Monday , September   24, 2018
Monday , September   24, 2018

കെ.എം.സി.സി പ്രോത്സാഹനം ശ്ലാഘനീയം -അബു ഇരിങ്ങാട്ടിരി

ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമത്തിൽ പ്രസിഡന്റ് വി.പി.മുസ്തഫ അബു ഇരിങ്ങാട്ടിരിക്ക് മെമന്റോ നൽകുന്നു. 

ജിദ്ദ- പ്രവാസികൾക്കിടയിൽ സേവന പ്രവർത്തനങ്ങൾ നടത്തുമ്പോഴും പുസ്തകങ്ങൾ വായിക്കാനും അതിനെ പ്രോത്സാഹിപ്പിക്കാനും കെ.എം.സി.സി കാണിക്കുന്ന  താൽപര്യം ശ്ലാഘനീയമാണെന്ന് പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമായ അബു ഇരിങ്ങാട്ടിരി പറഞ്ഞു. പ്രവാസം മതിയാക്കി മടങ്ങുന്നത് പ്രമാണിച്ച് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസം നിരവധി അനുഭവങ്ങളാണ് സമ്മാനിച്ചത്. മറ്റുള്ളവരുടെ വേദന അകറ്റാൻ ജോലി കഴിഞ്ഞുള്ള വിശ്രമവേള ഉപയോഗപ്പെടുത്തുന്ന പ്രവാസികൾ തങ്ങളുടെ സ്വന്തം കാര്യങ്ങളിലും ശ്രദ്ധ പുലർത്തണം. മനസ്സിലൂടെ കടന്നുപോയ ചില വസ്തുതകളാണ് ഞാൻ വായനക്കാരുമായി പങ്കുവെച്ചത്. ചില കാര്യങ്ങൾ രേഖപ്പെടുത്തുകയും അടയാളപ്പെടുത്തുകയും മാത്രമായിരുന്നു ചെയ്തിരുന്നത്. ഒരു പ്രതേൃക പക്ഷത്തിന്റെ ആളായി മാറാൻ എനിക്കാവില്ല. അതേസമയം കഴിഞ്ഞ കാലങ്ങളിൽ എനിക്ക് പ്രചോദനം നൽകിയവരോടും എന്റെ കൂടെ ഉറച്ച് നിന്നവരോടും എനിക്ക് കടപ്പാടുമുണ്ട്. മണലാരണ്യത്തിൽ വിയർപ്പൊഴുക്കുന്ന ആയിരങ്ങളുടെ സഹായം കൊണ്ട് ജീവൻ നിലനിർത്തി പോകുന്ന നിരവധിയാളുകളാണ് നാട്ടിലുള്ളത്. കെ.എം.സി.സിയുടെ സേവന പ്രവർത്തനങ്ങളെ അങ്ങേയറ്റം ശ്ലാഘിക്കുന്നതായും അബു ഇരിങ്ങാട്ടിരി പറഞ്ഞു.
മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സയ്യിദ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അരിമ്പ്ര അബൂബക്കർ, ട്രഷറർ അൻവർ ചേരങ്കൈ, ഭാരവാഹികളായ റസാഖ് മാസ്റ്റർ, സി.സി കരീം, ലത്തീഫ് മുസ്‌ല്യാരങ്ങാടി, നാസർ മച്ചിങ്ങൽ, ഇസ്ഹാഖ് പൂണ്ടോളി, ജില്ലാ ഭാരവാഹികളായ പി.എം.എ ഗഫൂർ പട്ടിക്കാട്, അബൂബക്കർ അരീക്കോട് എന്നിവർ സംസാരിച്ചു. ജില്ലാ കെ.എം.സി.സിയുടെ ഉപഹാരം വി.പി മുസ്തഫ കൈമാറി. ഹസ്സൻ കോൽമണ്ണ ഖിറാഅത്ത് നിർവഹിച്ചു. മജീദ് കോട്ടീരി സ്വാഗതവും മജീദ് അരിമ്പ്ര നന്ദിയും പറഞ്ഞു.