Friday , February   22, 2019
Friday , February   22, 2019

അനന്തരവനു പിന്നാലെ മകനും? ഇന്‍സമാം വെല്ലുവിളിക്കുന്നു

അനന്തരവന്‍ ഇമാമുല്‍ ഹഖ് പാക്കിസ്ഥാന്റെ സീനിയര്‍ ടീമില്‍ സ്ഥാനം നേടിയതിനു പിന്നാലെ മകന്‍ ഇബ്തസാമുല്‍ ഹഖിനെ അണ്ടര്‍-19 പാക്കിസ്ഥാന്‍ ടീമിലുള്‍പെടുത്താന്‍ ചീഫ് സെലക്ടര്‍ ഇന്‍സമാമുല്‍ ഹഖ് ശ്രമിച്ചെന്ന് വിവാദം. മുന്‍ പാക്കിസ്ഥാന്‍ നായകനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത് വിഖ്യാത ലെഗ്‌സ്പിന്നര്‍ അബ്ദുല്‍ ഖാദറാണ്. ആരോപണത്തോട് രൂക്ഷമായാണ് ഇന്‍സമാം പ്രതികരിച്ചത്. പി.സി.ബി ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനിയെ കണ്ട് വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഇന്‍സമാം ആവശ്യപ്പെട്ടു. അബ്ദുല്‍ ഖാദറിനെതിരെ നിയമ നടപടിയും ഇന്‍സമാം ആലോചിക്കുന്നുണ്ട്. 
അണ്ടര്‍-19 സെലക്ടര്‍മാരിലൊരാളെ വിളിച്ച് തന്റെ മകനെ ടീമിലുള്‍പെടുത്തണമെന്ന് ഇന്‍സമാം അഭ്യര്‍ഥിച്ചുവെന്ന് അബ്ദുല്‍ ഖാദര്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞതായാണ് വാര്‍ത്ത പരന്നത്. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ജൂനിയര്‍ സെലക്ടര്‍മാര്‍ പറഞ്ഞു. 
ആരോപണം നിഷേധിച്ച് ഇന്‍സമാം ഒരു വീഡിയൊ സന്ദേശവും പുറത്തുവിട്ടിട്ടുണ്ട്. തനിക്കെതിരായി പരക്കുന്ന വാര്‍ത്ത സത്യമാണെന്ന് തെളിയിച്ചാല്‍ രാജി വെക്കാമെന്നും അല്ലെങ്കില്‍ ആരോപകര്‍ തങ്ങളുടെ പദവികള്‍ രാജി വെക്കണമെന്നുമാണ് വെല്ലുവിളി.  
ഇന്‍സമാമിന്റെ അനന്തരവന്‍ ഇമാമുല്‍ ഹഖിനെ കഴിഞ്ഞ വര്‍ഷം സീനിയര്‍ ടീമിലെടുത്തപ്പോള്‍ വിവാദമുണ്ടായിരുന്നു. എന്നാല്‍ അരങ്ങേറ്റ മത്സരത്തിലുള്‍പ്പെടെ ആദ്യ ഒമ്പത് ഏകദിനങ്ങളില്‍ നാല് സെഞ്ചുറിയടിച്ച് ഇമാം വിമര്‍ശകരുടെ വായടച്ചു.