Monday , September   24, 2018
Monday , September   24, 2018

ഭീകരന്റെ മൃതദേഹം കെട്ടിവലിച്ചത് കശ്മീരിൽ വിവാദമായി 

ശ്രീനഗർ- ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കയറിൽ കെട്ടിവലിച്ച സംഭവം കശ്മീരിൽ സൈന്യത്തിനെതിരെ പ്രതിഷേധത്തിനു കാരണമായി. വ്യാഴാഴ്ച വൈകിട്ട് മുതൽ ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ വടക്കൻ കശ്മീരിലെ സോപുരിലും ജമ്മു കക്രിയാൽ വനമേഖലയിലുമുണ്ടായ രണ്ട് ഏറ്റുമുട്ടലുകളിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടിരുന്നു. കക്രിയാൽ വനത്തിനടുത്ത് വെച്ച് വൈകിട്ട് അഞ്ച് മണിയോടെ എടുത്തതാണ് ഈ ഫോട്ടോയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ബുധനാഴ്ച ചെക്ക്‌പോസ്റ്റിൽ നിന്ന് രക്ഷപ്പെട്ട ഭീകരർക്ക് വേണ്ടി സൈന്യം വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. ഒരു ട്രക്കിൽ കശ്മീരിൽ പ്രവേശിക്കാൻ ശ്രമിച്ചവരുമായി സൈന്യം ഏറ്റുമുട്ടിയതായി പോലീസ് പറയുന്നു. വെടിവെപ്പിൽ സൈനികർക്കും പോലീസുകാർക്കും പരിക്കേൽക്കുകയും ചെയ്തു. 
സൈനികർ വെടിവെച്ചു കൊന്ന ഭീകരനെയാണ് കെട്ടിവലിച്ചതെന്നും ഇത് സാധാരണമാണെന്നും സൈനിക വൃത്തങ്ങളും പോലീസും അവകാശപ്പെടുന്നു. ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയത്തിലാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശദീകരണം. കൊല്ലപ്പെട്ട സ്ഥലത്തു നിന്ന് 15 മീറ്റർ അകലെ എത്തിച്ച ശേഷമാണ് ആംബുലൻസിലേക്ക് മാറ്റിയത്. മൃതദേഹത്തിൽ ബോംബ് ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയത്തിൽ പ്രദേശത്തേക്ക് ബോംബ് സ്‌ക്വാഡിനെ അയച്ചതായി കശ്മീർ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 


ജമ്മു മേഖലയിൽ കൊല്ലപ്പെട്ട ഭീകരനെ ഉൾപ്പെടുത്തി ബജ്‌റംഗ് ദൾ വൈസ് പ്രസിഡന്റ് രാകേശ് ശർമ എടുത്ത സെൽഫിയും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നുണ്ട്.