Tuesday , April   23, 2019
Tuesday , April   23, 2019

താരപ്രഭയില്‍ ദുബായ് ഒരുങ്ങുന്നു ദക്ഷിണേന്ത്യന്‍ സിനിമ മേളക്കായി

 

ദുബായ്- ദക്ഷിണേന്ത്യന്‍ ഫിലിം അവാര്‍ഡ് ദാന ചടങ്ങ് യു.എ.ഇയിലേക്ക് മടങ്ങിയെത്തുന്നു. ഈ മാസം 14, 15 തീയതികളില്‍ രണ്ടു രാത്രികളിലായി നടക്കുന്ന ചടങ്ങ് മലയാളം, കന്നട, തമിഴ്, തെലുഗു സിനിമകളുടെ ആഘോഷമാകും.
താരസമ്പന്നമായ, വര്‍ണാഭമായ ചടങ്ങാകും സിനിമാ അവാര്‍ഡ് ചടങ്ങ്. ദുബായിലെ ബോളിവുഡ് പാര്‍ക്‌സ് ആണ് വേദി. 850 സീറ്റുള്ള രാജ്്മഹല്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ചിരഞ്ജീവി, റാണ ദഗ്ഗുബതി, മാധവന്‍, അദിഥി റാവു ഹൈദരി, പുനീത് രാജ്്കുമാര്‍, നിവിന്‍പോളി തുടങ്ങിയ താരങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷ. വിനോദ മേഖലയിലെ വമ്പന്‍ സ്ഥാപനങ്ങള്‍ ഒരുക്കുന്ന ലൈവ് പരിപാടികളും മേളക്ക് കൊഴുപ്പേകും.

മുന്‍ വര്‍ഷങ്ങളിലും ദുബായില്‍ ഫിലിം അവാര്‍ഡ് ദാന ചടങ്ങ് നടന്നിട്ടുണ്ട്. ആഘോഷപൂര്‍വമാണ് ദുബായിലെ പ്രവാസികള്‍ ചടങ്ങിനെ വരവേറ്റത്. പൂജ ഹെഗ്‌ഡെ, ഹാന്‍സിക, ശ്രിയ ശരണ്‍, ഉഷ ഉതുപ്പ് തുടങ്ങിയ കലാകാരികളാണ് അന്ന് ലൈവ് പരിപാടികള്‍ ഒരുക്കിയത്.
യു.എ.ഇയില്‍ നടക്കുന്ന അഞ്ചാമത്തെ അവാര്‍ഡ് മേളയാകുമിത്. ദുബായില്‍ നാലാമത്തേതും. കഴിഞ്ഞ വര്‍ഷം അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലായിരുന്നു. 

രാജ്യാന്തര മാര്‍ക്കറ്റില്‍ ബോളിവുഡ് സിനിമകളുടെ ആധിപത്യത്തിന് തടയിട്ട് പ്രാദേശിക സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് 2012 ല്‍ ദക്ഷിണേന്ത്യന്‍ സിനിമ അവാര്‍ഡ് മേള ആരംഭിച്ചത്. ഉത്തരേന്ത്യയില്‍ പ്രാദേശിക സിനിമകള്‍ക്ക് ലഭിക്കുന്ന അംഗീകാരവും ഈ വഴിയില്‍ ചിന്തിക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചു. ബാഹുബലി പോലെയുള്ള വന്‍ ഹിറ്റുകള്‍ ഇതിന് ഉണര്‍വേകി.
ഇന്ത്യന്‍ സിനിമയിലെ ബ്ലോക്ബസ്റ്ററുകള്‍ക്ക് വേദിയായ രാജ്്മഹല്‍ തിയറ്ററില്‍ മേള സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എസ്.ഐ.ഐ.എം.എ ചെയര്‍പേഴ്‌സന്‍ ബ്രിന്ദ പ്രസാദ് പറഞ്ഞു.


 

Tags

Latest News