Tuesday , April   23, 2019
Tuesday , April   23, 2019

നിഖില വീണ്ടുമെത്തുന്നു

ശ്രീബാല കെ. മേനോൻ സംവിധാനം ചെയ്ത ലൗ 24ഃ7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമൽ എന്ന തളിപ്പറമ്പുകാരി ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നത്. ദിലീപിന്റെ നായികയായി നാലാമിടം എന്ന ചാനലിലെ ട്രെയിനി ജേർണലിസ്റ്റായ കബനിയെ അവതരിപ്പിച്ച നിഖില പിന്നീടെത്തുന്നത് എം. മോഹനൻ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികളിലൂടെയാണ്. വിനീത് ശ്രീനിവാസൻ നായകനായ ഈ ചിത്രത്തിൽ നർത്തകിയായ വരദയെയാണ് അവതരിപ്പിച്ചത്. 
സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി വേഷമിട്ടുവരികയാണിപ്പോൾ. സത്യൻ അന്തിക്കാടും ശ്രീനിവാസനും 16 വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു ഇന്ത്യൻ പ്രണയകഥയ്ക്കുശേഷം സത്യൻ അന്തിക്കാടും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇത്തരത്തിൽ നിരവധി പ്രത്യേകതകളുള്ള ചിത്രത്തിൽ നായികയാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നിഖില. നിഖില പറഞ്ഞുതുടങ്ങുകയാണ് പുതിയ വിശേഷങ്ങൾ...

ഇടവേളകൾ ഏറെയുണ്ടല്ലോ അഭിനയ ജീവിതത്തിൽ?
മലയാളത്തിൽനിന്നും ബോധപൂർവ്വം മാറിനിന്നതല്ല. അന്യഭാഷാ ചിത്രങ്ങളിലെ തിരക്കാണ് മലയാളത്തിൽനിന്നും അകറ്റിനിർത്തിയത്. ലൗ 24ഃ7 എന്ന ചിത്രത്തിനുശേഷം മൂന്നു വർഷത്തോളം തമിഴിലും തെലുങ്കിലും വേഷമിട്ടു. അഞ്ച് തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും. അതുകൊണ്ടുതന്നെ സിനിമയിൽനിന്നും മാറിനിന്നതായി തോന്നിയിട്ടില്ല. മലയാളത്തിൽനിന്നും മികച്ച ഓഫറുകൾ ലഭിക്കാതിരുന്നതും കിട്ടിയ അവസരങ്ങൾക്ക് ഡേറ്റ് നൽകാൻ കഴിയാതിരുന്നതുമാണ് വാസ്തവം. ഇപ്പോൾ മലയാളത്തിൽ വീണ്ടും സജീവമായിരിക്കുകയാണ്.

കലാപാരമ്പര്യമുള്ള കുടുംബം. പ്രത്യേകിച്ചും അമ്മ കലാമണ്ഡലം വിമലാദേവിയുടെ മകൾ എന്ന നിലയ്ക്ക്?
അമ്മയുടെ ശിക്ഷണം മാത്രമല്ല, ഉപദേശ നിർദ്ദേശങ്ങളിലൂടെയാണ് എന്റെ സഞ്ചാരം. നൃത്തത്തിന്റെ ആദ്യചുവടുകൾ പഠിപ്പിച്ച ഗുരുവാണ് അമ്മ. അരവിന്ദന്റെ അതിഥികളിൽ കലാമണ്ഡലം വരദയായി വേഷമിട്ടത് തികച്ചും യാദൃച്ഛികം മാത്രമായിരുന്നു. 
മൂകാംബിക ക്ഷേത്രസന്നിധിയിൽ അരങ്ങേറ്റത്തിന് എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയിലെ തിരക്കുകൾ കാരണം നൃത്ത പരിശീലനം മുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ അഭിനയത്തിനാണ് പ്രാധാന്യം നൽകുന്നത്.

ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവം?
കോട്ടയം ഭരണങ്ങാനത്തെ സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശാലോം ടി.വിക്കു വേണ്ടി അൽഫോൻസാമ്മ സീരിയലിൽ വേഷമിടുന്നത്. അമ്മയുടെ വീട് ഭരണങ്ങാനത്തായതിനാൽ പത്താം ക്ലാസുവരെ അവിടെ ഹോസ്റ്റലിൽ ചേർന്നാണ് പഠിച്ചത്. അൽഫോൻസാമ്മയുടെ ചിത്രീകരണം സ്‌കൂളിൽവച്ചായിരുന്നു. അങ്ങനെയാണ് ആ സീരിയലിൽ വേഷം ലഭിച്ചത്. പിന്നീട് സത്യൻ സാറിന്റെ ഭാഗ്യദേവതയിൽ ജയറാം അങ്കിളിന്റെ അനുജത്തിയായി വേഷമിട്ടു. അന്നൊക്കെ സംവിധായകൻ പറയുന്നതനുസരിച്ച് അഭിനയിച്ചു എന്നല്ലാതെ എന്റെ ഭാഗത്തുനിന്നും കാര്യമായി ഒന്നും ചെയ്തിരുന്നില്ല.

അഭിനയിക്കാൻ പഠനം നിർത്തിയോ?
തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ബോട്ടണി മൂന്നാംവർഷ വിദ്യാർത്ഥിയായിരിക്കേയാണ് ശ്രീബാല കെ. മേനോൻ ലൗ 24ഃ7 എന്ന ചിത്രത്തിലേയ്ക്ക് വിളിക്കുന്നത്. പരീക്ഷയുടെ സമയത്തായിരുന്നു ചിത്രീകരണം. പരീക്ഷ അടുത്ത വർഷം എഴുതാം. സിനിമ അപ്പോൾ കിട്ടണമെന്നില്ല എന്നായിരുന്നു ബാലേച്ചിയുടെ അഭിപ്രായം. ഭാഗ്യദേവതയിൽ സത്യൻ സാറിന്റെ അസോസിയേറ്റായിരുന്നു ബാലേച്ചി. കുടുംബാംഗമെന്ന നിലയിലുള്ള അടുപ്പമായിരുന്നു ബാലേച്ചിയുമായുണ്ടായിരുന്നത്. അടുത്ത വർഷമാണ് പരീക്ഷ എഴുതിയെടുത്തത്. ഇനി ഡിസ്റ്റന്റായി പി.ജി ചെയ്യണമെന്നാണ് ആഗ്രഹം. ഏതെങ്കിലും ആർട്‌സ് ഗ്രൂപ്പിൽ പി.ജിയെടുക്കണമെന്നാണ് ചിന്തിക്കുന്നത്.

അന്യഭാഷകളിലെ പ്രധാന ചിത്രങ്ങൾ?
ആദ്യചിത്രം ശശികുമാർ സാറിന്റെ നായികയായി വെട്രിവേൽ ആയിരുന്നു. തമിഴ് ഭാഷ കേൾക്കാനും പറയാനുമെല്ലാം ഏറെയിഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ കമ്മിറ്റ് ചെയ്തു. അദ്ദേഹം തന്നെയായിരുന്നു നിർമ്മാണവും. മൂന്നു നായികമാരിൽ ഒരാളായിരുന്നുവെങ്കിലും പ്രാധാന്യമുള്ള വേഷമായിരുന്നു. കരയാനും ദേഷ്യപ്പെടാനുമെല്ലാം ഉണ്ടായിരുന്നു. അടുത്ത ചിത്രമായ കിടാരിയിലും അദ്ദേഹത്തിന്റെ നായികയായി. തുടർന്ന് തെലുങ്കിൽ വേഷമിട്ടു. ഒരു വടക്കൻ സെൽഫിയുടെ റീമേക്കായിരുന്നു ആദ്യം. മലയാളം സംവിധാനം ചെയ്ത  പ്രജിത് ആയിരുന്നു തെലുങ്കിലും ഒരുക്കിയത്. മലയാളത്തിൽ മഞ്ജിമ അവതരിപ്പിച്ച ഡെയ്‌സി ജോർജിനെയാണ് അവതരിപ്പിച്ചത്. മേധാ മീതാ അഭയ് എന്നു പേരിട്ട ചിത്രത്തിൽ അല്ലാരി നരേഷ് ആയിരുന്നു നായകൻ. തമിഴ് പോലെയായിരുന്നില്ല തെലുങ്ക്. ഒരു രക്ഷയുമില്ലാത്ത ഭാഷ. ഡയലോഗുകൾ തലേദിവസമിരുന്ന് കാണാതെ പഠിക്കും. സംവിധായകനും ക്യാമറാമാനുമെല്ലാം മലയാളികൾ ആയിരുന്നതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ രണ്ടാമത്തെ തെലുങ്ക് ചിത്രത്തിൽ ശരിക്കും ബുദ്ധിമുട്ടി. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ഗായത്രി ആയിരുന്നു ചിത്രം. മോഹൻബാബു തുടങ്ങിയ പ്രമുഖ നടന്മാർ പ്രധാന വേഷത്തിലെത്തിയിരുന്നു. പലരും അസ്സൽ തെലുങ്ക് സംസാരിക്കുന്നവർ. ആരോടും കൂടുതൽ സംസാരിക്കാതെ മാറിനടന്നു. അടുത്ത ചിത്രം തമിഴിൽനിന്നായിരുന്നു. പഞ്ചുമിഠായി. കൂടാതെ ഒമ്പതുകുഴി സമ്പത്ത്, രംഗ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലെ വേഷം?
സലോമി എന്നാണ് കഥാപാത്രത്തിന്റെ പേര്. നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ പെൺകുട്ടി. ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച സലോമി പ്രകാശന്റെ കാമുകിയാണ്. അവളുടെ നിഷ്‌കളങ്ക ഭാവമാണ് പ്രകാശനെ ആകർഷിച്ചത്. സത്യൻ സാറും ശ്രീനിയങ്കിളും വർഷങ്ങൾക്കുംശേഷം ഒന്നിക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. 
ഫഹദിന്റെ കൂടെ വേഷമിടാൻ ആദ്യമെല്ലാം പേടിയുണ്ടായിരുന്നു. അദ്ദേഹം വലിയ നടനല്ലേ. എന്നാൽ പിന്നീട് ഞങ്ങൾ തമ്മിൽ നല്ല കൂട്ടായി.

സ്വപ്‌നവേഷം?
കുറച്ചു ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടുള്ളൂവെങ്കിലും കിട്ടിയതെല്ലാം വ്യത്യസ്ത വേഷങ്ങളായിരുന്നു. പലതും വെല്ലുവിളിയുയർത്തുന്നവയായിരുന്നു. ആദ്യചിത്രത്തിലെ പത്രപ്രവർത്തകയായ കബനിയും അടുത്ത ചിത്രത്തിലെ കലാമണ്ഡലം വരദയും പുതിയ ചിത്രത്തിലെ സലോമിയുമെല്ലാം ശക്തമായ വേഷങ്ങളാണ്. ഇനിയും പല തരത്തിലുള്ള വേഷങ്ങൾ അവതരിപ്പിക്കാനാണ് ആഗ്രഹം. ഒരു പ്രത്യേക കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന മോഹമില്ല. ഒരു തുടക്കക്കാരിയെന്ന നിലയിൽ ഒരു പാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന തോന്നലാണുള്ളത്.

സിനിമയുടെ തിരഞ്ഞെടുപ്പ്?
സ്വന്തം തീരുമാനപ്രകാരമാണ് ഓരോ സിനിമയും തിരഞ്ഞെടുക്കുന്നത്. എന്റെ തീരുമാനത്തിന് മാതാപിതാക്കളുടെ പിന്തുണയും ലഭിക്കാറുണ്ട്. കഥ കേൾക്കുമ്പോൾ നല്ലതാണെന്നു തോന്നിയാൽ സ്വീകരിക്കും. കഥയ്ക്കാണ് എപ്പോഴും പ്രാധാന്യം നൽകുന്നത്.

കുടുംബം?
അച്ഛൻ പവിത്രൻ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽനിന്നും വിരമിച്ചു. അമ്മ കലാമണ്ഡലം വിമലാദേവി തളിപ്പറമ്പിൽ ഡാൻസ് സ്‌കൂൾ നടത്തുന്നു. നേരത്തെ കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്നു. ചേച്ചി അഖില ജെ.എൻ.യുവിൽ പി.എച്ച്.ഡി ചെയ്യുന്നു.
 

Latest News