Wednesday , November   21, 2018
Wednesday , November   21, 2018

5000 കെട്ടിടങ്ങളും വ്യാപാര സമുച്ചയവുമായി അബുദാബിയില്‍ അല്‍ദാര്‍ കമ്പനി

അബുദാബി- എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് പുത്തന്‍ മുഖഛായ നല്‍കാനായി അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് 2000 കോടി ദിര്‍ഹം മൂലധനമുള്ള നിക്ഷേപ കമ്പനി പ്രഖ്യാപിച്ചു. അല്‍ദാര്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടീസ് എന്ന നാമത്തിലാണ് പുതിയ കമ്പനി പ്രവര്‍ത്തിക്കുക. റിയല്‍ എസ്‌റ്റേറ്റ് മേഖലാ കമ്പനികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം നല്‍കാന്‍ അബുദാബി ഈയിടെ തീരുമാനിച്ചിരുന്നു. തുടക്കത്തില്‍ 5000 താമസ കെട്ടിടവും അഞ്ചു ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള വ്യാപാര സമുച്ചയവും നിര്‍മിക്കാനാണ് അല്‍ദാര്‍ ഇന്‍വെസ്റ്റമെന്റ്‌സിന്റെ പദ്ധതി. ഭാവിയില്‍ കൂടുതല്‍ ലോകോത്തര പദ്ധതികള്‍ പ്രഖ്യാപിക്കും.

ഇസ്‌ലാമിക് ബോണ്ടായ സുകൂകിലൂടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപിക്കാനും അവസരം നല്‍കുമെന്ന് അല്‍ദാര്‍ സഇഒ തലാല്‍ അല്‍ ദിയാബി പറഞ്ഞു. എമിറേറ്റിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ വികസനത്തിനൊപ്പം വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ഇതുമൂലം സാധിക്കുമെന്ന്  അദ്ദേഹം പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് വരുന്നവര്‍ക്ക് നല്ല ആനുകൂല്യമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്.

അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് വിഭാവനം ചെയ്യുന്ന സ്വതന്ത്ര വ്യാപാര മേഖല ഉപയോഗപ്പെടുത്തി കെട്ടിട നിര്‍മാണ രംഗത്തെ നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തും. എമിറേറ്റിന് പുതിയ മുഖം നല്‍കാനുള്ള പദ്ധതിയിലാണ് അല്‍ദാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഗ്രെഗ് ഫെവര്‍ പറഞ്ഞു. നിലവില്‍ ഐപിഒ ഉദ്ദേശിക്കുന്നില്ലെന്നും ഭാവിയില്‍ കമ്പനിയുടെ ഓഹരി ഷെയര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയേക്കും സൂചിപ്പിച്ചു. ദുബായ്, അബുദാബി എമിറേറ്റുകളിലെ റിയല്‍ എസ്‌റ്റേറ്റ് ഭീമന്മാരായ ഇമാറും അല്‍ദാറും ചേര്‍ന്ന് 3000 കോടി ദിര്‍ഹമിന്റെ പുതിയ പദ്ധതിയും നടപ്പാക്കാനും ആലോചിക്കുന്നുണ്ട്.