Tuesday , April   23, 2019
Tuesday , April   23, 2019

പ്രതി ഒരാൾ മാത്രമോ?

കർശന  അച്ചടക്കം, അനുസരണം, സഹനം, നിശബ്ദത എന്നിവയാണ് കന്യാസ്ത്രീ മഠങ്ങളുടെ പ്രത്യേകത. ഇരുമ്പു മറയ്ക്കുള്ളിൽ മനുഷ്യാവകാശങ്ങൾ പേരിനു പോലുമില്ലാത്ത കന്യാസ്ത്രീ മഠങ്ങളിൽ കഴിയുന്നവരും 
ഇതേ ഇടങ്ങളിൽനിന്ന് നീതി തേടണം പോലും. അധികാരത്തിന്റെ ഗർവിൽ എന്ത് അനീതിയും കാണിക്കാൻ മടിയില്ലാത്തവരിൽ നിന്നാണ് മഠത്തിലെ സ്ത്രീകൾ നീതി പ്രതീക്ഷിക്കേണ്ടതെന്നും ഓർക്കണം. 1962 ലെ വത്തിക്കാൻ ഉത്തരവ് പിൻവലിക്കുംവരെ പുരോഹിത കുറ്റവാളികളിൽനിന്ന് സഭ സ്ത്രീകളെ സംരക്ഷിക്കുമെന്ന്  കരുതാനാവില്ല.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു ബിഷപ്പിനെ അടുത്തു കാണുന്നത്. സ്ഥൈര്യലേപനം എന്ന കൂദാശ നൽകാനെത്തിയ പാലാ ബിഷപ്പായിരുന്നു അത്. കവിളിൽ തൊട്ട് അദ്ദേഹം ആ കൂദാശ നൽകിയപ്പോൾ ദൈവത്തിന്റെ ആത്മാവ് ഉള്ളിൽ കടന്നതുപ്പോലെയാണ് തോന്നിയത്. വലിയ തൊപ്പിയും അധികാര ദണ്ഡും മോതിരവും ഇംഫാല കാറും എല്ലാം കൂടി ഒരു രാജകീയ പ്രതീതി സൃഷ്ടിച്ചു. പിന്നീട് പുതിയ ബിഷപ്പുമാരുടെ പ്രഖ്യാപനങ്ങളും സ്ഥാനാരോഹണവുമൊക്കെ പത്രങ്ങളിൽ വായിക്കുമ്പോൾ ഈ തിരഞ്ഞെടുപ്പ് ദൈവീകമായ ഇടപെടലിലൂടെയാണെന്നാണ് ധരിച്ചിരുന്നത്. 
എന്നാൽ ഇപ്പോൾ കേരള ഹൈക്കോടതിക്ക് മുന്നിലിരിക്കുന്ന കന്യാസ്ത്രീകൾ ഈ മെത്രാൻ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡമെന്തെന്ന ചോദ്യമുയർത്തുകയാണ്. തങ്ങളുടെ സഹപ്രവർത്തകയായ ഒരു കന്യാസ്ത്രീയെ ബിഷപ് (മെത്രാൻ) മാനഭംഗപ്പെടുത്തിയെന്ന ആരോപണവും ആ സഹോദരിക്ക് നീതി വേണമെന്നുമുള്ള കന്യാസ്ത്രീകളുടെ ആവശ്യത്തെ കേരളത്തിലെ പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്.
'ദൈവവിളി 'യുള്ള ആണുങ്ങളെ അഞ്ചു മുതൽ 11 വർഷം വരെ സെമിനാരി എന്ന ഗുരുകുല പാഠശാലയിൽ പാർപ്പിച്ച് പഠിപ്പിച്ച് ഇറക്കിയാണ് വൈദികരെ സൃഷ്ടിക്കുന്നത്. ഇവരിൽനിന്ന് ചിലരെ മെത്രാനാക്കും. പുരോഹിതനെന്ന നിലയിൽ വ്യത്യസ്ത മേഖലകളിൽ സേവനമനുഷ്ഠിച്ച് ഈ ലോകത്തിലെ പല പ്രലോഭനങ്ങളെയും അതിജീവിച്ചയാളാണ് മെത്രാനാവുന്നത് (ആവേണ്ടത്). ആധ്യാത്മിക ചൈതന്യത്തിൽ നിറഞ്ഞ് അൽമായരെയും സന്ന്യസ്തരെയും ഒരു പോലെ നയിക്കേണ്ടയാൾ.
നീണ്ട സെമിനാരി പഠന കാലത്ത് ഒരാളുടെ വ്യക്തിത്വം മനസിലാക്കി  പുരോഹിത പട്ടത്തിനു അർഹനാണോ എന്ന് വിലയിരുത്താൻ സെമിനാരിക്കാകുന്നുണ്ടോ?. ഇതു തന്നെയാണ് മെത്രാൻ തിരഞ്ഞെടുപ്പിലും നടക്കുന്നത്. ബിഷപുമാരും ക്യൂരിയയും വത്തിക്കാനുമെല്ലാം ഉൾപ്പെടുന്നുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പും ഒട്ടും സുതാര്യമാണെന്ന് കരുതാൻ ന്യായമില്ല.
കത്തോലിക്ക സഭയിൽ 1139 വരെ മാർപ്പാപ്പക്കു പോലും നിത്യബ്രഹ്മചര്യം നിർബന്ധിതമല്ലായിരുന്നു എന്നതാണ് വസ്തുത.' പത്രോസെന്ന പാറ'പോലും വിവാഹിതനായിരുന്നു. പിന്നീട് പൗരോഹിത്യത്തിന് ബ്രഹ്മചര്യം കത്തോലിക്ക സഭ നിർബന്ധമാക്കി. പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങളും ഒപ്പം വളർന്നുവന്നു.
1962 ൽ ലൈംഗിക കുറ്റകൃത്യങ്ങൾ പുറത്തു റിപ്പോർട്ട് ചെയ്യരുതെന്നും രഹസ്യമാക്കിവെക്കണമെന്നും മാർപ്പാപ്പ ഉത്തരവിറക്കി. മാർച്ച് 16 ന് ഇറങ്ങിയ ' ക്രിമെൻ സോളിസിറ്റേഷൻസ്' എന്ന ഉത്തരവ് 1922 ജൂൺ 9 ന് പുറപ്പടുവിച്ച ഉത്തരവിന്റെ പരിഷ്‌ക്കരിച്ച പതിപ്പായിരുന്നു. 
2001 ഏപ്രിൽ 30 ന്  ഇതേ വിഷയത്തിൽ വീണ്ടും മാർപ്പാപ്പ എല്ലാ ബിഷപ്പുമാർക്കും കത്തു നൽകി. ഇത് ലൈംഗിക കുറ്റവാളികൾക്ക് തണലായി. 'രഹസ്യ സ്വഭാവമുള്ള' കുറ്റകൃത്യം പുറത്തു പറയുന്നവർ  സഭക്ക് പുറത്താകും. അതായത് ഇരയാക്കപ്പെടുന്ന വ്യക്തിയും സാക്ഷികളും സഭാംഗമാണെങ്കിൽ വത്തിക്കാൻ ഉത്തരവ് പ്രകാരം ലൈംഗികാതിക്രമങ്ങൾ  രഹസ്യമായി വെക്കാൻ ബാധ്യസ്ഥരാണന്നർഥം.
 സൈന്യത്തിലെ കോർട്ട് മാർഷൽ പോലെ, സഭയ്ക്കുള്ളിലെ കുറ്റകൃത്യങ്ങളിൽ സഭ തീർപ്പുണ്ടാക്കും. ഇരുണ്ട യുഗത്തിലെ 'പ്രിവിലെജിയം ഫോറി' ഇപ്പോഴും ഉണ്ടെന്ന ധാരണയിലാണ് സഭാ മേലധ്യക്ഷന്മാർ. 
കർശന  അച്ചടക്കം, അനുസരണം, സഹനം, നിശബ്ദത എന്നിവയാണ് കന്യാസ്ത്രീ മഠങ്ങളുടെ പ്രത്യേകത. ഇരുമ്പു മറയ്ക്കുള്ളിൽ മനുഷ്യാവകാശങ്ങൾ പേരിനു പോലുമില്ലാത്ത കന്യാസ്ത്രീ മഠങ്ങളിൽ കഴിയുന്നവരും ഇതേ ഇടങ്ങളിൽനിന്ന് നീതി തേടണം പോലും. അധികാരത്തിന്റെ ഗർവിൽ എന്ത് അനീതിയും കാണിക്കാൻ മടിയില്ലാത്തവരിൽ നിന്നാണ് മഠത്തിലെ സ്ത്രീകൾ നീതി പ്രതീക്ഷിക്കേണ്ടതെന്നും ഓർക്കണം. 1962 ലെ വത്തിക്കാൻ ഉത്തരവ് പിൻവലിക്കുംവരെ പുരോഹിത കുറ്റവാളികളിൽനിന്ന് സഭ സ്ത്രീകളെ സംരക്ഷിക്കുമെന്ന് കരുതാനാവില്ല.
 

Latest News