Saturday , April   20, 2019
Saturday , April   20, 2019

കേരള കേന്ദ്ര സർവകലാശാലയിലും കാവിവൽക്കരണം

ജെ.എൻ.യുവിലും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും സംഭവിച്ചതിനു സമാനമായ കാര്യങ്ങൾ കേരളത്തിലും സംഭവിക്കുകയാണോ? അവിടങ്ങളിലുണ്ടായ പോലെ  സംഘപരിവാർ നോമിനികളായ വി.സിയുടെയും മറ്റു ഉന്നതരുടേയും ഫാസിസ്റ്റ് നടപടികളാണ് കാസർകോട് കേന്ദ്രസർവ്വകലാശാലയിലും നടക്കുന്നതെന്നാണ് റിപ്പോർട്ട്. ജെ.എൻ.യു, എച്ച്.സി.യു വിഷയങ്ങൡ ഏറെ പ്രതിഷേധങ്ങളുയർന്ന കേരളത്തിൽ ഇക്കാര്യത്തിൽ ഒരു പ്രതിേഷധവും ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. 
രോഹിത് വെമുലക്കുണ്ടായപോലെ തന്നെ മാസങ്ങളായി ഫെല്ലോഷിപ്പ് തുക തടഞ്ഞുവെച്ചതിന്റെയും മറ്റുപല മാനസിക സംഘർഷങ്ങളുടെയും ഫലമായി ഗന്തോടി നാഗരാജു  എന്ന ദളിത് ഗവേഷക വിദ്യാർഥി, ആത്മഹത്യക്കുപകരം നിയന്ത്രണം വിട്ടൊന്നു പെരുമാറിയതാണ് ഇപ്പോൾ പ്രശ്‌നങ്ങൾക്ക് കാരണമായത്. ഹോസ്റ്റലിലെ തീ മുന്നറിയിപ്പ് സംവിധാനത്തിന്റെ (ഫയർ അലാറം) കവർ പൊട്ടിച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്. അതിന്റെ പേരിൽ നാഗരാജുവിനെ  കേസിൽ കുടുക്കി തടവിലാക്കി. വി.സിയുടെ നടപടിക്ക് പോലീസും കൂട്ടുനിന്നു.  നടപടിയെ അപലപിച്ച്  സോഷ്യൽ മീഡിയയിൽ പ്രതികരിച്ച ഡോ. പ്രസാദ് പന്ന്യൻ എന്ന അധ്യാപകനെ  വകുപ്പധ്യക്ഷ പദവിയിൽനിന്ന് നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട വിദ്യാർഥി അഖിലിനെ ഡിസ്മിസ് ചെയ്തു. ഇതെല്ലാം നടന്നിട്ട് ദിവസങ്ങളായിട്ടും കാര്യമായ പ്രതികരണമൊന്നും എവിടെനിന്നും ഉണ്ടാകുന്നില്ല. ഇതാണോ ഫാസിസത്തിനെതിരായ നമ്പർ വൺ കേരളം എന്നു ചോദിക്കാതിരിക്കുന്നതെങ്ങിനെ? അതോ ചുരുങ്ങിയത് രോഹിത് വെമുല  ചെയ്ത പോലെ ആത്മഹത്യ ചെയ്താൽ മാത്രമേ നാം പ്രതികരിക്കൂ എന്നുണ്ടോ? അല്ലെങ്കിൽ വിദ്യാർഥി സവർണ്ണനോ കക്ഷിരാഷ്ട്രീയക്കാരനോ ആകണോ? 
രാജ്യം അധ്യാപകദിനം കെങ്കേമമായി അഘോഷിച്ച സമയത്തായിരുന്നു ഈ സംഭവവുമുണ്ടായത്. ഒരു വിദ്യാർത്ഥി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അധ്യാപകർ എന്താണു ചെയ്യേണ്ടത്? നാഗാരാജു എന്ന സീനിയർ ഗവേഷകൻ  ഫയർ അലാറമിന്റെ ചില്ലു പൊട്ടിച്ചെങ്കിൽ അതിലേക്കവനെ നയിച്ച കാരണങ്ങൾ തിരക്കി പരിഹരിക്കുകയല്ലേ വേണ്ടത്?. രാജ്യത്തിന്റെ വിദൂരഭാഗങ്ങളിൽ നിന്നുപോലും അടിസ്ഥാന ദളിത് - ആദിവാസി വിഭാഗങ്ങൾക്ക് ഉന്നതപഠനം നടത്താനുള്ള ചെറിയ സാധ്യതകളാണ് ഇന്നു കേന്ദ്രസർവ്വകലാശാലകളിൽ നിലനിൽക്കുന്നത്. എന്നാൽ സാമ്പത്തികമായി ഏറെ പിന്നിലായ അവർക്ക് അതിനു പറ്റുക ആരുടേയും ഔദാര്യമല്ലാത്ത, അവകാശമായ  ഫെല്ലോഷിപ്പ് കൃത്യമായി കിട്ടിയാൽ മാത്രമാണ്. അത് കാലങ്ങളോളം കിട്ടാതായ ഒരാളുടെ സ്വാഭാവികവികാരമായിരുന്നു അവിടെ സംഭവിച്ചത്. അതിന്റെ പേരിൽ ആ ദളിത് വിദ്യാർത്ഥിയെ തുറുങ്കിലടക്കുക എന്നത് മനപ്പൂർവ്വമാണെന്നു തന്നെ കരുതാം. 
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ദളിത് വിദ്യാർത്ഥികളെ അകറ്റാനുള്ള സവർണ്ണ ഗൂഢാലോചന കൂടുതൽ കൂടുതൽ ശക്തമാകുകയാണെന്നു ഈ സംഭവം കൂടുതൽ വ്യക്തമാക്കുന്നു. ആ സംഘപരിവാർ രാഷ്ട്രീയമിതാ കേരളത്തിലും എത്തിയിരിക്കുന്നു. മറ്റു പല വിഷയങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും നമ്മുടെ പോലീസ് സംഘികൾക്ക് ഒത്താശ ചെയ്യുന്നു. സംഭവത്തിൽ പ്രതിഷധിക്കാനുള്ള സ്വാഭാവികമായ ജനാധിപത്യാവകാശംപോലും തകർക്കപ്പെടുന്നു. ശബ്ദിക്കുന്നവരെ നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് തന്ത്രം തന്നെയാണ് ഇവിടെയും നടപ്പാക്കുന്നത്. ഒപ്പം അവർണ്ണന് വിദ്യക്കവകാശമില്ല എന്ന മൗനാനുവാദവും നടപ്പാക്കപ്പെടുന്നു. രോഹിത് വെമുല പ്രവർത്തിച്ചിരുന്ന അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകനാണ് നാഗരാജു എന്നതും ശ്രദ്ധേയമാണ്. 
കഴിഞ്ഞ നാലു വർഷമായി ഗോപകുമാർ എന്ന വൈസ് ചാൻസലർക്കും അയാളുടെ തലക്ക് മീതെ ഉള്ള ജയപ്രസാദ് എന്ന ആർ.എസ്.എസ് നോമിനിക്കും കീഴിൽ കാസർക്കോട് ഉള്ള കേന്ദ്ര സർവ്വകലാശാലയിൽ എതിർ ശബ്ദങ്ങളെ അടിച്ചൊതുക്കി സംഘ പരിവാറിന്റെ കാവിവൽക്കരണം അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് ഏതാനും സാംസ്‌കാരിക പ്രവർത്തകർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിദ്യാർഥികളുടെ സ്‌കോളർഷിപ്പുകൾ അടക്കമുള്ളവയെല്ലാം ഇല്ലാതെയാക്കിയും ഫീസുകൾ തോന്നും പോലെ വർധിപ്പിച്ചും സർവകലാശാല കച്ചവട സ്ഥാപനവും വിദ്യാർഥികൾ ഉപഭോക്താക്കളും ആണെന്ന ആഗോളീകരണനയമാണ് നടപ്പിലാക്കപ്പെടുന്നത്. ഇതിനെതിരെ ശബ്ദിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് അഖിലും പ്രസാദ് പന്ന്യനും. ഇതാദ്യത്തെ സംഭവമല്ല താനും. ചെറിയ രീതിയിൽ ഇത്തരത്തിൽ വിദ്യാർഥികൾക്കുനേരെയുള്ള കടന്നാക്രമണങ്ങൾ നിരവധി തവണ നടന്നിട്ടുണ്ട്.  പലർക്കും പഠനം തുടരാനാവാതെ പോയിട്ടുണ്ട്. പല അധ്യാപകരും പ്രതികാര നടപടി നേരിടുന്നു. പലരും നൽകിയ കേസുകൾ കോടതിയിലാണ്. പലരേയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കി.  അധ്യാപക സംഘടനയെ പിളർത്തി സംഘപരിവാർ അനുകൂല ഗ്രൂപ്പ് ഉണ്ടാക്കി. വിമതശബ്ദങ്ങളെ തടവിലാക്കലും നിശ്ശബ്ദമാക്കലും തുടരുകയാണ്. തങ്ങൾക്ക് വേണ്ടത്ര സ്വാധീനമില്ലാത്ത സംസ്ഥാനമായ കേരളത്തിൽ, തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയുന്ന ഒരേയൊരു സ്ഥാപനത്തെ കാവിവൽക്കരിക്കാനും ഹൈജാക്ക് ചെയ്യാനുമാണ് ബി.ജെ.പിയുടെ ശ്രമം. അതിനായി ആദ്യം തകർക്കേണ്ടത് എ.എസ്.എ  പോലുള്ള സംഘടനകളാണെന്ന് അവർക്കറിയാം. ആ അജണ്ടയാണ് അവിടെ നടപ്പാക്കപ്പെടുന്നത്. എന്നിട്ടും എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളുടെ മൗനം പേടിപ്പെടുത്തുന്നു എന്നു പറയാതെ വയ്യ. 

Latest News