Wednesday , March   20, 2019
Wednesday , March   20, 2019

സ്‌പെയിനിൽനിന്ന് സൗദി അറേബ്യക്ക് ലേസർ ഗൈഡഡ് ബോംബുകൾ 

റിയാദ്- അതീവ കൃത്യതയോടെ ലക്ഷ്യങ്ങൾക്കു നേരെ ആക്രമണം നടത്തുന്നതിന് ശേഷിയുള്ള ലേസർ ഗൈഡഡ് ബോംബുകൾ സ്‌പെയിൻ സൗദി അറേബ്യക്ക് നൽകുന്നു. ഇത്തരത്തിൽ പെട്ട 400 ബോംബുകൾ സൗദിക്ക് കൈമാറുന്നതിന് തീരുമാനിച്ചതായി സ്പാനിഷ് വിദേശ മന്ത്രി ജോസഫ് ബോറെൽ അറിയിച്ചു. 2015 ൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച ആയുധ കരാറിന്റെ ഭാഗമായാണ് സൗദി അറേബ്യക്ക് ലേസർ ഗൈഡഡ് ബോംബുകൾ നൽകുന്നത്. 
കരാർ നടപ്പാക്കാതിരിക്കുന്നത് ന്യായീകരിക്കുന്ന നിയമ ലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഈ കരാർ നടപ്പാക്കൽ നിർബന്ധമാണെന്നും വിദേശ മന്ത്രി പറഞ്ഞു. സൗദി അറേബ്യയുമായുള്ള തന്ത്രപ്രധാന ബന്ധം കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി ആയുധ കരാർ വിഷയത്തിൽ സൗദിയുമായി സഹകരിക്കുന്നതിനുള്ള സന്നദ്ധത കഴിഞ്ഞ ദിവസം സ്‌പെയിൻ അറിയിച്ചിരുന്നു. സൗദി ആയുധ കരാർ സ്പാനിഷ് യുദ്ധക്കപ്പൽ നിർമാണ കമ്പനി നവാൻഷ്യക്ക് പുതുജീവൻ നൽകും. യുദ്ധക്കപ്പൽ കരാർ റദ്ദാക്കുന്ന പക്ഷം ജോലി നഷ്ടപ്പെട്ടേക്കുമെന്ന ഭീതി കമ്പനി ജീവനക്കാർ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.