Wednesday , November   21, 2018
Wednesday , November   21, 2018

റീട്ടെയില്‍ സ്വദേശിവല്‍ക്കരണം; മക്കയില്‍ 6000 സൗദികള്‍ക്ക് തൊഴില്‍ ലഭിച്ചു

ജിദ്ദ- ചൊവ്വാഴ്ച മുതൽ സൗദിവൽക്കരണം നിർബന്ധമാക്കിയ നാലു മേഖലകളിൽ മക്ക പ്രവിശ്യയിൽ ആറായിരം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭിച്ചതായി മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുല്ല ആലുതാവി പറഞ്ഞു. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മുതൽ സൗദിവൽക്കരണം നിർബന്ധമാക്കിയത്. ഈ സ്ഥാപനങ്ങളിൽ തൊഴിൽ, വാണിജ്യ മന്ത്രാലയങ്ങളും നഗരസഭകളും പോലീസും സഹകരിച്ച് ശക്തമായ റെയ്ഡുകൾ നടത്തുന്നുണ്ട്. പരിശോധനാ ഫലങ്ങൾ പ്രതീക്ഷാജനകമാണ്. 
സൗദിവൽക്കരണത്തിലൂടെ ലഭ്യമാകുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നാലു മാസത്തിലധികം മുമ്പ് ശ്രമങ്ങൾ ആരംഭിച്ചിരുന്നു. തൊഴിവലസരങ്ങൾ ഉറപ്പുനൽകുന്ന പരിശീലന പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിന് 6,000 സൗദി യുവതീ യുവാക്കളുമായി ബന്ധപ്പെട്ട വകുപ്പുകൾ കരാറുകൾ ഒപ്പുവെച്ചിരുന്നു. സൗദിവൽക്കരണ തീരുമാനം പ്രാബല്യത്തിൽ വരുന്നതിനു മുമ്പു തന്നെ നിശ്ചിത ശതമാനം സ്വദേശിവൽക്കരണം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യാപാരികളെയും തൊഴിലുടമകളെയും ബോധവൽക്കരിക്കുകയും ചെയ്തിരുന്നു. 
സൗദിവൽക്കരണ തീരുമാനവുമായി ഭൂരിഭാഗം വ്യാപാരികളും അനുകൂലമായി പ്രതികരിച്ചു. പുതുതായി സൗദിവൽക്കരണം നിർബന്ധമാക്കിയ മേഖലകളിൽ 70 ശതമാനം സൗദിവൽക്കരണമാണ് ലക്ഷ്യമിടുന്നത്. 50 ശതമാനം സൗദിവൽക്കരണം പാലിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് 70 ശതമാനം സൗദി ജീവനക്കാരെ നിയമിക്കുന്നതിന് ഒരാഴ്ചത്തെ സാവകാശം നൽകിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അബ്ദുല്ല ആലുതാവി പറഞ്ഞു.