Tuesday , April   23, 2019
Tuesday , April   23, 2019

ഗൂഗിൾ തളരുമോ? 

മൈക്രോസോഫ്റ്റിന്റെ ഗതിയാണ് ഗൂഗിളിനെ കാത്തിരിക്കുന്നതെന്ന് അമേരിക്കൻ ജനപ്രതിനിധികൾ 

സ്മാർട്ട് ഫോൺ, ഇ-മെയിൽ, സെർച്ച്, ഓൺലൈൻ വിഡിയോ, ഭൂപടങ്ങൾ അങ്ങനെ സകലമേഖലകളിലും മേധാവിത്തം തുടരുന്ന ഗൂഗിളിനെ പാഠം പഠിപ്പിക്കാനൊരുങ്ങുകയാണ് അമേരിക്കയിലേതുൾപ്പെടെ വിവിധ സർക്കാരുകളും ജനപ്രതിനിധികളും. ശതകോടിക്കണക്കിന് ഉപയോക്താക്കളെ തങ്ങളുടെ മേധാവിത്തത്തിൽ തളച്ചിട്ട് ഗൂഗിൾ ചൂഷണം ചെയ്യുകയാണെന്നും അവരുടെ രഹസ്യ വിവരങ്ങളൊക്കെയും ഗൂഗിൾ കൈക്കലാക്കിയിരിക്കയാണെന്നുമാണ് ആരോപണം. ഒരു കാലത്ത് മൈക്രോസോഫ്റ്റ് കൈയടക്കിയ മേധാവിത്വവും സ്വാധീനവുമാണ് ഇപ്പോൾ ഗൂഗിൾ സ്വന്തമാക്കിയിരിക്കുന്നത്. ഈ അഹങ്കാരത്തിൽ ഗൂഗിൾ തുടരുന്ന ധാർഷ്ട്യ സമീപനം അവരുടെ അന്ത്യത്തിന്റെ സൂചനയാണ് നൽകുന്നതെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. 
ഗൂഗിളിന്റെ ബിസിനസ് രീതികളെ കുറിച്ചും സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതിനെ കുറിച്ചും പുതിയ അന്വേഷണത്തിനൊരുങ്ങുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യു.എസ് അധികൃതരുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പെട്ടെന്ന് ഗൂഗിളിന് ക്ഷീണമൊന്നും സംഭവിക്കില്ലെങ്കിലും ഇത് ഗൂഗിളിന്റെ പതനത്തിന്റെ തുടക്കമായി വിദഗ്ധർ കാണുന്നു.  ഗൂഗിളിന്റെ ബിസിനസ് രീതി അമേരിക്കക്കു പുറമെ, യൂറോപ്പിലും വൻ വിമർശനമാണ് നേരിടുന്നത്. യൂറോപ്യൻ കമ്മിഷൻ ഏകദേശം 7.8 ബില്യൻ ഡോളറാണ് ഗൂഗിളിന് പിഴ വിധിച്ചത്. 
ഇരുപതാം വർഷത്തിലേക്ക് കടന്ന ഗൂഗിളിന് പറയാനുള്ളത്  ബിസിനസ് വിജയങ്ങളുടെ കഥ മാത്രമാണ്. സ്ഥാപകരായ സെർഗായ് ബ്രിന്നും ലാറി പേജും ഇന്റർനെറ്റിലെ അറിവുകൾ മുഴുവൻ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ എന്ന സെർച്ച് എൻജിൻ തുടങ്ങിയത്. സെർച്ച് എൻജിൻ വൻവിജയമായതോടെ സ്മാർട് ഫോണിലേക്കും ഓൺലൈൻ വിഡിയോയിലേക്കും ഇമെയിലിലേക്കും മാപ്‌സിലേക്കും നിർമിത ബുദ്ധിയിലേക്കും മറ്റനവധി മേഖലകളിലേക്കും പ്രവേശിച്ച് ഇന്ന് ലോകത്തെ ഏറ്റവും കരുത്തുറ്റ കമ്പനിയായിരിക്കയാണ് ഗൂഗിൾ. 
അമേരിക്കയിലുള്ളവരടക്കം ലോകമെമ്പാടുമുള്ള ടെക്‌നോളജി അവബോധമുളള ജനപ്രതിനിധികളും നിയമജ്ഞരും ഇപ്പോൾ ചോദിക്കുന്ന ചോദ്യം ഗൂഗിളിന് അത്രമാത്രം ശക്തിയുണ്ടോ എന്നാണ്.
ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ ദിവസവും ഗൂഗിളിന്റെ ഒരു സേവനമെങ്കിലും ഉപയോഗിക്കാതിരിക്കുന്നില്ല. കാരണം,  ഗൂഗിളിന്റെ സേവനങ്ങൾ അത്രമേൽ സർവസാധാരണവും ഒഴിച്ചുകൂടാനാവാത്തതുമായിരിക്കുന്നു. ഇതിലൂടെ ഗൂഗിൾ ലോകത്തെ മനുഷ്യരെപ്പറ്റിയുള്ള സ്വകാര്യ വിവരങ്ങൾ വേണ്ടുവോളം ചോർത്തിക്കൊണ്ടിരിക്കുന്നു. 
സെർച്ചിലും വിഡിയോയിലും അടക്കം നിരവധി മേഖലകളിൽ മേധാവിത്തം പുലർത്തുന്ന ഗൂഗിൾ ഈ വർഷം പരസ്യ വരുമാനമായി നേടാൻ പോകുന്നത് ഏകദേശം 110 ബില്യൻ ഡോളറാണെന്നു പറയുന്നു. ലോകത്തെ 80 ശതമാനം സ്മാർട്ട് ഫോണുകളിലും ഉപയോഗിക്കുന്ന ആൻഡ്രോയിഡിൽനിന്നാണ് ഇതിൽ സിംഹഭാഗവും കമ്പനി ഉണ്ടാക്കുന്നത്. ഏറ്റവും വലിയ വിഡിയോ ഷെയറിങ് സൈറ്റായ യുട്യൂബ്, ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ബ്രൗസറായ ക്രോം, ജി-മെയിൽ, മാപ്‌സ് തുടങ്ങിയ സേവനങ്ങളും കമ്പനിക്കു ശക്തി പകരുന്നു.
ഗൂഗിൾ കൂടി ഉൾക്കൊള്ളൂന്ന  ആൽഫബെറ്റ് കമ്പനിയുടെ നിലവിലെ ആസ്തി 800 ബില്യൻ ഡോളറാണ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അടക്കമുള്ള ഡേറ്റ ശേഖരിച്ചും വിൽപന നടത്തിയുമൊക്കെയാണ് ഗൂഗിൾ വൻ വരുമാനമുണ്ടാക്കുന്നത്. 
സാങ്കേതിക ലോകത്തെ വിദഗ്ധർ ഗൂഗിളിന്റെ വിജയത്തെ നേരത്തെ ഈ മേഖലയിൽ മേധാവിത്തമുറപ്പിച്ചിരുന്ന മൈക്രോസോഫ്റ്റുമായാണ് താരതമ്യം ചെയ്യുന്നത്. ഒരു കാലത്ത് മൈക്രോസോഫ്റ്റിന്റെ സ്വാധീനവും മേധാവിത്തവും യു.എസ് അധികൃതർക്ക് സമ്മാനിച്ച തലവേദനയാണ് ഗൂഗിൾ ഇപ്പോൾ അവർക്ക് സമ്മാനിക്കുന്നത്. 1998 ൽ ഗൂഗിൾ തുടങ്ങുന്ന കാലത്ത് മൈക്രോസോഫ്റ്റിന്റെ ശക്തിയിൽ യു.എസ് അധികൃതർ ആശങ്കാകുലരായിരുന്നു. തങ്ങളുടെ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏകാധിപത്യത്തിലൂടെ അവർ ടെക്‌നോളജി ബിസിനസിൽ എതിരില്ലാത്ത കമ്പനിയായി വളർന്നിരുന്നു. ഈ ഏകാധിപത്യം തുടരാതിരിക്കാൻ, അമേരിക്ക മൈക്രോസോഫ്റ്റിനെ മുറിച്ച് ചെറിയ കമ്പനികളാക്കുന്ന കാര്യം  പരിഗണിച്ചിരുന്നുവത്രെ. 
അമേരിക്കൻ അധികൃതരോടും യൂറോപ്പിലെ മേധാവികളോടും പല തലത്തിൽ പൊരുതേണ്ടിവന്ന മൈക്രോസോഫ്റ്റിന് സംഭവിച്ച പാളിച്ചകൾക്കിടയിലാണ് ഗൂഗിൾ മുന്നേറിയത്. അന്നത്തെ മൈക്രോസോഫ്റ്റിന്റെ അവസ്ഥയിലാണ് ഇപ്പോൾ ഗൂഗിൾ എന്നാണ് വിദഗ്ധർ പറയുന്നത്. 
അമേരിക്കൻ സർക്കാരിന്റെ ശ്രദ്ധ ഇപ്പോൾ ഗൂഗിളിൽ പതിഞ്ഞിരിക്കുകയാണ് കമ്പനിയുടെ ഇപ്പോഴത്തെ അഹങ്കാരമാണ്. ഗൂഗിളിന്റെ പതനം അടുത്തു എന്നു പറയുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും, ആൻഡ്രോയിഡ് ആപ് നിർമാതാക്കളോടുള്ള സമീപനവും തുടങ്ങി ഗൂഗിളിനെതിരെ ആരോപണങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള വിചാരണയിൽ പങ്കെടുക്കാൻ ഈയിടെ ഗൂഗിൾ വിസമ്മതിച്ചത് യു.എസ് അധികൃതരെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. 
ഫേസ് ബുക്കിന്റെയും ട്വിറ്ററിന്റെയും പ്രതിനിധികൾ പങ്കെടുത്തപ്പോൾ ഗൂഗിൾ ആരേയും അയച്ചില്ല. കമ്പനി മേധാവി ലാറി പേജോ ഗൂഗിളിന്റെ മേധാവി സുന്ദർ പിച്ചൈയോ പങ്കെടുക്കേണ്ട യോഗമായിരുന്നു അതെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നു. ധാർഷ്ട്യമുള്ള കമ്പനി എന്ന വിശേഷണമാണ് നിഷേധാത്മക സമീപനം ഗൂഗിളിനു നേടിക്കൊടുത്തിരിക്കുന്നത്. 

Latest News