Tuesday , April   23, 2019
Tuesday , April   23, 2019

പുതുവർഷം പിറന്നു; പ്രതീക്ഷ അസ്തമിച്ചു

1440 പുതുവർഷ പിറവി സമാശ്വാസത്തിന്റേതായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സൗദിയിലെ പ്രവാസികൾ. നിതാഖാത് തുടങ്ങിയതു മുതൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി, പ്രത്യേകിച്ച് അവസാന രണ്ടു വർഷങ്ങൾ പ്രവാസികൾക്ക് സമ്മാനിച്ചത് നിരാശയായിരുന്നു. പലരുടേയും സ്വപ്‌ന ഗോപുരങ്ങൾ തകർന്നു വീണു. സ്വന്തം നാടിനേക്കാൾ പ്രിയപ്പെട്ട നാടിനോട് മനമില്ലാ മനസോടെ പലർക്കും യാത്ര പറയേണ്ടി വന്നു. സ്വദേശിവൽക്കരണവും ലെവി നടപ്പാക്കലുമെല്ലാംകൊണ്ട് തൊഴിൽ നടഷ്ടപ്പെട്ടത് പതിനായിരങ്ങൾക്കാണ്. ജോലിയുള്ളവരിൽ പലർക്കും ആശ്രിത ലെവിയുടെ ഭാരം താങ്ങാനാവാതെ കുടുംബങ്ങളെ നാട്ടിലേക്ക് അയക്കേണ്ടി വന്നു. എന്നിട്ടും പലരും പിടിച്ചു നിന്നു. കടം വാങ്ങിയും ഉള്ള സമ്പാദ്യങ്ങൾ ചെലവഴിച്ചുമായിരുന്നു പ്രതിസന്ധികളെ മറികടന്നത്. 1440 മുഹറത്തിന്റെ പിറവിക്കായിട്ടായിരുന്നു അവരുടെ കാത്തിരിപ്പ്.  സാമ്പത്തിക മാന്ദ്യവും പരിഷ്‌കാര നടപടികളാലും ശുഷ്‌കിച്ച വിപണിയുടെ ഉയിർത്തെഴുന്നേൽപിനായി, ഒഴിഞ്ഞു കിടക്കുന്ന ഫഌറ്റ് ഉടമകൾക്ക് സന്തോഷം പകരുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് ആശ്വാസ നടപടികളുടെ പ്രഖ്യാപനങ്ങളുണ്ടാവുമെന്നായിരുന്നു ഇക്കൂട്ടരുടെ പ്രതീക്ഷ. അതിനായി അവർ ദുൽഹജ് 30 ന്റെ അന്ത്യയാമങ്ങളിൽവരെ കാത്തിരുന്നു. ചിലർ ഇടിക്കിടെ മാധ്യമ സ്ഥാപനങ്ങളിലേക്ക് വിളിച്ചു ചോദിച്ചുകൊണ്ടിരുന്നു. 'പുതിയതെന്തെങ്കിലും......'. ഇല്ലെന്ന മറുപടിയിലും പ്രതീക്ഷ കൈവിടാതെ നേരം പുലരുന്നതുവരെ കാത്തിരുന്നു. കാരണം കിംവദന്തികൾ പലതായിരുന്നു. സ്വദേശിവൽക്കരണത്തിലും ലെവിയിലും ഇളവ്, വിസ നടപടികളിൽ ലഘൂകരണം അങ്ങനെ...അങ്ങനെ...കിംവദന്തികൾ പലതായിരുന്നു. എല്ലാം വിട്ടെറിഞ്ഞ് പോയവരെ  അസൂയപ്പെടുത്തുന്ന മാറ്റങ്ങളാണ് ഉണ്ടാവാൻ പോകുന്നതെന്നും പ്രചാരണം കൊഴുപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരം സന്ദേശങ്ങൾ ചീറിപ്പാഞ്ഞു. വ്യാജ സന്ദേശങ്ങളാകാം എന്നു തോന്നിയവർപോലും പ്രതീക്ഷയുടെ തിരി അണയാതെ സൂക്ഷിച്ചു. 
പക്ഷേ, ഒരു മാറ്റവും ഉണ്ടായില്ലെന്നു മാത്രമല്ല, നേരത്തെ നടത്തിയ സ്വദേശിവൽക്കരണ പ്രഖ്യാപനം അതിശക്തമായി നടപ്പാക്കുകയാണ് ചെയ്തത്. പ്രഖ്യാപനം പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിന് മുഹറം ഒന്ന് രാവിലെ മുതൽ മുതൽ സൗദിവൽക്കരണം നിർബന്ധമാക്കിയ മേഖലകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സുരക്ഷാ വകുപ്പുകളും ശക്തമായ പരിശോധനകൾ കൂടി ആരംഭിച്ചതോടെ പലരുടേയും ചങ്കിടിപ്പ് വർധിച്ചു. സർക്കാർ പ്രഖ്യാപനം ലംഘിച്ച് വിദേശികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് വിദേശികളിൽ ഒരാൾക്ക് ഇരുപതിനായിരം റിയാൽ തോതിൽ പിഴ ചുമത്തുകയും, ഗുരുതരയ നിയമ ലംഘനങ്ങളുടെ പേരിൽ ഏതാനും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തതോടെ നാട്ടിലേക്കുള്ള ഒഴുക്ക് ശക്തമാകുമെന്നുറപ്പായി.
ജ്വല്ലറി, മൊബൈൽ ഷോപ്പ്, ലേഡീസ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നീ മേഖലകൾ നേരത്തേ തന്നെ സ്വദേശിവൽകരിച്ചിരുന്നു. അന്നും ആയിരങ്ങൾക്ക് തൊഴിൽ നഷ്ടമുണ്ടായെങ്കിലും ചെറുകിട വ്യാപര മേഖലകൂടി സ്വദേശിവൽകരണ പരിധിയിൽ വന്നതോടെ കളംമാറി ചവിട്ടി പിടിച്ചു നിന്നവർക്കു പോലും പിടിവിട്ടുപോകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മുന്നു ഘട്ടങ്ങളിലായി 12 മേഖലകളിൽ ജനുവരിക്കുള്ളിലായി നടപ്പാക്കുന്ന സ്വദേശിവൽക്കരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം മുതൽ സൗദിവൽക്കരണം നടപ്പാക്കിയത്. ജനുവരിയിൽ നടത്തിയ ഈ പ്രഖ്യാപനം വിപണിയിലെ മാന്ദ്യം കണക്കിലെടുത്ത് നടപ്പാക്കാനിടയില്ലെന്നായിരുന്നു പലരും കരുതിരുന്നത്. അതിൽ ചെറിയ ഇളവു ലഭിച്ചുവെന്നല്ലാതെ തീരുമാനത്തിൽ മാറ്റം ഉണ്ടായില്ല. നവംബർ ഒമ്പത് മുതൽ വാച്ച്, കണ്ണട കടകൾ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് കടകൾ എന്നിവിടങ്ങളിലേക്കും ജനുവരി ഏഴു മുതൽ മെഡിക്കൽ ഉപകരണ വിൽപന കേന്ദ്രങ്ങൾ,  സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തു വിൽപന കടകൾ, കാർപെറ്റ്, പലഹാര കടകൾ എന്നീ മേഖലകളിലേക്കു കൂടി സ്വദേശിവൽക്കരണം കടന്നുവരും. ഈ മേഖലകളിലെ മൊത്ത, ചില്ലറ സ്ഥാപനങ്ങളെയെല്ലാം ഒരുപോലെ ബാധിക്കുമെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. ചില്ലറ വ്യാപാര മേഖലയിൽ 70 ശതമാനം സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങളാണ്. ഇതിലെ തൊഴിലാളികളിലും നടത്തിപ്പുകാരിലും അധികപേരും മലയാളികളാണ്.
ഇതു വഴി കുറഞ്ഞത് അഞ്ചു ലക്ഷത്തോളം തൊഴിലവസരങ്ങൾ സ്വദേശികൾക്ക് സൃഷ്ടിക്കപ്പെടാനാണ് ലക്ഷ്യമിടുന്നത്. അതായത് അഞ്ചു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ചുരുക്കം. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഏഴു ലക്ഷത്തിലേറെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്  അടുത്തിടെയാണ് വെളിപ്പെടുത്തിയത്. 
2020 ഓടെ ചെറുകിട മേഖലയിൽ സൗദിവൽക്കരണം 24 മുതൽ 50 ശതമാനം വരെയായി ഉയർത്തുന്നതിനാണ് ശ്രമം. ചില്ലറ വ്യാപാര മേഖലയിൽ 7,58,791 വിദേശികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.  വാഹന മേഖലയിലെ 2,99,787 വിദേശ തൊഴിലാളികൾക്കും മൊത്ത വ്യാപാര മേഖലയിലെ 1,70,027 തൊഴിലാളികൾക്കും പറമെയാണിതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരിയോടുകൂടി ഈ മേഖലകളിലെ സ്വദേശിവൽക്കരണം കൂടിയാവുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നത് ലക്ഷങ്ങൾക്കായിരിക്കും. ഇതിൽ നല്ല ശതമാനവും ഇന്ത്യക്കാർ, പ്രത്യേകിച്ച മലയാളികളായിരിക്കുമെന്നത് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കും. 
 

Latest News