Friday , February   22, 2019
Friday , February   22, 2019

യുവകോമളന്റെ ആരോഗ്യ രഹസ്യം

ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ഷേക്‌സപിയർ ചോദിച്ചതുപോലെ 'ഒരു ബന്ദിൽ എന്തിരിക്കുന്നു' എന്ന് ചോദിക്കാൻ ആരും പുറപ്പെടരുത്. അതിനും മടിക്കാത്ത കാലമാണ്. ഹർത്താലാണോ ബന്ദാണോ നടത്തിയത് എന്ന കൺഫ്യൂഷൻ തീർക്കാൻ ഓടി നടക്കുകയാണ് നേതാക്കൾ. തുടക്കത്തിലേ കൂടെയുണ്ടായിരുന്നു ഈ കൺഫ്യൂഷൻ എന്ന ചങ്ങാതി. രാവിലെ 9 മുതൽ മൂന്നു മണി വരെ എന്നായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. ഇല്ലത്തുന്ന് പുറപ്പെടുകേം ചെയ്തു, അമ്മാത്തേക്ക് എത്തിയതുമില്ല എന്ന മട്ടിലായേനെ! എല്ലാ സംവിധാനങ്ങളുമായി ആപ്പീസിലേക്ക് കോളേജിലേക്കും പുറപ്പെടുന്നവർ. ജീവനക്കാർ 10.30 കഴിഞ്ഞേ എത്താറുള്ളൂ. അതായത് മാർഗമധ്യേ തടവിൽ. വിദ്യാർഥികൾക്ക് കല്ലെറിയാനുള്ള സുവർണകാലം. മൊത്തം അവലോകനം ചെയ്താൽ 'രാമേശ്വരത്തെ ക്ഷൗരം' പോലെ അവസാനിക്കുകയായിരുന്നു. ഭാഗ്യവശാൽ, രാഹുൽജിയുടെ ആപ്പീസിലെ കംപ്യൂട്ടർ ഏമാൻമാരെക്കാൾ വിവരമുള്ളവർ പ്രതിപക്ഷത്തുണ്ടായി. അതുകൊണ്ട് പതിവു പരിപാടിയായ ഒമ്പതു മുതൽ ആറുവരെ എന്ന പരിചിതവും സൗകര്യപ്രദവുമായ ഹർത്താൽ തന്നെ ആചരിച്ചു. ആഘോഷം തലേന്നു തന്നെ ചിക്കനും കുപ്പിയും വാങ്ങി കരുതിവെച്ചവർക്കായിരുന്നു. എങ്കിലും നേട്ടമില്ലാതില്ല, ബി.ജെ.പിക്ക് തൽക്കാലം, ച്ചാൽ, 2019 ലെ തെരഞ്ഞെടുപ്പിൽ, കാര്യമായ എതിരാളികളില്ല എന്നു പറഞ്ഞ് നാക്കു വായിലിട്ട് പൂട്ടിയതേയുള്ളൂ ഷാജി. സ്വന്തം കക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ഹർത്താൽ നടന്നു. ഇരുപതിലേറെ കക്ഷികളുടെ പിന്തുണയും! ഷാജിയും കൺഫ്യൂഷനിലായി. പോക്കറ്റുകളിൽ തപ്പിനോക്കി. വല്ല പാർട്ടികളും ചാടിപ്പോയോ? എന്തായാലും എണ്ണ വില മേലോട്ടും മോഡി ഭരണം താഴോട്ടുമെന്ന സത്യം കണ്ണുമൂടിക്കെട്ടിയാലും തെളിഞ്ഞുകൊണ്ടേയിരിക്കും.

*** *** ***
മനുഷ്യന്റെ ആരോഗ്യം പൊതുവേ രണ്ടു തരമാണെന്നാണ് നമ്മൾ ഇതുവരെ വിശ്വസിച്ചു പോന്നത്- ശാരീരികം, മാനസികം. 'കമ്യൂണിസ്റ്റ് ആരോഗ്യം' എന്ന ഒരിനം കൂടിയുണ്ടെന്ന് ഈയിടെ വെളിവായിരിക്കുന്നു. ഗവേഷണ രംഗങ്ങളിൽ അനേകം വിസ്‌ഫോടനങ്ങൾ നടക്കുന്ന കാലമാണ്. മേൽപറഞ്ഞ സ്‌പെഷ്യൽ ആരോഗ്യത്തിന്റെ ഉറവിടമേത്. അത് എങ്ങനെയൊക്കെ ആരോഗ്യമില്ലാത്ത നമ്മുടെ നാട്ടുകാർക്ക് ആർജിക്കാം എന്നതൊക്കെ ഇനിയും വെളിപ്പെടുത്തേണ്ട ചുമതല ഷൊർണൂരിലെ എം.എൽ.എ പി.കെ. ശശിയുടേതാണ്. ഇന്ത്യയിൽ തന്നെ ആരോഗ്യ പരിപാലനത്തിൽ മുൻ ബെഞ്ചിൽ കയറി ഇരിക്കാനുള്ള യോഗ്യതയുണ്ട് കേരളത്തിന്. എന്നിട്ടും കാറ്റടിക്കുമ്പോഴും മഴ ചാറുമ്പോഴും ഡെങ്കിപ്പനിയും എലിപ്പനിയുമൊക്കെ പുറത്തു ചാടിക്കേറി നൃത്തം വയ്ക്കുന്നു! ആ നിലക്ക് സഖാവ് പറഞ്ഞ കമ്യൂ: ആരോഗ്യം നേടേണ്ട വഴികളും ആലോചിക്കാം. അതോടെ നമ്മൾ ഇന്ത്യയിൽ ഒന്നാം സ്താനത്തെത്തിയാൽ അതിൽപരം അഭിമാനിക്കാൻ മറ്റെന്തുണ്ട്? കിട്ടിയ അറിവനുസരിച്ച്, മേൽപടി എം.ജി.ആർ. മോഡൽ തലമുടിയുമായി വിലസുന്ന ശശി സഖാവിന്റെ കയ്യിൽ അതിന്റെ ഫോർമുലയുണ്ട്. അമ്പത്തിഒമ്പതാം വയസ്സിലും യുവ കോമള കുട്ടപ്പ വിഗ്രഹമായി ഒരു സഖാവ് കഴിയുക എന്നതിനു പിന്നിൽ ഒരു രഹസ്യം ഉണ്ടാവും! ചാനലുകളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്ന ഓരോ ഷോട്ടിലും ഓരോ ബ്രാന്റ് കളർ ഷർട്ടാണ് മാറി മാറി ധരിച്ചു കാണുന്നത് എന്ന ഒറ്റകാര്യം മതി, തൊഴിലാളി വർഗത്തിന് ഒന്നടങ്കം ഒരുമിച്ചു രോമാഞ്ചമുണ്ടാകാൻ! അദ്ദേഹം പറഞ്ഞ ആരോഗ്യത്തിന്റെ ഫോർമുല ഇറക്കുമതിയാണെങ്കിൽ അത് റഷ്യക്കും ചൈനയ്ക്കും കൊറിയക്കുമെല്ലാം വിതരണം ചെയ്യേണ്ടതാണ്. ഇനി, ഒരു പക്ഷേ, നമ്മുടെ നാടൻ കരികുരങ്ങ് രസായനം' പോലെ വല്ലതുമാകുമോ? സഖാവ് നന്നേ ചെറുപ്പത്തിലേ അതു കഴിച്ചു ശീലിച്ചതാണോ സ്വഭാവത്തിൽ ഈ 'വികൃതി' കടന്നുകൂടാൻ കാരണം? അങ്ങനെയെങ്കിൽ പാർട്ടിയിലെ കണ്ണൂർ രോമാഞ്ചം പി. ശശിയും , ഇരിങ്ങാലക്കുട ഡിഫി നേതാവുമെല്ലാം ഈ ആരോഗ്യ പരിപാലന രസായനം കഴിച്ചു പോന്നിരിക്കണം! ഏതായാലും 'കാമകൽപമോ, വാജീകരണ സുധ'യോ ഒന്നും ആകാതിരിക്കട്ടെ! 'കരിങ്കുരങ്ങു രസായനം' മൃഗസ്‌നേഹികൾ ആരോ ഇടപെട്ട് നിരോധിച്ചതിനാൽ എല്ലാവർക്കും കഴിക്കാൻ കിട്ടാതെ പോയി.
പി.കെ. ശശി സഖാവിന്റെ കേശ ഭാരവും വർണാഭമായ മേൽ വസ്ത്രവും കണ്ട് ഒരു ന്യൂ ജെൻ ഇങ്ങനെ കമന്റിട്ടു:- നാൽപതു കൊല്ലം മുമ്പേ സഖാവ് തമിഴ് സിനിമയിലേക്ക് കടന്നു കൂടിയിരുന്നെങ്കിൽ! എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാനും അവസരം ഒത്തേനെ! എന്തു ചെയ്യാം, പാവപ്പെട്ട ഡിഫി വനിതാ സഖാക്കൾക്ക് വരാനുള്ളതു വഴിയിൽ തങ്ങുകയില്ലല്ലോ! അന്വേഷണ കമ്മീഷൻ ബാലനും ശ്രീമതിയുമായതും നന്നായി. അവരെ ഇത്തരം കാര്യങ്ങൾ ആരും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമേയില്ല!

*** *** ***
പ്രായമേറുന്തോറും ആധ്യാത്മിക തത്വചിന്തകൾ മനസ്സിൽ കയറി അള്ളിപ്പിടിക്കു സാധാരണം. പ്രളയക്കെടുതിയിൽ നീറികഴിയുന്ന കേരളം പൂർണമായും മുക്തമാകാൻ ഇനിയും മാസങ്ങളെടുക്കും. അതിനിടയിൽ, വൈദ്യുതി മന്ത്രി മറ്റൊരു 'ഷോക്കിംഗ് കമന്റടിച്ചു-' നൂറ്റാണ്ടിലൊരിക്കൽ പ്രളയമുണ്ടാകും. കുറേപ്പേർ രമിക്കും. കുറേപ്പേർ രക്ഷപ്പെടും. ജീവിത യാത്ര അങ്ങനെ തുടർന്നുകൊണ്ടേയിരിക്കും'. മണി ഒരു കവിയാകേണ്ട മനുഷ്യനാണ്. എന്തു ചെയ്യാം! നാടിന്റെ വിധി ഇങ്ങനെയായിപ്പോയി. അദ്ദേഹം പറയുന്നതിലെല്ലാം ഒരുതരം താളാത്മകയുണ്ട്. അഞ്ചുകൊല്ലം മുമ്പൊരു താളാത്മാക പ്രയോഗം പുറത്തുവന്നത് ആരും മറക്കുകയില്ല- 'ഒരുത്തനെ കുത്തിക്കൊന്നു. ഒരുത്തനെ അടിച്ചുകൊന്നു, ഇനിയൊരുത്തനെ വെടിവെച്ചുകൊന്നു'- വാക്കുകൾക്ക് അനർഗളമായ ഒഴുക്കാണ്. ഇടുക്കിയിൽ കൂടുതൽ മഴ പെയ്യട്ടെ, കൂടുതൽ വൈദ്യുതി കിട്ടുമല്ലോ എന്ന് ശുദ്ധാത്മാവായ ആ സഖാവിനെ ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. അതിന്റെ ഫലം രണ്ടു ജില്ലകൾ അനുഭവിച്ചു. എന്നാലെന്ത്? ആ നാവിൽനിന്നും വാക്കുകൾ താളം തെറ്റാതെ ഇനിയും പ്രവഹിച്ചുകൊണ്ടേയിരിക്കും! തടയിടാൻ ഒരു ഡാമിനും കഴിയുകയില്ല.

*** *** ***
താത്വികമായി ഒരു വിധം പച്ച പിടിച്ചു വരുമ്പോഴാണ് ആരെങ്കിലും 'പ്രായോഗിക'വും കൊണ്ടു പുറപ്പെടുന്നത്! കെ.പി.സി.സി പ്രസിഡന്റ് - ഇൻ- ചാർജ് വൈസ് പ്രസിഡന്റും തികഞ്ഞ താത്വികന്മാരാണ്. മറ്റു നേതാക്കളുടെ ചരമ ശേഷം ഇവർക്ക് 'താത്വികാചാര്യ' പദവിയും ഉറപ്പാണ്. മദ്യനിരോധന കാര്യം അഥവാ ഷാപ്പടയ്ക്കൽ പ്രശ്‌നം. അന്ന് ഹസൻജി തലസ്ഥാനത്ത് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ടാർപോളിൻ കൊണ്ടുകൂടി ഉപവസിച്ചുകളഞ്ഞു. വി.ഡി സതീശൻ വിടുമോ? ഒപ്പം  ഉപവാസം. ഹർത്താൽ ആരൊക്കെയോ നടത്തിയിരുന്ന കാലമായിരുന്നു. ഹസൻജി അതിനെതിരെയും ഇരുന്നു. ഉപവസിച്ചോ എന്നറിയില്ല. കോൺഗ്രസുകാർ ധർണയിരുന്നാൽ വിശക്കുമ്പോൾ എണീറ്റു പൊയ്‌കൊള്ളും' എന്നൊരു വി.എസ് പ്രയോഗം തന്നെയുണ്ട്. ഇക്കുറി 10-ാം തീയതിയിലെ ഹർത്താൽ മാറ്റി വയ്പിക്കുന്നതിന് ഇരുവരും കഠിന പ്രയത്‌നം നടത്തിപോൽ! മിണ്ടാപ്രാണികൾക്കിടയിൽ നിന്നും കോൺഗ്രസായ മൻമോഹൻജിയെ രഹസ്യമായി കണ്ടുവെന്നു പോലും അപവാദം കേൾക്കുന്നുണ്ട്! ഏതായാലും പാർട്ടി സംസ്ഥാന പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും കസേരക്കളിൽ വേറെ ആരെങ്കിലും കയറി ഇരുന്നാലോ എന്ന 'പ്രായോഗിക' ബുദ്ധി തോന്നിയിട്ടാണ് ഇരുവരും സ്വന്തം 'താത്വികം' എടുത്ത് ഇന്ദിരാ ഭവന് പിന്നിലെ ഓടിയിലേക്കെറിഞ്ഞത്. പുനഃസംഘടനകാര്യം 'കോഴിക്കു മുല വരുന്ന' കാലത്തേതായതിനാൽ ടെൻഷനടിക്കേണ്ട കാര്യവുമില്ല. എല്ലാം മംഗളമായി എന്നു പറഞ്ഞാൽ രണ്ട് ഭാവി ആചാര്യന്മാരും വായടച്ചു ഹർത്താലിൽ സഹകരിച്ചു എന്നർഥം. ഭാവിയിൽ, ഏതു മുന്നണി ഭരിച്ചാലും ഇന്ധനവിലക്കയറ്റത്തിന് ഹർത്താലല്ല കാളവണ്ടിയാണ് പ്രതിവിധി എന്ന് രാഹുൽജിയും രമേശ്ജിയും 'പ്രായോഗിക ബുദ്ധി' കാണിച്ചതിനെ സൂചനയായി കാണണം.