Wednesday , November   21, 2018
Wednesday , November   21, 2018

അബുദാബിയില്‍ ലേഡീസ് സലൂണ്‍ പൂട്ടിച്ചു

അബുദാബി- ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ലേഡീസ് സലൂണ്‍ പോലീസിന്റെ സഹായത്തോടെ അബുദാബി സാമ്പത്തിക വികസന വിഭാഗം പൂട്ടിച്ചു. താമസ കെട്ടിടത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സലൂണ്‍ നടത്തിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ച അധികൃതര്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ തിരച്ചില്‍ നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവിടെനിന്ന് സലൂണ്‍ ഉപകരണങ്ങളും കണ്ടെടുത്തു.

ബന്ധപ്പെട്ട വകുപ്പില്‍നിന്ന് വ്യാപാര ലൈസന്‍സ് എടുത്തതിന് ശേഷമേ ഏതൊരു സ്ഥാപനവും പ്രവര്‍ത്തിക്കാവൂ. വനിതാ സലൂണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് എമിറേറ്റില്‍ പ്രത്യേക നിയമമുണ്ടെന്നും ആരോഗ്യ വിഭാഗത്തിന്‍റെ പ്രത്യേക അനുമതിയോടെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സാമ്പത്തിക വികസന വിഭാഗം മുന്നറിയിപ്പു നല്‍കി.