Saturday , April   20, 2019
Saturday , April   20, 2019

ഇതാണ് ഏറ്റവും മികച്ച നിക്ഷേപം

എനിക്കൊന്നു സംസാരിക്കണം സമയമുണ്ടാകോ?.. എന്റെ പിതാവിന്റെ പ്രായം തോന്നിക്കുന്ന മനുഷ്യൻ. മുടിയും താടിയും പകുതിയിലേറെ നരച്ചിട്ടുണ്ട്. തലയിൽ വെളുത്ത തൊപ്പി. കണ്ണുകളിൽ നിരാശയും സങ്കടവും തളംകെട്ടി നിൽക്കുന്നു. പുഞ്ചിരി സമ്മതമായി എടുത്തിട്ടാവും അയാൾ പറഞ്ഞു തുടങ്ങി. 
എന്റെ ജീവിതത്തിൽ നിങ്ങൾ ഇന്ന് പ്രസംഗിച്ചത് നൂറു ശതമാനം ശരിയാണ്. ഞാൻ മലപ്പുറം ജില്ലക്കാരനാണ്. മുപ്പത്തിയഞ്ചു വർഷം മുമ്പാണ് പ്രവാസ ജീവിതം തുടങ്ങിയത്. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്തതിനാൽ നാട്ടിൽ നാടൻ ജോലികൾ ചെയ്തു ജീവിക്കുമ്പോഴാണ് വീട് പണയപ്പെടുത്തി ഇങ്ങോട്ട് കയറിയത്. 
ഓഫീസ് ബോയ് ആയിരുന്നു. അറബി നല്ല മനുഷ്യനായിരുന്നു. ഓഫീസിൽ കാര്യമായിട്ട് പണിയൊന്നുമില്ല. അറബിയും കൂട്ടുകാരും വരുമ്പോൾ ചായയും കഹ്‌വയും  ഉണ്ടാക്കണം. ഓഫീസ് വൃത്തിയാക്കണം. ശമ്പളം കുറവായിരുന്നു. എങ്കിലും സുഖമുള്ള ജോലി. എന്നെപ്പോലെ അധികം വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് അന്ന് എ.സിയുള്ള ഓഫീസിൽ പണി കിട്ടലൊക്കെ കുറവാണ്. 
മൂന്നു വർഷത്തിന് ശേഷം നാട്ടിൽ പോയപ്പോൾ കല്യാണം കഴിച്ചു. പെങ്ങന്മാരുടെ കല്യാണവും നടത്തി. അതേ ഓഫീസിൽ തന്നെ ജോലി തുടർന്നു. ശമ്പളത്തിന് പുറമെ അറബി നോമ്പിനും പെരുന്നാളിനുമൊക്കെ വല്ലതും തരും. എന്നാലും വീട്ടിലെ കാര്യങ്ങൾ ശരിയായി നടക്കാൻ അതൊന്നും മതിയാവില്ലായിരുന്നു. അധികം ബുദ്ധിമുട്ട് ഇല്ലാത്ത ജോലി വിട്ടു പോകാൻ താല്പര്യം തോന്നിയില്ല. 
നിങ്ങൾ പറഞ്ഞ പോലെ ശമ്പളം വർധിപ്പിക്കാൻ പുതിയതായി എന്തെങ്കിലും പഠിക്കാനും തോന്നിയില്ല. ഉള്ള സമയം പത്രം വായിച്ചും സൊറ പറഞ്ഞും തീർത്തു. ഇപ്പോൾ മക്കളൊക്കെ വലുതായി ഒരു മോളെ കല്യാണം കഴിച്ചുവിട്ടു. ഇനിയുമുണ്ട് രണ്ടു പെൺകുട്ടികൾ. ആൺകുട്ടി പത്താം ക്ലാസ്സ് കഴിഞ്ഞിട്ടേയുള്ളൂ. ഭാര്യയുടെ നിർബന്ധം സഹിക്കാൻ വയ്യാത്തത് കൊണ്ടാണ് ഉപ്പ മരിച്ചപ്പോൾ കിട്ടിയ ആറ് സെന്റിൽ കിട്ടിയ സ്ഥലത്ത് നിന്നൊക്കെ കടം വാങ്ങി ഒരു വീട് വെച്ചത്.. പണിയൊന്നും ഇപ്പോഴും കഴിഞ്ഞിട്ടില്ല. എന്നാലും മഴയും വെയിലും കൊള്ളില്ല. 
രണ്ടു വർഷം മുമ്പ് എന്റെ അറബി മരിച്ചു. അറബിയുടെ മരണ ശേഷം ബിസിനസ് നോക്കുന്നത് അറബിയുടെ മക്കളാണ്. ചെറുപ്പം മുതലേ കണ്ടു പരിചയമുള്ള കുട്ടികളാണ് അവർ. എന്നാലും അറബിയുള്ള കാലത്തെ പോലെ ജോലി ചെയ്യാനുള്ള സന്തോഷം കിട്ടുന്നില്ല. അറബിയുടെ മരണ ശേഷം മക്കൾ ബിസിനസ് കുറെ വ്യാപിപ്പിച്ചു. ഇരുപത്തിമൂന്നാം വയസിലുള്ള ആരോഗ്യമല്ലല്ലോ അൻപത്തിയെട്ടിൽ. പഴയ പോലെ വേഗം ഒന്നുമില്ല. ഓഫീസിൽ മുമ്പത്തെ പോലെ അറബി മാത്രമല്ല, ഒരുപാട് പേർ ജോലി ചെയ്യുന്നുണ്ട്. അവർക്കു വേണ്ടതൊന്നും ഓഫീസ് ബോയി എന്ന നിലയിൽ എനിക്ക് ചെയ്യാനും പറ്റുന്നില്ല. ഓടിയിട്ട് എത്തുന്നില്ല. ഞാനിപ്പോൾ ഓഫീസ് ബോയ് അല്ലല്ലോ. ഓഫീസ് കെളവനല്ലേ. അയാൾ ജീവനില്ലാത്ത ചിരി ചിരിച്ചു. രണ്ടാഴ്ച മുമ്പാണ് എന്നോട് ജോലി രാജിവെച്ച് പോകാൻ പറഞ്ഞത്. മുപ്പത്തിയഞ്ച് വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും പെട്ടെന്ന് ഒരു ദിവസം പോകാൻ പറഞ്ഞപ്പോൾ വലിയ സങ്കടമായി. അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പക്ഷേ പോയല്ലേ പറ്റൂ. ഇതൊരു ബിസിനസല്ലേ. ജോലിയല്ലേ. അവർക്കും കാര്യങ്ങൾ നടക്കേണ്ടേ. അയാൾ തുടർന്ന് കൊണ്ടിരുന്നു...
സാർ പറഞ്ഞത് പോലെ ജോലിസ്ഥലം എനിക്ക് നല്ല സുഖമുള്ള ഇടമായിരുന്നു. പലപ്പോഴും നല്ല ജോലിയിലേക്ക് മാറാൻ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. അന്നൊക്കെ അവിടെ ഇതുപോലെ ജോലി എളുപ്പമാകുമോ?. അറബി നല്ലതായിരിക്കുമോ തുടങ്ങിയ പേടി കാരണം ശ്രമിച്ചില്ല. പത്താം ക്ലാസ് എഴുതിയെടുക്കാനും കംപ്യൂട്ടർ പഠിക്കാനും അവസരങ്ങൾ ധാരാളമുണ്ടായിരുന്നു. ഓഫീസ് ബോയിക്ക് എന്തിനാണ് ഇതൊക്കെ എന്ന മട്ടിൽ വെറുതെ സമയം കളഞ്ഞു. ഇപ്പോൾ ആ ജോലിക്കും ഞാൻ കൊള്ളാത്തവനായിരിക്കുന്നു സാർ. എന്ത് ചെയ്യണമെന്ന് അറിയില്ല. വേറെ ഒരു ജോലിയും അറിയില്ല. ഈ പ്രായത്തിൽ ഇവിടെ ആര് ജോലി തരാനാണ്. നാട്ടിൽ ചെന്നാൽ എന്ത് ചെയ്യുമെന്നും അറിയില്ല. വിസ കാൻസൽ ചെയ്തു നിൽക്കാണ്. പടച്ചോൻ ഒരു വഴി കണ്ടിട്ടുണ്ടാകും. എന്റെ അനുഭവം എല്ലാവരോടും പറയണം. എന്നെ പോലെ ജീവിതം ഇനി ആരും നശിപ്പിക്കരുത്. 
എന്റെ പിതാവിന്റെ പ്രായമുള്ള മനുഷ്യൻ. പിതാവിന്റെ അതേ ജീവിതാനുഭവം. അവസാനം ഒന്നും ബാക്കിയാക്കാതെ  തിരിച്ചു പോകേണ്ടി വന്നു. മുപ്പത്തിയഞ്ചു വർഷമാണ് ഒരേ കമ്പനിയിൽ ജീവിച്ചത് എങ്കിൽ ജോലി മാറാനുള്ള ഭയം കാരണം ജിദ്ദയിലെ ഒരു ബേക്കറിയുടെ അടുക്കളയിൽ എന്റെ പിതാവ് ചെലവഴിച്ചത് മുപ്പത്തിമൂന്നു വർഷമാണ്. ഒരേ ജോലി, വലിയ മാറ്റമില്ലാത്ത ശമ്പളം. അവസാനം കടങ്ങളും രോഗങ്ങളും ഭാവിയെ കുറിച്ചുള്ള ആശങ്കളും ബാക്കിയാക്കി മടക്കം. വരുമാനം ഇല്ലാതാവുമ്പോൾ നേരിടേണ്ടി വരുന്ന അവഗണന. 
മുൻതലമുറയുടെ സമാന ജീവിതാനുഭവങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നു.  
പുതിയ ലോകം ഇന്ന് ഒരു സ്ഥലത്തോ മേഖലയിലോ പരിമിതമായി കിടക്കുന്നില്ല. നിങ്ങൾ ലോകത്ത് എവിടെയാണെങ്കിലും നിങ്ങൾക്ക് എവിടെയും ജോലി ചെയ്യാനും പണമുണ്ടാക്കാനും അഭിരുചി പിന്തുടരാനുമുള്ള അവസരം പുതിയ ലോകം നൽകുന്നുണ്ട്. ഓഫീസിൽ ഇരുന്നു തന്നെ ജോലി ചെയ്താലേ ജീവിക്കാൻ പറ്റൂ, ബിസിനസ് ചെയ്യാൻ ഒരു സ്ഥാപനം വേണം തുടങ്ങിയ സങ്കൽപ്പപങ്ങളെല്ലാം പഴങ്കഥകളാണ്. നിങ്ങൾ എവിടെയാണെങ്കിലും എന്ത് ചെയ്യുന്നുവെങ്കിലും അതിനെയെല്ലാം ആഗോള തലത്തിൽ വിപണനം  ചെയ്യാൻ ഇന്ന് കഴിയും. 
പ്രവാസ ലോകത്ത് കണ്ടുവരുന്ന മോശം തൊഴിൽ പ്രവണതകളിൽ ഒന്ന് മുപ്പതും നാൽപതും വർഷം ഒരേ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്നു എന്നതാണ്. ഇതൊരു കുറ്റമാണോ എന്ന് നിങ്ങൾ ചോദിക്കുന്നുണ്ടാകും. എന്റെ അഭിപ്രായത്തിൽ നിങ്ങൾ ചെയ്യുന്ന ജോലിയിൽ വെല്ലുവിളികൾ ഇല്ല എങ്കിൽ, കൃത്യമായ ഇടവേളകളിൽ നിങ്ങൾക്ക് കൂടുതൽ ഉത്തരാവാദിത്തങ്ങൾ വർധിക്കുന്നില്ല എങ്കിൽ ഇടക്കു മാത്രം കിട്ടാവുന്ന ചെറിയ ശമ്പള വർധനവിനും ജോലിയുടെ സുഖത്തിനും വേണ്ടി ഒരേ കമ്പനിയിൽ നാലുവർഷത്തിൽ കൂടുതൽ ചെലവഴിക്കുന്നത് ഒരു കുറ്റം തന്നെയാണ്. കാരണം നമ്മുടെ കഴിവുകൾ വളരാനുള്ള അവസരത്തെയാണ് നാം നിഷേധിക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ പുതിയ ജോലിയും സാഹചര്യവും നമ്മെ കൂടുതൽ കരുത്തരും കഴിവുള്ളവരും ആക്കി തീർക്കുന്നു എന്ന സത്യം നാം മനസ്സിലാക്കണം.
ആദ്യം ജോലിക്കു കയറുന്ന സ്ഥാപനത്തിൽ തന്നെ ജീവിതം മുഴുവൻ ജോലി ചെയ്യും എന്നുള്ള മനോഭാവം ആദ്യം മാറ്റണം. നിങ്ങളുടെ വിദ്യാഭ്യാസം എന്ത് തന്നെയാവട്ടെ, കൂടുതൽ പഠിക്കാനും അറിയാനും പ്രവർത്തിക്കാനും സമയം കണ്ടെത്തണം. പുതിയ തലമുറക്ക് പ്രവാസ ലോകത്ത് ധാരാളം സമയം ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ കളയുന്ന സമയത്തിന്റെ നാലിലൊന്നു പഠിക്കാൻ മാറ്റിവെച്ചാൽ അഞ്ചു വർഷം കൊണ്ട് നിങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റാനുള്ള അറിവും യോഗ്യതയും സ്വന്തമാക്കാം. പ്രവാസ ലോകത്ത് വലിയ സാധ്യതകൾ നൽകുന്ന ധാരാളം കോഴ്‌സുകൾ ഇന്ന് ലഭ്യമാണ്... ഓൺലൈൻ വഴിയും പഠനത്തിന് വലിയ അവസരമുണ്ട്. കഴിവ് തന്നെയാണ് നിങ്ങളുടെ മൂല്യം നിർണയിക്കുന്നത്. ഈ ലോകം കഴിവുകളുടെതാണ്. നിങ്ങൾക്ക് എത്ര വർഷത്തെ പരിചയമുണ്ട് എന്നോ നിങ്ങളുടെ പ്രായം എത്ര എന്നോ ഇന്നൊരു വിഷയമല്ല. നിങ്ങൾക്ക് എന്ത് കഴിവാണ് ഉള്ളത് എന്നതാണ് പുതിയ ലോകം ചോദിക്കുന്നത്. അത് കൊണ്ട് തന്നെ നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കാൻ വേണ്ടിയാണ് സമയം കണ്ടെത്തേണ്ടത്. സോഷ്യൽ മീഡിയ ഉപയോഗിച്ച് സമയം കളയാൻ മാത്രമല്ല കൈയിലുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം, നിങ്ങളുടെ അഭിരുചികൾ കണ്ടെത്താനും കൂടുതൽ അറിവുകൾ നേടാനും അത് ഉപയുക്തമാവണം. 
അടുത്ത പത്ത് വർഷത്തിനിടയിൽ എന്ത് മാറ്റമാണ് നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്നത് എന്ന കൃത്യമായ ധാരണ വേണം. കാരണം ലോകം അടുത്ത പത്തു വർഷം കൊണ്ട് അത്ഭുതകരമായ മാറ്റങ്ങൾക്ക് സാക്ഷിയാകും. ആ വലിയ മാറ്റത്തിന്റെ കുത്തൊഴുക്കിൽ നാം പുറന്തള്ളപ്പെടാൻ പാടില്ല. മൊബൈൽ ഫോണിന്റെ കാലത്ത് ടെലഫോൺ ബൂത്തുകൾ ഇല്ലാതായിട്ടുണ്ട്. പ്രിന്റഡ് പത്രങ്ങൾ പോലും ഡിജിറ്റൽ വഴിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. സിനിമയും കാഴ്ചയും മീറ്റിംഗുകളും ഓഫീസുമെല്ലാം കയ്യിലുള്ള മൊബൈൽ ഫോണിലേക്കു ചുരുങ്ങിയിട്ടുണ്ട്. വലിയ മാറ്റങ്ങൾ തിരിച്ചറിഞ്ഞു സ്വയം അപ്‌ഡേറ്റ് ചെയ്താൽ എന്നും നമുക്ക് സാധ്യതകളുണ്ട്. ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് സ്വന്തം കഴിവ് വർധിപ്പിക്കുന്നതിനാകണം. കാരണം നിങ്ങളുടെ കഴിവിന്റെ പരിധി വരെ മാത്രമേ നിങ്ങൾക്ക് വളരാനാകൂ, ജോലിയായാലും ബിസിനസായാലും.

Casac Benjali 
International Trainer 
/ Success Coach 
Mob/Watsap : 
00971507023419 
Email: [email protected] 

Latest News