Monday , September   24, 2018
Monday , September   24, 2018

യു.എ.ഇ പൊതുമാപ്പ്; ജൂലൈ 31 ന് ശേഷം അനധികൃതമായി തങ്ങിയവര്‍ക്ക് ഇളവില്ല

 

പൊതുമാപ്പ് കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ തിരക്ക്

അബുദാബി- ജൂലായ് 31 നു ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയവര്‍ക്കെതിരെ താമസ കുടിയേറ്റ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് യു.എ.ഇ അധികൃതര്‍. ഓഗസ്റ്റ് ഒന്നു മുതല്‍ യു.എ.ഇയില്‍ നിയമം ലംഘിച്ച് താമസിച്ചവര്‍ പൊതുമാപ്പിന്റെ പരിധിയില്‍ വരില്ല.  
പൊതുമാപ്പിന്റെ ആനുകൂല്യമായി തൊഴില്‍ തേടാന്‍ നിയമലംഘകര്‍ക്ക് ആറുമാസം കാലാവധിയുള്ള വിസ നല്‍കുമെന്നും അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലെ പൊതുമാപ്പ് സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് അല്‍ റാഷിദി അറിയിച്ചു.
കഴിഞ്ഞ മാസം പ്രവര്‍ത്തനം ആരംഭിച്ച ഏതെങ്കിലും സേവന കേന്ദ്രങ്ങളില്‍ ഇതിനായി അപേക്ഷ നല്‍കണം. അനധികൃത താമസക്കാരില്‍ കൂടുതലും സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നതിനു പകരം ആറു മാസം കാലാവധിയുള്ള വിസ ലഭിക്കാനാണ് താല്‍പര്യപ്പെടുന്നതെന്നും അല്‍ റാഷിദി അറിയിച്ചു.
പൊതുമാപ്പ് കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ തിരക്ക് വര്‍ധിച്ചതോടെ കൂടുതല്‍ സൗകര്യമൊരുക്കിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസിണ്‍ഷിപ്പ് അറിയിച്ചു. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്നവിധം ശീതീകരിച്ച ടെന്റില്‍ രജിസ്‌ട്രേഷന്‍ ഡെസ്ക് വിപുലമാക്കിയിട്ടുണ്ട്. ഇതുമൂലം ഒരേസമയം കൂടുതല്‍ ആളുകള്‍ക്ക് സേവനം നല്‍കാനാവും. തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഷഹാമയില്‍ രണ്ടാമത്തെ ടെന്റ് തുറന്നിരുന്നു. പൊതുമാപ്പ് കാലാവധി ഏതാണ്ട് പകുതി പിന്നിട്ടതോടെ വരും ദിവസങ്ങളില്‍ അപേക്ഷകരുടെ എണ്ണം കൂടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഒക്‌ടോബര്‍ 31 വരെയാണ് പൊതുമാപ്പ് കാലാവധി. നവംബര്‍ ഒന്നുമുതല്‍ കടുത്ത റെയ്ഡുകള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.