Saturday , April   20, 2019
Saturday , April   20, 2019

പ്രവാസികളുടെ പണത്തിനു നികുതി; സൗദി കോളമിസ്റ്റ് വിശദീകരിക്കുന്നു

സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ സ്വദേശങ്ങളിലേക്കും മറ്റും അയക്കുന്ന പണത്തിന് പ്രത്യേക നികുതി ബാധകമാക്കണമെന്ന നിർദേശം ബന്ധപ്പെട്ട വകുപ്പുകൾ പഠിക്കുന്നുണ്ടെന്ന് ചില മാധ്യമങ്ങൾ ദിവസങ്ങൾക്കു മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് നിഷേധിച്ചുകൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ സ്ഥിരീകരണവും വന്നു.

http://malayalamnewsdaily.com/sites/default/files/2018/09/14/p6tax130918.jpg

സൗദി സമ്പദ്‌വ്യവസ്ഥയിലും ധനസംവിധാനത്തിലുമുള്ള നിക്ഷേപകരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ചക്കും സഹായകമായ നിലക്ക്, ഔദ്യോഗിക ചാനലുകൾ വഴിയുള്ള സ്വതന്ത്ര മൂലധന നീക്കത്തിന് പിന്തുണ നൽകുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. വിദേശ നിക്ഷേപകങ്ങൾ സൗദിയിലേക്ക് ആകർഷിക്കുന്നതിനും സൗദി സമ്പദ്‌വ്യവസ്ഥയുടെ മത്സരക്ഷമതയും ആകർഷണീയതയും ഉയർത്തുന്നതിനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നതായും നിഷേധക്കുറിപ്പിൽ ധനമന്ത്രാലയം പറഞ്ഞു. 
ഇതേ കിംവദന്തി 2017 ജനുവരിയിലും പ്രത്യക്ഷപ്പെട്ടിരുന്നു. അന്നും ധനമന്ത്രാലയം ഇത് നിഷേധിച്ചിരുന്നു. വീണ്ടും ഇതേ കിംവദന്തി പ്രചരിച്ചത് ആശ്ചര്യകരമാണ്. അസൂയാലുക്കളും ഗൂഢോദ്ദേശ്യക്കാരുമായ ചില കുത്സിത ശക്തികൾ സമൂഹത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് വ്യവസ്ഥാപിതമായി കിണഞ്ഞു ശ്രമിക്കുന്നുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്തെ സുരക്ഷാ ഭദ്രതയും സാമൂഹികൈക്യവും തകർക്കുന്നതിനും അരാജകത്വം വ്യാപിപ്പിക്കുന്നതിനും രാജ്യത്തിന് അപകീർത്തിയുണ്ടാക്കുന്നതിനും രാജ്യത്തിനകത്തും പുറത്തും ശത്രുക്കളെ സൃഷ്ടിക്കുന്നതിനുമാണ് കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് ശ്രമിക്കുന്നവർ ലക്ഷ്യമിടുന്നത്. 
പുരാതന കാലം മുതലുള്ള സമൂഹത്തിന് ഭീഷണി സൃഷ്ടിക്കുന്ന രോഗമാണ് കിംവദന്തി. സമകാലീന യുഗത്തിൽ ഇത് കൂടുതൽ അപകടകരമായി മാറിയിരിക്കുന്നു. ലക്ഷ്യങ്ങൾ നേടുന്നതിന് സാമൂഹികമാധ്യമങ്ങളിലൂടെ വ്യവസ്ഥാപിതമായാണ് കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ പ്രവർത്തിക്കുന്നത്. കിംവദന്തികൾ വേഗത്തിൽ പ്രചരിക്കുന്നതിന് സാമൂഹികമാധ്യമങ്ങൾ സഹായകമാകുന്നു. നന്നായി പഠിച്ച് തയാറാക്കുന്ന ഉള്ളടക്കങ്ങളും സുവ്യക്തവും വൈവിധ്യവുമാർന്ന ശൈലികളും പ്രചരിപ്പിക്കുന്നതിന് അതീവ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന സമയവും പൊതുജനങ്ങൾക്കിടയിൽ കിംവദന്തികൾക്ക് വിശ്വാസ്യതയുണ്ടാക്കുന്നു. 
ശബ്ദ, പ്രകാശ വേഗങ്ങളുമായി മത്സരിച്ചാണ് കിംവദന്തികൾ ആളുകൾക്കിടയിൽ പ്രചരിക്കുന്നത്. സത്യാവസ്ഥയും നിജസ്ഥിതിയും അന്വേഷിക്കുന്നതിനോ അതേ കുറിച്ച് ആലോചിക്കുന്നതിനോ മിനക്കെടാതെ, തങ്ങൾക്ക് കിട്ടുന്നതെല്ലാം പ്രചരിപ്പിക്കുന്ന സാമൂഹികമാധ്യമ ഉപയോക്താക്കളുടെ കോപ്പി ആന്റ് പേസ്റ്റ് സംസ്‌കാരവും കിംവദന്തികൾ ക്ഷണനേരത്തിൽ പ്രചരിക്കുന്നതിന് ഇടയാക്കുന്നു. 
കിംവദന്തികൾക്ക് തടയിടുന്നതിന് സുരക്ഷാ വകുപ്പുകൾ അടുത്ത കാലത്തായി ശക്തമായ നടപടികളെടുക്കുന്നുണ്ട്. കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നുമുണ്ട്. എന്നാൽ ആധുനിക വാർത്താ വിനിമയ വിസ്‌ഫോടനവും ആർക്കും എന്തും പ്രചരിപ്പിക്കുന്നതിന് അവസരം ഒരുക്കുന്ന സാമൂഹികമാധ്യമങ്ങളുടെ പ്രചാരവും വ്യാജ വാർത്തകളുടെ ആധിക്യവും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന്റെ അപകടത്തെ കുറിച്ച് മസ്ജിദുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാധ്യമങ്ങളും വഴി ശക്തമായ ബോധവൽക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 
പരമ്പരാഗത, ഡിജിറ്റൽ മാധ്യമങ്ങൾ വിശ്വാസ്യതയും പ്രൊഫഷനലിസവും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന ബന്ധപ്പെട്ട വകുപ്പുകൾ സുതാര്യത ഉറപ്പുവരുത്തുകയും ശരിയായ വിവരങ്ങൾ യഥാസയമം ലഭ്യമാക്കുകയും വേണം. ഇത് സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ കുറിച്ച് പൊതുജനങ്ങൾക്കുള്ള വിശ്വാസം ശക്തമാക്കുന്നതിനും സഹായിക്കും. 
കൂടുതൽ ഫലപ്രദമായി കിംവദന്തികൾക്ക് തടയിടുന്നതിന് പ്രത്യേക അതോറിറ്റിയോ ഏജൻസിയോ സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തോന്നുന്നു. സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുകയും കിംവദന്തികൾ പ്രത്യക്ഷപ്പെട്ടാലുടൻ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തി അവ നിഷേധിക്കുകയും ചെയ്യുകയായിരിക്കണം അതോറിറ്റിയുടെ ചുമതല. ഇതിലൂടെ കിംവദന്തികൾ മുളയിൽ തന്നെ നുള്ളുന്നതിന് സാധിക്കും. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായ, നിർദേശങ്ങൾ പരിഗണിക്കാവുന്നതുമാണ്.

 (അൽമദീന ദിനപ്പത്രം കോളമിസ്റ്റാണ് ലേഖകൻ)


മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപിൽ ലഭിക്കുന്നതിനായി ജോയിൻ ചെയ്യുക


 

Latest News