Tuesday , April   23, 2019
Tuesday , April   23, 2019

വിജയമാർഗത്തിൽനിന്ന് സി.പി.എം ഇനി പിറകോട്ടില്ല

ആദർശം പ്രസംഗിച്ചങ്ങനെ കാനനചോലയിൽ ആടുമേച്ച് നടന്നാൽ ഇന്ത്യയിലെ ഏക ഇടതുപക്ഷ തുരുത്തും ഇല്ലാതാകുമെന്ന ഗുരുതര സന്ദേശം സി.പി.എമ്മിന്റെ കണ്ണിൽനിന്ന് പൊന്നീച്ച പറത്താൻ തുടങ്ങീട്ടിപ്പോൾ കാലമേറെയായി.   ജലന്ധർ ബിഷപ്പിന്റെ കാര്യത്തിലൊക്കെ പാർട്ടിയും സർക്കാരും സ്വീകരിക്കുന്ന നിലപാടിനെതിരെ പ്രതികരിക്കുന്നവരൊന്നും സി.പി.എമ്മിന് ഗുണം വരാൻ ആഗ്രഹിക്കുന്നവരല്ലെന്ന് ആ പാർട്ടിയെ ആരും പഠിപ്പിക്കേണ്ടതില്ല.

ജയിക്കാൻ കഴിയുന്ന രാഷ്ട്രീയ അടവുനയങ്ങളിൽനിന്ന് സി.പി.എം ഇനിയൊരിക്കലും  പിറകോട്ട് പോകില്ല.   ഏറ്റവും അവസാനം ചെങ്ങന്നൂരിൽ നേടിയെടുത്ത വിജയം പാർട്ടിക്ക്  ആരും സ്വർണ്ണത്തളികയിൽ വെച്ച് നീട്ടിയതായിരുന്നില്ല. എൺപതുകൾ തൊട്ട് പാർട്ടിയുടെ ബൗദ്ധിക പണിശാലകളിൽ രൂപം കൊണ്ട തന്ത്രം. എൺപതുകളിലെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ കറുപ്പിലും വെളുപ്പിലും തെളിഞ്ഞ ഗവേഷണ രേഖയിലെ ഉള്ളടക്കം ഏതാണ്ട് ഇങ്ങിനെയായിരുന്നു-  ജാതി മതവിഭാഗങ്ങളുമായി അവരുടെ രാഷ്ട്രീയ പാർട്ടികളുമായല്ലാതെ നേരിട്ട് ബന്ധം സ്ഥാപിക്കുക. ഉദാഹരണത്തിന് ലീഗിലൂടെയല്ലാതെ എന്തിന്  ഐ.എൻ.എല്ലിലൂടെ പോലുമല്ലാതെ മുസ്‌ലിം സമുദായവുമായും കേരള കോൺഗ്രസില്ലാതെ ബന്ധപ്പെട്ട സമൂഹവുമായും ബന്ധമുണ്ടാക്കുകയെന്ന തത്വത്തിന്റെ പ്രഭവകേന്ദ്രം പ്രധാനമായും ഡോ.തോമസ് ഐസക്കായിരുന്നു. ആ ആശയം 'ഒരുപാട് കാലം കേരള രാഷ്ട്രീയത്തിൽ പലമട്ടിൽ ഒഴുകി നടന്നു. പലരും പലതും ആശിച്ചു. മോഹിച്ചു. ഒന്നും ഗതിപിടിച്ചില്ല.  ഒടുവിലത് ചെങ്ങന്നൂർ വിജയമായി സജി ചെറിയാനും പിണറായി വിജയനും ആഘോഷിച്ചപ്പോൾ ധനകാര്യ മന്ത്രി മാത്രമായി കാഴ്ച്ചക്കാരനാകാനേ തോമസ് ഐസക്കിന് യോഗമുണ്ടായുള്ളൂ. അതൊന്നും ഒരിക്കലും സി.പി.എമ്മിനെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമേയല്ല. പാർട്ടിക്കെന്ത് തോമസ് ഐസക്ക്! 
ആദർശം പ്രസംഗിച്ചങ്ങിനെ കാനനചോലയിൽ ആടുമേച്ച് നടന്നാൽ ഇന്ത്യയിലെ ഏക ഇടതുപക്ഷ തുരുത്തും ഇല്ലാതാകുമെന്ന ഗുരുതര സന്ദേശം സി.പി.എമ്മിന്റെ കണ്ണിൽനിന്ന് പൊന്നീച്ച പറത്താൻ തുടങ്ങീട്ടിപ്പോൾ കാലമേറെയായി.   ജലന്ധർ ബിഷപ്പിന്റെ കാര്യത്തിലൊക്കെ പാർട്ടിയും സർക്കാരും സ്വീകരിക്കുന്ന നിലപാടിനെതിരെ പ്രതികരിക്കുന്നവരൊന്നും സി.പി.എമ്മിന് ഗുണം വരാൻ ആഗ്രഹിക്കുന്നവരല്ലെന്ന് ആ പാർട്ടിയെ ആരും പഠിപ്പിക്കേണ്ടതില്ല.  ഇത്തരം പ്രശ്‌നങ്ങൾ എത്ര കണ്ട് അമ്മി കുമ്മായം മറിഞ്ഞാലും സി.പി.എം അതിന്റെ നിലപാട് തറയിൽനിന്ന് അവരുദ്ദേശിക്കാതെ തെല്ലും  പിന്നോട്ട്  പോകില്ലെന്നുറപ്പ്. 
അധികാര കേന്ദ്രങ്ങൾ, സമുദായ നേതൃത്വം എന്നിവയെ കൂടെ നിർത്തിയാൽ പിന്നോട്ട് നോക്കേണ്ടിവരില്ലെന്ന് ചെങ്ങന്നൂരനുഭവം പാർട്ടിയെ അടിമുടി പഠിപ്പിച്ചു കൊടുത്തു. ക്രൈസ്തവ സമുദായത്തിന്റെ മുഖ്യരാഷ്ട്രീയ പാർട്ടിയായ കേരള കോൺഗ്രസിനെപ്പോലും പുറത്ത് നിർത്തി നേടിയെടുത്ത വിജയവും വിശ്വാസ്യതയും വേണ്ടെന്ന് വെച്ച് ജലന്ധർ ബിഷപ്പ് വിരുദ്ധർക്കൊപ്പം ചേർന്നിട്ടെന്ത് ഫലമെന്ന ചോദ്യത്തിന് മുന്നിൽ പാർട്ടിയിലെ അവശിഷ്ട ആദർശവാദികൾക്കും ഉത്തരം മുട്ടുകയാണിപ്പോൾ. 
ആദർശം വേണോ, അധികാരം വേണോ എന്ന ചോദ്യത്തിന് മുന്നിൽ അധികാരം, അധികാരം എന്ന് പാർട്ടി ഓഫീസുകളുടെ ചുമരുകൾ പോലും മർമരം മുഴക്കി പോകുന്ന കാലമാണിത്.   2019 ലെ തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറമൊന്നും സി.പി.എം ഇപ്പോൾ ചിന്തിക്കുന്നേയില്ല. ബി.ജെ.പിയും യു.ഡി.എഫുമൊക്കെ കെട്ടിപ്പൊക്കിയ മനക്കോട്ടകൾ എത്ര തന്ത്രപരമായാണ് ചെങ്ങന്നൂരിൽ സി.പി.എം  തകർത്തെറിഞ്ഞു കളഞ്ഞത്. ഉയർന്ന ജാതി വിഭാഗങ്ങളിലേക്കും പിന്നോക്ക വിഭാഗങ്ങളിലേക്കും പാർട്ടി തന്ത്രത്തിന്റെ കൈകൾ കടന്നു ചെല്ലുകയായിരുന്നു. 
വെള്ളാപ്പള്ളി നടേശനേയും സുകുമാരൻ നായരെയും ഒരു ബഹളവുമില്ലാതെ ഒരേപോലെ  ചേർത്ത് നിർത്താൻ കഴിയുന്നതിലെ രാഷ്ട്രീയം മനസ്സിലാക്കിയാലറിയാം സി.പി.എം പയറ്റി ജയിക്കുന്നത്  വേറിട്ടൊരു   രാഷ്ട്രീയമാണെന്ന്. അതെ, ഒരു കാലത്ത് യു.ഡി.എഫിൽ കരുണാകരൻ പയറ്റി ജയിച്ച തന്ത്രങ്ങളുടെ പന്തിപ്പോൾ പിണറായിയുടെ കോർട്ടിലാണ്.  യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കാണിപ്പോൾ കാത്ത്, കാത്തിരുന്ന കസ്തൂരി മാമ്പഴം കണക്കെ പിണറായിയും പാർട്ടിയും കൊത്തിയെടുത്ത് പറക്കുന്നത്. അതിനി തിരിച്ചു കിട്ടുക ഏതായാലും ക്ഷിപ്രസാധ്യമല്ല.   ഹിന്ദുക്കളിലും ക്രൈസതവ വിഭാഗങ്ങളിലും പെട്ട ഉന്നത ജാതീയരുടെ വോട്ടാണ് വലിയ അധ്വാനപരിശ്രമങ്ങളില്ലാതെ സി.പി.എം പെട്ടിയിൽ വന്ന് വീഴുന്നതെന്നോർക്കണം.  ജലന്ധർ ബിഷപ്പ് പ്രശ്‌നം കത്തി തുടങ്ങിയ ഘട്ടത്തിൽ വന്ന ഒരു പത്രവാർത്തയുടെ തലക്കെട്ട് ഏതാണ്ട് ഇങ്ങിനെയായിരുന്നു-  ചെങ്ങന്നൂരിൽ പിന്തുണക്കാൻ തീരുമാനിച്ച നിമിഷത്തെ ഓർത്ത് സന്തോഷിച്ച് സഭ.  മുസ്‌ലിം സമൂഹത്തിന്റെ കാര്യത്തിൽ മറ്റ് ചില തന്ത്രങ്ങളാണ് കാലങ്ങളായി സി.പി.എം പ്രയോഗിച്ചു വരുന്നത്. അതിനിയും തുടരാനാണ് സാധ്യത. അതിന്റെ നീക്കിയിരിപ്പുമായി ഡോ.കെ.ടി. ജലീൽ അവിടെതന്നെയുണ്ട്.   
നാട്ടിൽ കമ്യൂണിസ്റ്റ്കാരായി മാറുന്ന ആളുകളെ വർഷങ്ങൾക്ക് മുമ്പ് പനമ്പിള്ളി ഗോവിന്ദമേനോന്റെ പ്രതിഭകളിയാടുന്ന നാവ് ഇങ്ങിനെ വിശദീകരിച്ചിരുന്നു-  ജനിച്ച ചോവനും, നശിച്ച നായരും, പിഴച്ച മാപ്ലയുമാണ് കമ്യൂണിസ്റ്റാകുന്നത്. ഇവയിൽ അവസാനം പറഞ്ഞ വിഭാഗത്തിന്റെ വോട്ടായിരുന്നു പോയ കാലത്ത് സി. പി. എമ്മിന് നഷ്ടമായിക്കൊണ്ടിരുന്നത്. 
പനമ്പിള്ളി പറഞ്ഞ ഗണത്തിൽപ്പെട്ടവരുടെ വോട്ട് മാത്രമേ അന്ന് കമ്യൂണിസ്റ്റ് പെട്ടിയിൽ വീണിരുന്നുള്ളൂ.  ഈഴവരാതി വിഭാഗങ്ങളുടെ 85 ശതമാനം വോട്ടും ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഒരു തരം സ്ഥിരം നീക്കിയിരിപ്പ്. ഏറ്റക്കുറച്ചിലുണ്ടായെങ്കിലും അതൊരിക്കലും പൂർണമായി ഇല്ലാതായില്ല. കാണെ, കാണെ ഉന്നത വിഭാഗത്തിന്റെ വോട്ടും അവർ കമ്യൂണിസ്റ്റാകാതെ തന്നെ പെട്ടിയിൽ വീഴുന്ന അവസ്ഥയും വരുമ്പോൾ അതൊഴിവാക്കാൻ  സി.പി.എമ്മും  ഇടതുപക്ഷം മൊത്തത്തിലും തയ്യാറാകില്ലെന്ന് സമകാലീന സംഭവങ്ങളിലെ സി.പി.ഐ പ്രതികരണവും മനസ്സിലാക്കി തരുന്നു.  ഏറ്റവും അവസാനം സി. പി. ഐ സെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് നടത്തിയ മീറ്റ് ദ പ്രസ്സിലെ ശരീര ഭാഷയും പറഞ്ഞു തരുന്നത് ഇതു തന്നെ.  വലിയ, വലിയ വർത്തമാനങ്ങൾക്കൊന്നും ഇനിയില്ല. തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള തന്ത്രങ്ങൾ  മാത്രം ഇനി ഒരേ ഒരു വഴിയും ശരിയും. 

Latest News