Monday , September   24, 2018
Monday , September   24, 2018

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും

തൊടുപുഴ- ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ വെള്ളിയാമറ്റം കീറ്റില്ലംകരിയില്‍ കൊച്ചുപുരയ്ക്കല്‍ ജയേഷ് ജോസഫിനെ(38)യാണ് തൊടുപുഴ നാലാം അഡീഷ്ണല്‍ കോടതി ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്. ജയേഷിന്റെ ഭാര്യ അനിതയെന്ന് വിളിക്കുന്ന ശ്രീജയെ (33) കൊലപ്പെടുത്തിയ കേസിലാണ് വിധി.
2014 മാര്‍ച്ച് 25 നാണ് കേസിനാസ്പദ സംഭവം. ജയേഷും ഭാര്യയും താമസിച്ചിരുന്ന ഞരളംപുഴ വീടിന് സമീപത്തെ റബര്‍ തോട്ടത്തിലാണ് ശ്രീജയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസിയായ സ്ത്രീയുമായി ജയേഷിനുണ്ടായിരുന്ന ബന്ധമാണ് കുടുംബ കലഹത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചത്. സംഭവ ദിവസം സ്ത്രീയുമായുള്ള ബന്ധത്തെചൊല്ലി
ജയേഷും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അനിത സമീപത്തെ റബര്‍ തോട്ടത്തിലേക്ക് കയറിപ്പോയി. അനിതയെ പിന്തുടര്‍ന്ന ജയേഷ് റബര്‍ തോട്ടത്തില്‍ വെച്ച് വീണ്ടും ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് അനിതയുടെ ദേഹത്ത് കിടന്നിരുന്ന ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. കൊലക്ക് ശേഷം പ്രതി സ്വന്തം വീട്ടിലെ അടുപ്പില്‍ ഷാള്‍ കത്തിച്ചു കളഞ്ഞു.
വൈകീട്ട് ആറു മണിക്ക് അനിതയെ കാണാനില്ലെന്ന് കാട്ടി ജയേഷ് കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കി. നാട്ടുകാര്‍ക്കൊപ്പം അന്വേഷണം നടത്താനും ജയേഷ് കൂടെനിന്നിരുന്നു. അന്നേ ദിവസം പകല്‍ രണ്ടരക്ക് പ്രതി കേസിലെ മറ്റൊരു സാക്ഷിയായ സ്ത്രീയെ വിളിച്ച് അനിതയെ കാണാനില്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജയേഷ് തന്നെയാണ് അനിതയെ കൊലപ്പെടുത്തിയതെന്ന് പോലീസിന് ബോധ്യപ്പെട്ടു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ സഹായിച്ചത്.
ജീവപര്യന്തം കൂടാതെ തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ നാലര മാസം അധിക തടവ് അനുഭവിക്കണം. കാഞ്ഞാര്‍ സി.ഐ ആയിരുന്ന പയസ് ജോര്‍ജാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എബി ഡി.കോലോത്ത് ഹാജരായി. അനിത ഞരളംപുഴ പാഴേപറമ്പില്‍ കുടുംബാംഗമാണ്. രണ്ട് മക്കളുണ്ട്.