Friday , November   16, 2018
Friday , November   16, 2018

വെനീസിനെ  വിസ്മയിപ്പിച്ച റോമ

ആസ്വാദകരെയും നിരൂപകരെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഇത്തവണത്തെ വെനീസ് ചലച്ചിത്രോൽസവത്തിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൺ ലയൺ പുരസ്‌കാരം ലഭിച്ച റോമ. തന്റെ സ്വന്തം ബാല്യകാലത്തേക്കുറിച്ചും, തന്റെ വളർത്തിയ വീട്ടുവേലക്കാരിയെയും കുറിച്ചാണ് മെക്‌സിക്കൻ സംവിധായകനായ അൽഫോൻസോ കുവാറോൺ ഈ ചിത്രത്തിൽ പറയുന്നത്. ഇതൊരു സിനിമയല്ല, ഒരു കാഴ്ചപ്പാടാണെന്നായിരുന്നു മേളയിൽ 'റോമ' കണ്ട മിക്ക നിരൂപകരുടെയും അഭിപ്രായം. അത്രമേൽ ജീവിതഗന്ധിയാണ് ഇതിന്റെ കഥ. 
ഓസ്‌കറിന്റെ ആദ്യ ചവിട്ടുപടിയായി കണക്കാക്കപ്പെടുന്ന ചലച്ചിത്രമേളയാണ് വെനീസ് എന്നിരിക്കെ, റോമ ഇനിയും ഉയരങ്ങളിലേക്ക് കുതിക്കുമെന്നു തന്നെയാണ് സൂചന. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു വെനീസ് ചലച്ചിത്രോൽസവത്തിൽ റോമയുടെ ആദ്യ പ്രദർശനം.
കുവാറോണിന്റെ മാസ്റ്റർപീസ് എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റോമയെക്കുറിച്ച് പറഞ്ഞത്. തന്നെ വളർത്തിയ പോറ്റമ്മക്ക് അദ്ദേഹം നൽകുന്ന ഉപഹാരമാണ് ഈ ചിത്രം. മെക്‌സിക്കോ സിറ്റിയിലെ ഒരു ഇടത്തരം കുടുംബത്തോടൊപ്പം താമസിക്കുകയും അവിടത്തെ കുട്ടിയെ വളർത്തുകയും ചെയ്യുന്ന തദ്ദേശ ഗോത്രക്കാരിയായ വീട്ടുവേലക്കാരിയുടെ കഥയാണത്. ആദ്യമായി ക്യാമറക്കുമുന്നിലെത്തുന്ന യാലിറ്റ്‌സ അപാരിഷ്യോ ആണ് കേന്ദ്രകഥാപാത്രമായ ക്ലിയോയെ അവതരിപ്പിക്കുന്നത്.
താൻ പത്തു വയസ്സുള്ള കുട്ടിയാരിക്കെ ഉള്ള കുടുംബാന്തരീക്ഷം പുനഃസൃഷ്ടിക്കാൻ 56കാരനായ കുവാറോൺ ഏറെ പണിപ്പെട്ടു. അക്കാലത്തെ ഫർണിച്ചറുകളും പാത്രങ്ങളും വീട്ടുപകരങ്ങളുമെല്ലാം അദ്ദേഹം തന്റെ ബന്ധു വീടുകളിൽനിന്നും മറ്റും സംഘടിപ്പിക്കുകയായിരുന്നു. അക്കാലത്തെ 1970കളിലെ മെക്‌സിക്കോ സിറ്റി നഗരവും പരമാവധി പുനഃസൃഷ്ടിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
എങ്കിലും ചിത്രത്തിൽ ചലച്ചിത്രാസ്വാദകരെ ഏറ്റവും സ്പർശിക്കുക, കൊച്ച് കുവാറോണും, തന്റെ വളർത്തമ്മയായ ആയയും തമ്മിലുള്ള ഹൃദയ ബന്ധമാണ്. അവർ ആരെന്നോ എന്തെന്നോ ഒന്നും ആ കുട്ടിക്കറിയില്ല. അവർ മെക്‌സിക്കോയിൽ താഴ്ന്ന വർഗമായി കണക്കാക്കുന്ന തദ്ദേശ ഗോത്രക്കാരിയാണെന്ന് കുവാറോൺ അറിയുന്നതുപോലും പിന്നീടാണ്. താൻ കൊച്ചു കുഞ്ഞായിരുപ്പോൾ അവർ വീട്ടിലുണ്ടായിരുന്നുവെന്ന് കുവാറോൺ ഓർക്കുന്നു. വളരുമ്പോൾ നമ്മൾ സ്‌നേഹിക്കുന്നവർ ആരാണെന്നും എന്താണെന്നും നമ്മൾ അന്വേഷിക്കാറില്ല. വാസ്തവത്തിൽ അവരിലൂടെ ഞാൻ എന്നെതന്നെയാണ് കണ്ടത്. മെക്‌സിക്കോയിലെ താഴ്ന്ന വർഗത്തിൽനിന്നുള്ള ഈ സ്ത്രീ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം തന്നെയാണ് -വെനീസിൽ ഗോൾഡൺ ലയൺ സ്വീകരിച്ചുകൊണ്ട് കുവാറോൺ പറഞ്ഞു.
അവാർഡ് കുവാറോണിന് ഇരട്ട സന്തോഷമാണ് നൽകിയത്. അവാർഡ് ലഭിച്ച സെപ്റ്റംബർ എട്ട് ക്ലിയോയുടെ ജന്മദിനം കൂടിയായിരുന്നു.
ചിത്രം കണ്ട 96 ശതമാനം പേരും ഇഷ്ടം രേഖപ്പെടുത്തിയെന്നത് റോമയുടെ ജനപ്രീതി വെളിപ്പെടുത്തുന്നു. 'സമ്പൂർണ വിജയ'മെന്നായിരുന്നു റോമയെക്കുറിച്ച് ഗാർഡിയൻ പത്രം എഴുതിയത്. 30 വർഷത്തിനിടെ താൻ കണ്ട മികച്ച ചിത്രമെന്ന് സംവിധായകൻ ആൽബെർട്ടോ ബാർബെറ പറഞ്ഞു.
 

Latest News