Tuesday , April   23, 2019
Tuesday , April   23, 2019

സമൂഹ മാധ്യമങ്ങൾക്ക് യൂറോപ്യൻ യൂനിയന്റെ അന്ത്യശാസനം

ഭീകരവാദ പ്രചാരണങ്ങൾ നീക്കം ചെയ്യാൻ ഒരു മണിക്കൂർ മാത്രം സമയം
സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീകരവാദ പ്രചാരണത്തിനെതിരെ കടുത്ത നടപടികളുമായി യൂറോപ്യൻ യൂണിയൻ. ഉള്ളടക്കത്തെക്കുറിച്ച് അധികൃതർ പരാതിപ്പെട്ട് ഒരു മണിക്കൂറിനകം സമൂഹമാധ്യമങ്ങൾ നടപടിയെടുക്കണമെന്നു യൂറോപ്യൻ യൂണിയൻ നിർദേശിച്ചു. ഫേസ്ബുക്ക്, ട്വിറ്റർ, മൈക്രോസോഫ്റ്റ്, യു ട്യൂബ് തുടങ്ങിയ വമ്പൻ കമ്പനികളോടാണ് നിർദേശം.
ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു സംഘടനയിലേക്കു ഭീകരർ ആളെക്കൂട്ടുകയും നഗരങ്ങളിൽ ആക്രമണങ്ങളും കൂട്ടക്കൊലപാതകങ്ങളും നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു തീരുമാനം. കമ്പനികൾ സ്വമേധയാ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിനാലാണു നിലപാടു കടുപ്പിക്കുന്നതെന്നു യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഴാങ് ക്ലൗഡ് യങ്കർ പറഞ്ഞു.
ഐ.എസ് ഭീകരരുമായി ബന്ധപ്പെട്ട 7000 ഓൺലൈൻ പ്രചാരണങ്ങളാണു ഈ വർഷം ജനുവരിയിൽ മാത്രം യൂണിയൻ ഇടപെട്ട് സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കിയത്. വിധ്വംസക ഉള്ളടക്കം സ്വന്തംനിലയിലോ റിപ്പോർട്ട് ചെയ്ത് ഒരു മണിക്കൂറിനകമോ നീക്കം ചെയ്യണമെന്നാണു പുതിയ നിർദേശം. ഇല്ലെങ്കിൽ, കമ്പനികളുടെ ആഗോള വരുമാനത്തിന്റെ നാലു ശതമാനം പിഴയായി അടയ്‌ക്കേണ്ടി വരും.
 

Latest News