Friday , February   22, 2019
Friday , February   22, 2019

പൗരോഹിത്യം വിള തിന്നുന്ന വേലികളോ?

നന്മയിലേക്ക് നയിക്കുകയും തിന്മകളിൽനിന്ന് മോചിപ്പിക്കുകയും ചെയ്യുകയാണ് മതത്തിന്റെ യഥാർത്ഥ ലക്ഷ്യം. മതവിശ്വാസികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ പലതും കാണുമെങ്കിലും ആത്യന്തികമായി തിന്മകളിലേക്ക് വഴിതെറ്റി പോവുന്നവരെ ധാർമിക ഉപദേശങ്ങളിലൂടെയും  സ്രഷ്ടാവിനെ കുറിച്ചുള്ള ചിന്തകളിലൂടെയും നന്മയുടെ മാർഗത്തിലേക്ക് കൊണ്ടുവരികയാണ് മതാധ്യാപനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.  
മതം സ്‌നേഹവും നന്മയും സദുപദേശവുമൊക്കെയാണെങ്കിലും മതത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ചൂഷണങ്ങൾ മതത്തിന്റെ പ്രഭ കെടുത്തിക്കളയുന്നു. മതപുരോഹിതന്മാർക്കെതിരെയും മതം കൈകാര്യം ചെയ്യുന്ന ആളുകൾക്കെതിരെയും ഉയർന്നു പൊങ്ങുന്ന ആരോപണങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്.  
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണം ഇപ്പോൾ സജീവമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.  ഇതിനു മുമ്പും എത്രയോ ചർച്ചകൾ പലരുടെയും കാര്യങ്ങളിൽ നടന്നുകഴിഞ്ഞിട്ടുണ്ട്. ബിഷപ്പ് കുറ്റക്കാരനാണോ അല്ലയോ എന്നത് കോടതിയും നിയമപാലകരുമെല്ലാം തീരുമാനിക്കേണ്ട കാര്യങ്ങളാണ്. അതിലിടപെടുന്നില്ല.  പൗരോഹിത്യ ജോലി ചെയ്യുന്ന സ്ത്രീപുരുഷന്മാരിലും വളരെ നല്ലവരും ഉണ്ടെന്ന കാര്യം നിഷേധിക്കുന്നുമില്ല. പക്ഷെ പുരോഹിതന്മാർക്കെതിരെ അടിക്കടി ഉയരുന്ന ആരോപണങ്ങൾ ആ സിസ്റ്റത്തെ പൊതുവിൽ സംശയത്തിന്റെ മുനയിൽ നിർത്തുന്നുണ്ട്.  
കേരളത്തിൽ പുരോഹിതന്മാർ ആരോപണവിധേയരായ സംഭവങ്ങൾ ധാരാളമാണ്.  അര നൂറ്റാണ്ടു മുമ്പാണ് സിസ്റ്റർ മറിയക്കുട്ടി ക്രൂരമായ കൊലപാതകത്തിന് വിധേയയായത്. അതിന്റെ  പേരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ഫാദർ ബെനെഡിക്റ്റിനെ സഭ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചു. 1986ലെ പ്രമാദമായ കുണ്ടറയിലെ സിസ്റ്റർ മേരിക്കുട്ടി കൊലക്കേസ് ഇപ്പോഴും തെളിയാതെ കിടക്കുന്നു. 1992ലെ സിസ്റ്റർ അഭയ കേസിന്റെയും സ്ഥിതി ഇതുതന്നെ. 
2009ൽ തൃശൂർ തൈക്കാട്ടുശേരിയിൽ ഒമ്പത് വയസ്സുകാരി, 2013 ജൂലായിൽ പാലക്കാട് വാളയാറിൽ 17കാരി, 2015ൽ കൊടുങ്ങല്ലൂരിനടുത്ത പുത്തൻവേലിക്കരയിൽ 14കാരിയായ പെൺകുട്ടി. 2017 ൽ കൊട്ടിയൂരിൽ, ഇപ്പോൾ ജലന്ധർ.  ഇങ്ങനെ വൈദികർ പ്രതികളായ പീഡനക്കേസുകൾ ധാരാളമാണ്. ഇരകളുടെ ബന്ധുക്കളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ പരിശോധിക്കുമ്പോൾ പൗരോഹിത്യം എത്രമാത്രം സാധുജനങ്ങളുടെ മസ്തിഷ്‌കങ്ങളെ കീഴ്‌മേൽ മറിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടും. 
വൈദികർക്കെതിരെ വരുന്ന ലൈംഗിക പീഡന കേസുകൾ സഭകളിൽ തന്നെ ഒതുക്കിത്തീർക്കുന്ന രീതിയാണ് പലപ്പോഴും സ്വീകരിക്കപ്പെടുന്നത്. 2016 സെപ്റ്റംബറിൽ കത്തോലിക്കാ സഭക്കെതിരെ അമേരിക്കയിലുണ്ടായ പ്രതിഷേധം ശക്തമായപ്പോൾ പോപ്പ് തന്നെ രംഗത്തുവന്നു. പൊലീസിന് കേസെടുത്ത് അന്വേഷിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൈദികന്മാരുടെ പീഡനകഥകൾ പുറത്തുവന്നപ്പോൾ 2017 ലെ പുതുവർഷ ദിനത്തിലും പോപ്പ് ശക്തമായ പ്രതികരണം ഉണ്ടായി. 
2017 ജനവരി 30നു പുറത്തിറങ്ങിയ ഔട്ട്‌ലുക്ക് മാഗസിനിൽ കാത്തലിക് ബിഷപ് കോൺഫ്രൻസ് ഓഫ് ഇന്ത്യയുടെ ജനറൽ സിക്രട്ടറി ബിഷപ്പ് തിയോഡോർ മസ്‌കാറെൻഹാസും സഭകളിലെ ഹീനമായ പ്രവൃത്തികൾക്കെതിരെ പരാമർശിക്കുകയുണ്ടായി. ഈ പ്രതികരണങ്ങൾ കൊണ്ടോ പോലീസ് കേസുകൾ കൊണ്ടോ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. 
പുരോഹിതന്മാർ പ്രതിസ്ഥാനത്തു വരുന്ന കേസുകൾ എന്തുകൊണ്ടാണ് അട്ടിമറിക്കപ്പെടുന്നത്. പൗരോഹിത്യം എന്ന പദവിക്ക് വിവിധ മതങ്ങളിലെ വിശ്വാസികൾക്കിടയിലുള്ള സ്വാധീനമാണ് പ്രധാനമായ കാരണം. പുരോഹിതൻ തെറ്റ് ചെയ്താൽ അത് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സഭക്ക് പേരുദോഷമുണ്ടാക്കുമെന്നും അത് ദൈവകോപത്തിനു കാരണമാവുമെന്നുമെല്ലാമുള്ള വികലമായ കാഴ്ചപ്പാടുകൾ വിശ്വാസി സമൂഹത്തിൽ വ്യാപകമാണ്. ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ല.  പൗരോഹിത്യം അതിനുമാത്രം വിശ്വാസികളുടെ കഴുത്തിൽ മുറുകെപ്പിടിച്ചിട്ടുണ്ടെന്നതാണ് യാഥാർഥ്യം.  
ആ ഊരാക്കുടുക്കിൽനിന്നും രക്ഷപ്പെടാൻ വിശ്വാസി സമൂഹത്തിനോ അവർ തന്നെ രൂപപ്പെടുത്തിയ സഭകൾക്കോ കമ്മറ്റികൾക്കോ സാധിക്കുന്നില്ല.   ദൈവത്തിനും മനുഷ്യർക്കുമിടയിൽ നടക്കുന്ന വ്യവഹാരങ്ങൾക്ക് പൗരോഹിത്യത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന ധാരണ മതവിഭാഗങ്ങളിൽ വളർത്തിയെടുത്തത് പുരോഹിതന്മാർ തന്നെയാണ്.  ദൈവം കൽപ്പിച്ച കാര്യങ്ങൾ മനുഷ്യർക്ക് പ്രവർത്തിക്കാൻ ഒരു പുരോഹിതന്റെ ഇടപെടൽ ആവശ്യമില്ലെന്ന തിരിച്ചറിവ് വിശ്വാസികൾ സമ്പാദിക്കുമ്പോൾ മാത്രം ഇതിനൊരു പരിഹാരം കാണാൻ സാധിക്കൂ.  
സ്രഷ്ടാവിനോട് സങ്കടം പറയാൻ 'ദൈവപ്രതിരൂപങ്ങൾ' വേണമെന്ന വിശ്വാസം ചിന്താശേഷിയില്ലാത്ത സമൂഹങ്ങളെ അത്യധികം സ്വാധീനിച്ചിട്ടുണ്ട്. അതേസമയം, പാവങ്ങലെ എന്നും ചൂഷണം ചെയ്യാൻ പുരോഹിത വേഷം കെട്ടിയവർ മെനക്കെടുകയും ചെയ്യുന്നു. 
കൊട്ടിയൂരിൽ ഒരു പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ വൈദികനെ സഹായിക്കാൻ ആശുപത്രി അധികൃതരും വിശുദ്ധിയുടെ മേലാപ്പണിഞ്ഞ കന്യാസ്ത്രീകളും തയ്യാറായി എന്നത് സൂചിപ്പിക്കുന്നത് പൗരോഹിത്യത്തിന്റെ പിന്നാമ്പുറ സ്വാധീനത്തെയാണ്.  ഇപ്പോൾ ഇര പോലും അയാൾക്ക് വേണ്ടി സാക്ഷിമൊഴി മാറ്റിപ്പറഞ്ഞുവെന്നാണ് ഈ അടുത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 

ബുദ്ധിയുറക്കാത്ത പ്രായത്തിൽ സെമിനാരികളിലും മഠങ്ങളിലും എത്തിച്ചേരുന്ന കൗമാരങ്ങളുടെ എണ്ണം വളരെ വലുതാണ്. മാതാപിതാക്കളുടെ നേർച്ചയും സാമ്പത്തിക പരാധീനതയും മൂലമാണ് സമൂഹത്തിൽ നിന്നും ഭിന്നമായി, പുരോഹിതന്റെ ളോഹയുടെ മറവിൽ മാത്രം ജീവിക്കാൻ ഇവർ വിധിക്കപ്പെടുന്നത്. വൈദികന്മാർക്കും കന്യാസ്ത്രീകൾക്കും സമൂഹത്തിൽ ലഭ്യമാവുന്ന ബഹുമാനവും സ്വാധീനവുമാണ് മിക്ക മാതാപിതാക്കളെയും ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ജീവിതത്തിലെ വിഷമങ്ങളോ കുടുംബ പ്രാരാബ്ധങ്ങളോ ഒന്നുമറിയാതെ സമുദായത്തിന്റെ ചെലവിൽ കൊഴുത്തുവളരുന്ന ഈ പൗരോഹിത്യത്തിന്റെ അതിക്രമങ്ങളെ സഭയുടെ വിശുദ്ധി കാക്കുന്നതിനുവേണ്ടി വളരെക്കാലം പലരും ന്യായീകരിച്ചുവരികയായിരുന്നു. കേരളത്തെ ഞെട്ടിച്ച അഭയ കേസിനു ഇന്നും ഒരു തുമ്പുണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നത് പൗരോഹിത്യത്തിന്റെ 'വിശുദ്ധി'യുടെ ആഴവും കനവും വ്യക്തമാക്കുന്നതാണ്.
ദൈവത്തിങ്കൽ ആരാധനകൾ സമർപ്പിക്കാനും പാപങ്ങൾ ഏറ്റുപറയാനും മതചടങ്ങുകൾ നിർവഹിക്കാനും ഒരു പുരോഹിതന്റെയും ആവശ്യമില്ലെന്നു വിശ്വാസികൾ തീരുമാനിച്ചാൽ അവസാനിക്കുന്ന പ്രശ്‌നം മാത്രമാണിത്. മതത്തിന്റെ യഥാർത്ഥ ലക്ഷ്യം തിരിച്ചറിഞ്ഞു അതിനെ പൗരോഹിത്യമുക്തമാക്കിയാൽ മങ്ങിപ്പോവുന്ന പ്രഭയെ പൂർണ്ണശോഭയാക്കി മാറ്റാൻ മതത്തിനു സാധിക്കും.