Monday , September   24, 2018
Monday , September   24, 2018

പിണറായിയുടെ മടക്കയാത്ര തീരുമാനമായില്ല

തിരുവനന്തപുരം- അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മടക്കം തീരുമാനമായിട്ടില്ലെന്നതിനാൽ അടുത്ത ആഴ്ച മന്ത്രിസഭായോഗം ചേരാൻ തീരുമാനം. കഴിഞ്ഞ രണ്ട് ആഴ്ചകളിലും യോഗം ഉപേക്ഷിച്ചത് വിമർശത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് 19ന് യോഗം ചേരുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് മന്ത്രിമാരുടെ ഓഫീസുകളിലെത്തി. എന്നാൽ, അജൻഡയിൽ കാര്യമായി ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗം പരിഗണിച്ച വിഷയങ്ങൾ തന്നെയാകും മന്ത്രിസഭായോഗത്തിലും പ്രധാനമായി ചർച്ച ചെയ്യുക.
രണ്ടാഴ്ചയായി മന്ത്രിസഭായോഗം ചേരാത്തതിനാൽ പ്രളയക്കെടുതി പുനരധിവാസ പ്രവർത്തനങ്ങൾ ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ തീരുമാനം വൈകുകയാണെന്ന് വിമർശം ഉയർന്നിരുന്നു. മുഖ്യമന്ത്രി അമേരിക്കയിൽ പോയതോടെ ഭരണ സ്തംഭനം ഉണ്ടായിരിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് അടുത്ത ആഴ്ച യോഗം ചേരാൻ തീരുമാനിച്ചത്.  മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കാനുള്ള ചുമതല ഇ.പി ജയരാജന് നൽകി ഗവർണർ ഉത്തരവിറക്കിയിരുന്നു. മുഖ്യമന്ത്രിയുടെ താൽക്കാലിക ചുമതല ആർക്കും നൽകാത്തതിനാൽ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനമൊന്നും എടുക്കാനാവില്ല.കഴിഞ്ഞ ബുധനാഴ്ച മന്ത്രിമാരെല്ലാം തലസ്ഥാനത്തുണ്ടായിരുന്നു. അതിന് ശേഷം ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി വിവിധ ജില്ലകളിലാണ്. ഈ മാസം പതിനഞ്ചോടെ ഇത് പൂർത്തിയാകും. 17ന് മുഖ്യമന്ത്രി മടങ്ങിയെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചികിത്സ പൂർത്തിയാകാത്ത സാഹചര്യത്തിൽ ഒരാഴ്ച കൂടി വൈകുമെന്നാണ് സൂചന. മുഖ്യമന്ത്രി മടങ്ങിവരുന്നതിനെ കുറിച്ച് മന്ത്രിമാർക്കുപോലും കാര്യമായ വിവരമില്ല.
മുഖ്യമന്ത്രി പോയതിന് ശേഷം കാര്യമായ തീരുമാനങ്ങളൊന്നുമുണ്ടാകുന്നില്ലെന്ന വിമർശം ശക്തമാണ്. അതേസമയം, മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ട ഫയലുകൾ ഇലക്‌ട്രോണിക് സംവിധാനം വഴി അദ്ദേഹം തീർപ്പാക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച്, ആഘോഷങ്ങൾ ഒഴിവാക്കൽ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് ഉത്തരവുകളാണ് പ്രധാനമായി ഇറങ്ങിയത്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ച ധനസഹായ വിതരണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പമ്പ പുനർനിർമ്മാണ ചുമതല ടാറ്റക്ക് നൽകിയതിനാൽ അവിടെയും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. മറ്റു മേഖലകളിൽ സ്തംഭനാവസ്ഥയുണ്ടെന്നാണ് പ്രധാന വിമർശം. ഇ.പി.ജയരാജൻ അധ്യക്ഷത വഹിക്കുന്ന മന്ത്രിസഭാ യോഗത്തിൽ എത്രമന്ത്രിമാർ പങ്കെടുക്കുമെന്ന് കണ്ടറിയേണ്ടതാണ്. ഡോ.തോമസ് ഐസക്, എ.കെ.ബാലൻ, ജി.സുധാകരൻ തുടങ്ങിയ ഭരണപരിചമുള്ള മന്ത്രിമാർക്ക് സഹകരിക്കുമോ എന്നും സംശയമാണ്.