Monday , September   24, 2018
Monday , September   24, 2018

സൗദിയില്‍ റെയ്ഡ് തുടരുന്നു; അടച്ചിട്ട സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം

  • നിരവധി സ്ഥാപനങ്ങൾ സൗദിവൽക്കരണം പാലിച്ചു
  • സൗദി ഉദ്യോഗാർഥികളെ കിട്ടാനില്ലെന്ന് തൊഴിലുടമകളുടെ പരാതി

റിയാദ്- കഴിഞ്ഞ ചൊവ്വാഴ്ച മുതൽ പുതുതായി നാലു മേഖലകളിൽ കൂടി സൗദിവൽക്കരണം നിർബന്ധമാക്കിയതോടെ റെയ്ഡുകളും ശിക്ഷാ നടപടികളും ഭയന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്തുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. തൊഴിൽ, വാണിജ്യ, മുനിസിപ്പൽ, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക സംഘങ്ങൾ വിവിധ പ്രവിശ്യകളിലും പ്രധാന നഗരങ്ങളിലും നടത്തിയ പരിശോധനകളിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 
ഈ സ്ഥാപനങ്ങൾ അടച്ചിടുന്നതിന് ഉടമകളെ പ്രേരിപ്പിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തും. സൗദിവൽക്കരണ തീരുമാനം ലംഘിക്കുന്നതിന് അനുവദിക്കില്ലെന്നും തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 
സൗദിവൽക്കരണ തീരുമാനം പ്രാബല്യത്തിൽ വന്ന ചൊവ്വാഴ്ച മുതൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിട്ടുണ്ട്. 
നല്ലൊരു ശതമാനം സ്ഥാപനങ്ങൾ സൗദിവൽക്കരണം പാലിച്ചതായി ആദ്യ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ബോധ്യപ്പെട്ടതായി തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി സത്താം അൽഹർബി അറിയിച്ചു. റെയ്ഡുകൾക്കിടെ നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവ താരതമ്യേന കുറവാണ്. സൗദിവൽക്കരണം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച തൊഴിലുടമകളുടെ അവബോധവും സ്വദേശിവൽക്കരണവും വരുംദിവസങ്ങളിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി സൗദി യുവതീയുവാക്കൾ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങളായി തൊഴിൽ കാത്തിരുന്ന നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ജോലി ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ യൂനിവേഴ്‌സിറ്റി ബിരുദധാരികളും വിദ്യാർഥികളുമുണ്ടെന്ന് സത്താം അൽഹർബി പറഞ്ഞു.
കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മുതൽ സൗദിവൽക്കരണം നിർബന്ധമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ റെയ്ഡ് ഭയന്ന് നിരവധി സ്ഥാപനങ്ങൾ അടച്ചിട്ടിരുന്നു. ചില സ്ഥാപനങ്ങൾ സാധനങ്ങൾ കാലിയാക്കി മുൻവശത്ത് മുറികൾ വാടകക്ക് നൽകുമെന്ന് അറിയിച്ച് പോസ്റ്ററുകൾ പതിച്ചു. മറ്റു ചില സ്ഥാപനങ്ങൾ അടച്ചിട്ട് മുൻവശത്ത് സ്റ്റോക്കെടുപ്പ് നടക്കുകയാണെന്ന പോസ്റ്ററുകൾ പതിച്ചു. 
അതേസമയം, സൗദി ഉദ്യോഗാർഥികളെ കിട്ടാനില്ലെന്ന് സ്ഥാപനങ്ങളിലെ ജീവനക്കാരും തൊഴിലുടമകളും പരാതിപ്പെട്ടു. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് വിഹിതം അടച്ചു കഴിഞ്ഞ് വേതനമായി നാലായിരം റിയാൽ കൈയിൽ ലഭിക്കണമെന്നതും രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു ഷിഫ്റ്റിൽ മാത്രമായി ജോലി പരിമിതപ്പെടുത്തണമെന്നതും അടക്കം കടുത്ത വ്യവസ്ഥകളാണ് ഉദ്യോഗാർഥികൾ മുന്നോട്ടുവെക്കുന്നതെന്ന് ജിദ്ദയിൽ പുരുഷ ഉൽപന്നങ്ങൾ വിൽക്കുന്ന കടയിലെ ജീവനക്കാരനായ അയ്മൻ അബ്ദുല്ല പറഞ്ഞു. സൗദിവൽക്കരണം നടപ്പാക്കുന്നതിന് സാധിക്കാത്തതിനാൽ വലിയ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് സാധനങ്ങൾ വിറ്റൊഴിവാക്കി കടകൾ അടച്ചുപൂട്ടുന്നതിന് നിരവധി പേർ ശ്രമിക്കുന്നുണ്ടെന്ന് ഇതേ മേഖലയിൽ ജോലി ചെയ്യുന്ന മുഹമ്മദ് സ്വാലിഹ് പറഞ്ഞു.