Monday , September   24, 2018
Monday , September   24, 2018

ഇതാ സ്‌പെയിനിന്റെ പുതിയ ഷാവിയും ഇനിയെസ്റ്റയും

ലോകകപ്പ് ഫുട്‌ബോളില്‍ നിരാശപ്പെടുത്തിയ സ്‌പെയിനിനെ മുന്‍ ബാഴ്‌സലോണ കോച്ച് ലൂയിസ് എന്റിക്കെ മറ്റൊരു ജൈത്രയാത്രക്കായി കെട്ടിപ്പടുക്കുകയാണ്. ഷാവിയുടെയും ആന്ദ്രെസ് ഇനിയെസ്റ്റയുടെയും ഡാവിഡ് വിയയുടെയും ഡാവിഡ് സില്‍വയുടെയും സുവര്‍ണകാലത്തില്‍ നിന്ന് പുതിയ പ്രതിഭകളുടെ പുതിയ സ്‌പെയിനിനെയാണ് എന്റിക്കെ ലക്ഷ്യം വെക്കുന്നത്. ആരാവും ഈ ടീമിന്റെ മുഖമുദ്രകള്‍. രണ്ട് മികച്ച വിജയങ്ങള്‍ മുന്നോട്ടുള്ള പാതയെക്കുറിച്ച് സൂചന നല്‍കുന്നു. 
മാര്‍ക്കൊ അസന്‍സിയൊ, സൗള്‍ നിഗേസ്, റോഡ്രിഗൊ മോറിനൊ, ഡാനി സെബയോസ് എന്നിവരായിരിക്കും ഈ ടീമിന്റെ എഞ്ചിനുകള്‍. കഴിഞ്ഞ കളികളില്‍ ടീം നേടിയ ഗോളുകളില്‍ മിക്കതിലും അസന്‍സിയോയുടെ പങ്കുണ്ട്. ഇടങ്കാലന്റെ ലോംഗ്‌റെയ്ഞ്ച് ഷോട്ടുകള്‍ വെള്ളിടികളാണ്. 
ലോകകപ്പില്‍ ഉപയോഗിക്കപ്പെടാത്ത സബ്സ്റ്റിറ്റിയൂട്ടായിരുന്ന നിഗേസിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. വെറ്ററന്‍ സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സിനൊപ്പം മധ്യനിരയില്‍ നിഗേസ് വന്നതോടെ സ്‌പെയിന്‍ ആകെ മാറി. പാസ് ചെയ്ത് പാസ് ചെയ്ത് ബോറടിപ്പിക്കുന്ന ടീമിന് ഗതിവേഗം കിട്ടി. മോറിനോയാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരു കളിക്കാരന്‍. സ്‌പെയിനിന്റെ മുന്‍നിരയില്‍ സ്ഥിരം സാന്നിധ്യമാവാന്‍ സാധ്യതയുള്ള കളിക്കാരനാണ് മോറിനൊ.
ലൂക്ക മോദ്‌റിച്ചിനെ പോലൊരു കളിക്കാരനെ നിര്‍വീര്യനാക്കി നിര്‍ത്തുക എളുപ്പമുള്ള ജോലിയല്ല. പ്രഗദ്ഭരായ ഡിഫന്റര്‍മാര്‍ പോലും അതില്‍ പരാജയപ്പെട്ടിട്ടുണ്ട്. ക്രൊയേഷ്യക്കെതിരായ കളിയില്‍ മോദ്‌റിച്ചിനെ നിര്‍വീര്യനാക്കിയതോടൊപ്പം കൃത്യമായ പാസുകളിലൂടെ മുന്നേറ്റത്തിലും സെബയോസ് നിര്‍ണായക സംഭാവന നല്‍കി.