാടിന്റെയും സൂചനയാണിതെന്നും സായിദ് വര്‍ഷാചരണത്തോടനുബന്ധിച്ച് യു.എ.ഇക്കു ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നതായും വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. 2021 ഓടെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ യു.എ.ഇ പാസ്‌പോര്‍ട്ട് എത്താനുള്ള പരിശ്രമം രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കും.

യു.എ.ഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര രാഷ്ട്രീയ നേട്ടങ്ങളുടെ ഉന്നതിയിലാണ് ഈ നേട്ടം ലഭിച്ചതെന്ന് സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ചൂണ്ടിക്കാട്ടി.