Monday , September   24, 2018
Monday , September   24, 2018

മിഠായ്‌ത്തെരുവിൽ ബാബു ഭായി ഇനിയും പാടട്ടെ 

കോഴിക്കോടിന്റെ പൗരാണിക സ്മാരകമാണ് മിഠായ്‌ത്തെരുവ്. പാട്ടും സംഗീതവും ബഹളവും കലഹവുമെല്ലാം കൂടിച്ചേർന്ന തനി കോഴിക്കോടൻ തെരുവ്. ഇതുവഴി നടക്കാത്ത സാഹിത്യനായകരില്ല. ഈ തെരുവിലൂടെ ഒരു പതിറ്റാണ്ടിന് ശേഷമൊന്ന് നടക്കാനിറങ്ങിയാൽ പോലും ഒരു പരിചയക്കാരനെയെങ്കിലും നിങ്ങൾക്ക് യാദൃച്ഛികമായി കണ്ടുമുട്ടാം. ഈ തെരുവിൽ കഴിഞ്ഞ 35 കൊല്ലമായി ഉയരുന്ന ഒരു സംഗീതമുണ്ട്. അത് ബാബുവിന്റെ പാട്ടാണ്. 
മിഠായ് തെരുവിലെ എസ്.കെ. പൊറ്റക്കാട് പ്രതിമക്ക് അരികെ ഹൃദയഹാരിയായ തെരുവ് ഗാനം പാടിയ ബാബു ഭായിക്ക് അധികൃതർ ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. മിഠായ് തെരുവിന്റെ സായാഹ്നങ്ങളിൽ മനസിനെ തണുപ്പിക്കുന്ന പ്രാചീന സംഗീത ഉപകരണങ്ങൾ ഉപയോഗിച്ച് ബാബു ഭായ് അവതരിപ്പിക്കുന്ന മധുരഗീതം ആസ്വദിക്കാനായി മാത്രം മിഠായിതെരുവിൽ
എത്തുന്നവരുണ്ട്. കഴിഞ്ഞ 35 വർഷം ബാബു ഭായ് മിഠായിതെരുവിനേയും തെരുവിന്റെ മക്കളേയും നെഞ്ചിലേറ്റി. ഇനി മേലാൽ ബാബു ഭായ്ക്ക് തെരുവിൽ പാടാൻ അനുവാദമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 
മിഠായി തെരുവിന്റെ പ്രാചീന ശൈലിയെ അട്ടിമറിക്കുന്ന കണ്ണിൽ ചോരയില്ലാത്ത നടപടിയാണിത്. ബാബു ഭായ്ക്ക് നേരെയുള്ള ഊരുവിലക്ക് നൂറുകണക്കിന് ആസ്വാദകർക്കും തിരിച്ചടിയായി.
അതേസമയം, മിഠായിതെരുവിലെ അനധികൃത തെരുവ് കച്ചവടം നടക്കുന്നത് അധികാരികളുടെ ഒത്താശയോടെയാണ്. നഗരത്തിലെ പലിശക്കാരുടെയും ചില ഉന്നത വ്യക്തികളുടെയും ബിനാമികളാണ് കോഴിക്കോട്ട് മിഠായിതെരുവിലും കോഴിക്കോട്ടെ ബീച്ചിലും മറ്റിടങ്ങളിലും വ്യാപകമായി തെരുവ് കച്ചവടം നടത്തുന്നത്. 
വേണ്ടിടത്ത് വേണ്ടപ്പോൾ ആവശ്യത്തിന് കൈക്കൂലി നൽകി തെരുവ് കച്ചവടം സംരക്ഷിക്കുന്ന ഒരു സംഘം തന്നെ കോഴിക്കോട്ട് സജീവമാണ്. ഭരണാധികാരികളും നഗരസഭയുടെ ഉയർന്ന ഹെൽത്ത് ഓഫീസറുമാണ് തെരുവ് കച്ചവടക്കാർക്ക് അനുഗ്രഹം ചൊരിയുന്നത്. ലക്ഷങ്ങളുടെ തിരിമറി നടക്കുന്ന ഇടപാടുകളുടെ ശൃംഖലകളെ കുറിച്ച് അന്വേഷണം നടക്കണം.