Sunday , November   18, 2018
Sunday , November   18, 2018

സൗദിവൽക്കരണം: റിയാദിൽ 16 നിയമലംഘനങ്ങൾ കണ്ടെത്തി

പുതുതായി സൗദിവൽക്കരണം നിർബന്ധമാക്കിയ സ്ഥാപനങ്ങളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. 

റിയാദ്- മുഹറം ഒന്നു മുതൽ പുതുതായി നാല് മേഖലകളിൽ സൗദിവൽക്കരണം കർശനമാക്കിയതിനെ തുടർന്ന് നടന്ന പരിശോധനകളിൽ റിയാദിൽ 16 നിയമ ലംഘനങ്ങൾ കണ്ടെത്തി. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖയും ബന്ധപ്പെട്ട വകുപ്പുകളും നടത്തിയ പരിശോധനകളിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിയമ ലംഘനങ്ങൾക്ക് പത്തു സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. 
റിയാദിൽ 99 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധനകൾ നടത്തിയതെന്ന് റിയാദ് തൊഴിൽ മന്ത്രാലയ ശാഖ മേധാവി യൂസുഫ് അൽ സയ്യാലി പറഞ്ഞു. കാർ-ബൈക്ക് ഷോറൂമുകളിലും റെഡിമെയ്ഡ് വസ്ത്രങ്ങളും കുട്ടികൾക്കുള്ള വസ്ത്രങ്ങളും പുരുഷ ഉൽപന്നങ്ങളും വിൽക്കുന്ന കടകളിലും ഫർണിച്ചർ കടകളിലും പാത്ര കടകളിലുമായിരുന്നു പരിശോധന. 
നജ്‌റാനിൽ കഴിഞ്ഞ ദിവസം 162 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗദിവൽക്കരണം നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട 36 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി തൊഴിൽ മന്ത്രാലയ ശാഖ ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഹാസിമി അറിയിച്ചു. ബീശയിൽ 18 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ബീശ ലേബർ ഓഫീസ് മേധാവി സ്വഖ്ർ അൽശംറാനി പറഞ്ഞു. ഈ സ്ഥാപനങ്ങളിൽ 28 സൗദികൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയെന്നും നിയമ ലംഘനങ്ങളൊന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം അറിയിച്ചു. 
ഘട്ടംഘട്ടമായി പുതുതായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം ജനുവരി അവസാനത്തിലാണ് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിൽ വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലും മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്ലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും സൗദിവൽക്കരണം നിർബന്ധമാക്കും.