Monday , September   24, 2018
Monday , September   24, 2018

കേരളത്തെ സഹായിക്കാന്‍ സംഗീത നിശയുമായി കള്‍ച്ചറല്‍ സെന്റര്‍

അബുദാബി- പ്രളയത്തില്‍ തകര്‍ന്ന കേരളത്തെയും കുടകിനെയും സഹായിക്കാനുള്ള ധനശേഖരണാര്‍ഥം അബുദാബിയില്‍ സംഗീത നിശ സംഘടിപ്പിക്കുന്നു. യു.എ.ഇയിലെ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുനൈറ്റഡ് ഫോര്‍ എ കോസ് എന്ന പേരിലുള്ള സംഗീത നിശ ഈ മാസം 21ന് രാത്രി എട്ടിന് ഐ.എസ്.സി  ഓഡിറ്റോറിയത്തില്‍ നടക്കും.

ചലച്ചിത്ര പിന്നണി ഗായകരായ ഉണ്ണി മേനോന്‍,  സിതാര, ബിജു നാരായണന്‍ എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിയില്‍ അബുദാബിയിലെ പ്രമുഖ കലാകാരന്മാരും അണിനിരക്കും. പരിപാടിയില്‍നിന്നു ലഭിക്കുന്ന മുഴുവന്‍ ലാഭവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാലായിരത്തിലധികം പേര്‍ക്ക് സദ്യ ഉള്‍പ്പെടെ വര്‍ഷത്തില്‍ നടക്കാറുള്ള ഓണാഘോഷ പരിപാടികള്‍ ഇത്തവണ കേരളത്തിലെ പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഐ.എസ്.സി റദ്ദാക്കിയിരുന്നു.  
സംഗീത നിശയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്  02 6730066 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.