Wednesday , November   21, 2018
Wednesday , November   21, 2018

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ വിദേശിക്ക് ലക്ഷം റിയാല്‍ പിഴ

ദമാം- ബിനാമി ബിസിനസ് കേസിൽ ഈജിപ്തുകാരനെ ദമാം ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. സ്വന്തം നിലക്ക് ബിനാമിയായി കോൺട്രാക്ടിംഗ് മേഖലയിൽ സ്ഥാപനം നടത്തിയ മുഹമ്മദ് മുതവല്ലി മുഹമ്മദ് മുതവല്ലിക്ക് കോടതി ഒരു ലക്ഷം റിയാൽ പിഴ ചുമത്തി. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഈജിപ്തുകാരനെ നാടു കടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതിനും കോടതി വിധിച്ചു. നിയമ ലംഘകന്റെ പേരു വിവരങ്ങളും ഈജിപ്തുകാരൻ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഈജിപ്തുകാരന്റെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. 
വിദേശ നിക്ഷേപകന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം വഴിയാണ് ഈജിപ്തുകാരൻ ബിനാമി ബിസിനസ് മേഖലയിൽ പ്രവർത്തിച്ചത്. കോൺട്രാക്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന വിദേശ നിക്ഷേപകനു കീഴിലെ ജോലിക്കാരനായിരുന്നു ഈജിപ്തുകാരൻ. ദമാമിൽ കോൺട്രാക്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ബിനാമിയാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൗദിയിൽ സ്ഥാപനം നടത്തുന്നതിന് ലൈസൻസ് നേടിയ വിദേശ നിക്ഷേപകന്റെ സ്ഥാപനം വഴി ഈജിപ്തുകാരൻ സ്വന്തം നിലക്ക് ബിസിനസ് നടത്തുകയാണെന്ന് തെളിഞ്ഞു. അന്വേഷണം പൂർത്തിയാക്കിയ വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾക്ക് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 
ബിനാമി ബിസിനസ് കേസുകളിൽ ഇന്ത്യക്കാർ അടക്കം നിരവധി വിദേശികളെയും ഇവർക്ക് കൂട്ടുനിന്ന സൗദി പൗരന്മാരെയും അടുത്ത കാലത്ത് വിവിധ പ്രവിശ്യകളിലെ കോടതികൾ ശിക്ഷിച്ചിട്ടുണ്ട്. ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് 10 ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തു കൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടു കടത്തുകയും ചെയ്യും. 
ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി, വാണിജ്യ വഞ്ചനയും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മയും വർധിക്കുന്നതിന് പ്രധാന കാരണമായ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് ആറിന പദ്ധതി നടപ്പാക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം നീക്കം തുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് സ്ഥാപനങ്ങളെ നിർബന്ധിക്കൽ, മുഴുവൻ ഇടപാടുകളും ബില്ലുകൾ വഴിയാക്കുന്നതിന് നിർബന്ധിക്കൽ, ഉപയോക്താക്കൾക്ക് നൽകുന്ന സേവന നിലവാരം ഉയർത്തൽ, ബിനാമി വിരുദ്ധ മേഖലയിൽ വ്യത്യസ്ത വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഏകീകരിക്കൽ, സ്വദേശിവൽക്കരണം, വാണിജ്യ മേഖലയിൽ നീതിപൂർവമായ മത്സരം ഉറപ്പുവരുത്തൽ, നിയമ വിരുദ്ധ ബിസിനസുകളെ കുറിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാക്കി ഓരോ മേഖലയിലെയും ബിനാമി പ്രവണതക്ക് പരിഹാരം കാണുന്നതിന് പ്രത്യേകം പ്രത്യേകം നടപടിയെടുക്കൽ എന്നിവയാണ് ബിനാമി പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം സ്വീകരിക്കുക. നിയമ ലംഘനങ്ങളിൽ നിന്ന് വിമുക്തമായ, നിയമാനുസൃത ബിസിനസ് സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിനും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് സ്വദേശികൾക്ക് അവസരമൊരുക്കുന്നതിനുമാണ് ഇതിലൂടെ വാണിജ്യ, നിക്ഷേപ മന്ത്രാലയം ലക്ഷ്യമിടുന്നത്.